തിരുവല്ല:പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ യാത്രസൗകര്യത്തിന് സഹാ യകമായ മിത്രമഠം പാല ത്തിന്റെ നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുന്നു.കോടികള്‍ ചിലവഴിച്ചിട്ടും പാലത്തിന്റെ നിര്‍മ്മാണം മന്ദഗതിയിലായതോടെ പാലം എന്ന് പൂര്‍ത്തിയാകും എന്നതാണ് നാട്ടുകാരുടെ ചോദ്യം.പാലംയാഥാര്ത്ഥ്യമാ
മായാല്‍ പ്രദേശത്ത് നിന്നും തിരുവല്ലയിലേക്ക് പത്ത് കി ലോ മീറ്റര്‍ ലാഭിക്കാം
നിലവിലെ രീതിയില്‍ പണി തുടര്‍ന്നാല്‍ പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടി വരും. 2016ല്‍ ഭരണ മാറ്റം വന്നതോടെ അഡ്വ. കെ.കെ. രാമചന്ദ്രന്‍നായര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പാലം പണിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേര്‍ന്നു. നിലവിലുള്ള കരാറുകാരനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ വിളിക്കുന്നതുള്പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവെങ്കിലും പുതിയ ടെന്‍ഡര്‍ നടപടികളില്‍ കാലതാമസം ഉണ്ടകുമെന്നതിനാല്‍ നിലവിലുള്ള കരാറുകാരന് ഒരവസരം കൂടി നല്കി.
സാമ്പത്തിക പരാധീനതകള്‍ മൂലമാണ് പാലം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായതെന്നും ആറു മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാമെന്നും അന്ന് കരാറുകാരന് റോജര്‍ യോഗത്തില്‍ ഉറപ്പു നല്‍കിയുരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പാലത്തിന്റെ പണി ഇഴഞ്ഞു നീങ്ങുകയാണ്. പാലം വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ എംഎല്‍എയും പ്രത്യേക തല്പര്യം എടുക്കുന്നില്ല.
പാണ്ടനാട് ഗ്രാമ പഞ്ചായത്തിലെ പാണ്ടനാട്, പ്രയാര്‍ എന്നീകരകളെ ബന്ധിപ്പിച്ചുകൊണ്ട് പമ്പയാറിനു കുറുകെ 2005ല്‍ മെയ് മാസത്തിലാണ് പാലം പണി തുടങ്ങിയത്. എട്ടുകോടിരൂപ ചിലവഴിച്ച് രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനായിരുന്നു ആദ്യ പദ്ധതി. നിര്‍മ്മാണം തുടങ്ങി ജലനിരപ്പിന് മുകളില്‍ പില്ലറുകള്‍ ഉയര്‍ന്നതോടെ പണിയും മുടങ്ങി. പിന്നീട് പണിതുടങ്ങാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ്. 2014 ഡിസംബറില്‍ പാലം പുനര്‍ നിര്‍മ്മിക്കുവാന്‍ വീണ്ടും ഉദ്ഘാടനം നടത്തി. എട്ട് മാസത്തിനുള്ളില്‍ പണി പൂത്തിയാക്കുമെന്ന് അന്നത്തെ എംഎല്‍എ പി.സി. വിഷ്ണുനാഥിന്റെ സാന്നിദ്ധ്യത്തില്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രഖ്യാപിച്ചു മടങ്ങി. വീണ്ടും പണിതുടങ്ങാന്‍ ദിവസങ്ങള്‍ വൈകിയതോടെ നാട്ടുകാര്‍ സമരവുമായി രംഗത്തെത്തി. ഇതേ തുടര്‍ന്ന് പണികള്‍ ആരംഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പണികള്‍ മന്ദഗതിയിലാക്കി. ഇതോടെ പാലം പണി ഇരുകരയെത്താതെ നിലച്ചു. പാണ്ടനാട് പഞ്ചായത്തിന്റെ നാലു വാര്‍ഡുകളും വടക്കേ കരയായ പ്രയാറിലാണ്. ആശുപത്രി, സ്കൂള്‍ തുടങ്ങിയുള്ള എല്ലാ പൊതുസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത് തെക്കേ കരയിലും. പ്രയാറില്‍ നിന്ന് റോഡിലൂടെ ഇവിടേയ്ക്ക് എത്താന്‍ എട്ടു കിലോമീറ്ററോളം കൂടുതല്‍ സഞ്ചരിക്കണം.
ഇപ്പോള്‍ ഇവര്‍ ആശ്രയിക്കുന്നത് കടത്തുവള്ളത്തെയാണ്. വെള്ളപ്പൊക്ക കാലത്ത് വള്ളത്തിലൂടെയുള്ള യാത്ര ഏറെ ദുഷ്ക്കരമാണ്. ഈ കാരണങ്ങളാണ് പാണ്ടനാട്ടില്‍ മിത്രമഠത്തില്‍ നിന്നും പുതിയ പാലം എന്ന ആശയം ഉണ്ടായത്. എന്നാല്‍ 12വര്‍ഷം കഴിഞ്ഞിട്ടും മിത്രമഠം പാലം പാണ്ടനാടിന്റെ ഇരുകരകളിലും തൊട്ടില്ല. വികസനത്തിന്റെ പേരുപറഞ്ഞ് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും അതുകഴിയുമ്പോള്‍ അവസാനിപ്പിക്കുകയും ചെയ്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് പാലംപണിയുടെ പേരില്‍ കാലങ്ങളായി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: