തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്. വിദ്യാര്‍ത്ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തത് ശരിയായില്ല. വിദ്യാര്‍ത്ഥികളുടെ സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും വിഎസ് പറഞ്ഞു.
ലോ അക്കാദമിയിലെ സമരം കോളേജിനകത്തുള്ളതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണമെന്നത് വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യമാണ്. അതില്‍ പാര്‍ട്ടി ഇടപെടണമെന്നില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വിഎസിന്റെ പ്രതികരണം.
ലോ അക്കാദമി നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരികെ നല്‍കണം. വിഷയം പാര്‍ട്ടി ഏറ്റെടുക്കാത്തത് പാര്ട്ടിനേതൃത്വത്തോടോ കേന്ദ്ര നേതാക്കളോടോ ചോദിക്കണമെന്നും വിഎസ് പറഞ്ഞു. മന്ത്രിസഭാ തീരൂമാനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
വിഎസിന്റെ അഭിപ്രായത്തിന് പിന്തുണയേകി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റും രംഗത്ത് എത്തി. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യമാണെന്നും മാനേജ്മെന്റിന്റെ പിടിവാശി ഉപേക്ഷിക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: