തിരുവനന്തപുരം: ഇന്റേണല്‍ മാര്‍ക്ക് കുറച്ചതിനെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ കോളേജ് കാമ്പസിലിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ലക്ഷ്മി അക്കാദമി പ്രസിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ സ്വാധീനം കൊണ്ട് ഒതുക്കി തീര്‍ത്തു. ലക്ഷ്മി നായര്‍ ഒന്നാംപ്രതിയായി നരഹത്യാശ്രമത്തിന് പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ലക്ഷ്മി നായര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് പാട്ടുംപാടി ഊരിപ്പോന്നത്.
2005 ജൂലൈ 20 ന് രാത്രി 8 മണിക്ക് ലോ അക്കാദമി ക്യാന്റീന് മുന്നില്‍വച്ച് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ പന്തളം നൂറനാട് സ്വദേശി അനീഷിനും തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി പ്രദീപിനും വെട്ടേല്‍ക്കുകയായിരുന്നു. മാരകായുധങ്ങളുമായി കോളേജില്‍ കടന്നുകയറിയ തലസ്ഥാനത്തെ പ്രമുഖ ഗുണ്ടയും പിന്നീട് കോളേജില്‍ കോളിളക്കം സൃഷ്ടിച്ച ഒരു വ്യവസായ പ്രമുഖന്റെ കൊലപാതക കേസില്‍ കുടുങ്ങുകയും ചെയ്ത ക്രിമിനലിന്റെ അനുയായികളായിരുന്നു ലക്ഷ്മി നായര്‍ക്കുവേണ്ടി കൃത്യം നിര്‍വ്വഹിച്ചത്. ഇന്റേണല്‍മാര്‍ക്ക് കുറച്ച ലക്ഷ്മിനായരുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തുവരികയും വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് അനീഷ് ചെയ്ത കുറ്റം. നിന്നെ വെച്ചുപൊറുപ്പിക്കില്ല, അനുഭവിക്കും എന്ന് മാഡം പറഞ്ഞപ്പോള്‍ അനീഷ് അന്നൊരിക്കലും ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചില്ല.
ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഏറെനാള്‍ അനീഷും സുഹൃത്തും കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലക്ഷ്മി നായര്‍ക്കും സംഘത്തിനുമെതിരെ പേരൂര്‍ക്ക പോലീസ് നരഹത്യാശ്രമം, ആയുധനിരോധന നിയമം, ക്രിമിനല്‍ ഗൂഡാലോചന, മാരകായുധങ്ങളുപയോഗിച്ച് മുറിവേല്‍പ്പിക്കാല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസറ്റര്‍ ചെയ്ത് ജാമ്യമില്ലാവകുപ്പുകളാണ് ചുമത്തിയത്. അറസ്റ്റ് ഒഴിവാക്കാന്‍ ലക്ഷ്മി നായര്‍ ആശുപത്രിയില്‍ അഭയം തേടുകയും ചെയ്തു.
പരിക്കേറ്റ അനീഷും പ്രദീപും അവിടെ പഠിച്ചിറങ്ങിയശേഷവും കേസിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും പോലീസിന്റെ നിലപാട് തണുപ്പനായിരുന്നു. ഒരു കേസ് റദ്ദാക്കണമെങ്കില്‍ ഇരയുടെ സത്യവാങ്മൂലം വേണം. അനീഷോ പ്രദീപോ ഇതുവരെ അത്തരമൊരു സത്യവാങ്ങ്മൂലം നല്‍കിയിട്ടുമില്ല. പക്ഷേ മാഡം ഇപ്പോഴും കൂളായി നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: