പന്തളം: പന്തളത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ടാറിളകി പൂര്‍ണ്ണമായും തകര്‍ന്നത് യാത്രക്കാരെയും സമീപവാസികളെയും സമീപത്തെ കച്ചവടക്കാരെയും ഒരുപോലെ വലയ്ക്കുന്നു.
ഏറിയ ഭാഗത്തെയും ടാറിംഗും മെറ്റിലും പൂര്‍ണ്ണമായും ഇളകി സ്റ്റാന്‍ഡിലാകെ മണ്ണു നിറഞ്ഞിരിക്കുകയാണ്. വേനലായതിനാല്‍ ഒരു ചെറിയ കാറ്റടിക്കുമ്പോള്ത്തന്നെ പരിസരമാകെ പൊടികൊണ്ടു നിറയും. ടാറിംഗ് ഇളകി കിടക്കുന്നതിനാല്‍ ബസ്സുകള്‍ക്ക് മണ്ണില്‍ക്കൂടി ഓടുകയേ മാര്‍ഗ്ഗമുള്ളു. അതോടെ കണ്ണുകാണാന്‍ പറ്റാത്ത തരത്തിലാണ് അന്തരീക്ഷമാകെ പൊടികൊണ്ടു നിറയുക. പന്തളത്തുകൂടി എംസി റോഡ് കടന്നുപോകുന്നതിനാല്‍ ദിവസേന ഇടതടവില്ലാതെ നൂറുകണക്കിനു വാഹനങ്ങളാണ് ഇവിടെയെത്തുന്നത്. ഇതുകാരണം ഇവിടെ എല്ലായ്പ്പോഴും പൊടിയുടെ ശല്യം രൂക്ഷമാണ്. അടുപ്പിച്ചു ബസ്സുകള്‍ സ്റ്റാന്‍ഡിലെത്തുമ്പോഴാണ് അപകടസാദ്ധ്യത ഏറുന്നത്. പൊടികൊണ്ടു മറയുന്നതു കാരണം ഒരു ബസ്സിനു പിന്നാലെയെത്തുന്ന ബസ് കാണാന്‍ പറ്റാത്തത് അപകടസാദ്ധ്യതയുണ്ടാക്കുന്നു.
ഇടവേളയില്ലാതെ ഉയരുന്ന പൊടി സമീപത്തുള്ള വീടുകളിലേക്കും കടകളിലേക്കുമാണ് ചെന്നെത്തുന്നത്. അത് അവര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എത്ര മൂടിവെച്ചാലും പൊടിപറന്ന് ഭക്ഷണസാധനങ്ങളിലൊക്കെ വീഴുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുപോലെതന്നെ തുടര്‍ച്ചയായി പൊടി ശ്വസിക്കുന്നത് മാരകമായ ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത് പ്രായമേറെച്ചെന്നവരേയും കുട്ടികളേയുമാണ് കൂടുതല്‍ ബാധിക്കുന്നത്.
കെഎസ്ആര്‍ടിസിയും സര്‍ക്കാരും പന്തളം സ്റ്റാന്‍ഡിനെ പൂര്‍ണ്ണമായും തഴഞ്ഞ മട്ടാണ്. മുന്‍കാലങ്ങളില്‍ മണ്ഡല തീര്‍ത്ഥാടനകാലം തുടങ്ങുന്നതിനു മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടേയ്ക്ക് ബന്ധപ്പെട്ടവര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. മറ്റുള്ള പല ഡിപ്പോകളിലും കോടിക്കണക്കിനു രൂപ മുടക്കി വമ്പന്‍ വ്യാപാരസമുച്ചയങ്ങള്‍ പണിയുമ്പോഴാണ്, ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്തെത്തുന്ന പതിനായിരക്കണക്കിനു തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ഈ ബസ് സ്റ്റേഷനെ വികസിപ്പിക്കാനോ, അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികള്‍ നടത്താനോ ശ്രമിക്കാതെ അവഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: