തിരുവല്ല: കാലപഴക്കമേറിയ പെരിങ്ങര ഗണപതിപുരം പാലം അപകടഭീഷണിയില്‍. പെരിങ്ങര നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്
. സംരക്ഷണഭിത്തിയും കൈവരികളും തകര്‍ച്ചയിലായ പാലത്തിലൂടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും കടന്നുപോകുന്നത്. പെരിങ്ങര പഞ്ചായത്തിലെ 14)വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന പാലത്തിന് ഒന്നരപതിറ്റാണ്ടിലേറെ പഴക്കമുണ്ട്.
ആറടി മാത്രം വീതിയുള്ള പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ശക്തമായ കുലുക്കവും അനുഭവപ്പെടുന്നു. തകര്‍ച്ചയിലായ സംരക്ഷണ ഭിത്തിക്ക് സമീപം കുളിക്കടവും നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ കുളിക്കാനെത്തുന്നവര്‍ക്കും പാലത്തിന്റെ തകര്‍ച്ച ഭീഷണിയായിരിക്കുകയാണ്. പാലത്തില്‍ നിര്‍മ്മിച്ച കൈവരികളും പലഭാഗത്തും പൊളിഞ്ഞു കിടക്കുകയാണ്. ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുന്നതാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. മുമ്പ് ഇവിടെ തടിപ്പാലമായിരുന്നു. പ്രദേശവാസികളുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് ഇ.ബാലാനന്ദന് എം.പിയുടെ ഫണ്ട് ചെലവഴിച്ചാണ് പിന്നീട് പാലം നിര്‍മ്മിച്ചത്.
കോച്ചാരിമുക്കം ഇ.എ.എല്‍.പി സ്കൂള്‍, പെരിങ്ങര ഗുരുദേവക്ഷേത്രം, അംഗന്‍വാടി, ചാത്തങ്കരി എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ നാട്ടുകാര്‍ സഹായകമാണ് ഈപാലം. എന്നാല്‍ അപകടാവസ്ഥയിലായ പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങള്‍ ഇപ്പോഴും കടന്നുപോകുകയാണ്.
ഇത് നിയന്ത്രിക്കാനോ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനോ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല. പാലത്തിന്റെ തകര്‍ച്ച പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് നാട്ടുകാരും പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രോഗ്രസ്സിവ് പൗരസമിതിയും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: