കണ്ണൂര്‍: അര്‍ബുദരോഗ പ്രതിരോധത്തിനും ബോധവല്‍ക്കരണത്തിനുമായി ജില്ലയില്‍ സമഗ്ര പദ്ധതി നടപ്പിലാക്കുന്നു. പ്രരംഭദശയില്‍ അര്‍ബുദം കണ്ടുപിടിക്കാന്‍ കഴിയുന്ന പരിശോധന ക്ലിനിക്കുകള്‍ എല്ലാ പഞ്ചായത്തിലും സ്ഥാപിക്കുകയും ചികിത്സാ സൗകര്യം വിപുലമാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആരോഗ്യ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലായിരിക്കും പദ്ധതി. മലബാര്‍ കാന്‍സര്‍ സെന്റര്‍ പദ്ധതിക്ക് മേല്‍നോട്ടവും സാങ്കേതിക പിന്തുണയും നല്‍കും.
പൈലറ്റ് പ്രൊജക്ടായി കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതി തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇതുസംബന്ധിച്ച ആലോചനാ യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. അര്‍ബുദത്തെക്കുറിച്ച് നിലനില്‍ക്കുന്ന അമിത ഭയം ഇല്ലാതാക്കുകയും ചികിത്സാ സൗകര്യം വിപുലമാക്കുകയുമാണ് സര്‍കാര്‍ ഉദ്ദേശിക്കുന്നത്. രോഗത്തെ പ്രതിരോധിക്കാനും നേരിടാനും ജനങ്ങള്‍ക്ക് സര്‍കാര്‍ പിന്തുണ നല്‍കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തുകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അടിസ്ഥാനത്തില്‍ അര്‍ബുദ നിര്‍ണയ ക്ലിനിക്കുകള്‍ ( ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക്ക്്-ഇസിഡിസി) സ്ഥാപിക്കുകയാണ് ഇതില്‍ പ്രധാനം. രോഗ നിര്‍ണയപരിശോധന, ബോധവല്‍ക്കരണം, അര്‍ബുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരിക്കും ഇവിടെ നടത്തുക. ഇതോടൊപ്പം കമ്മ്യൂണിറ്റി കാന്‍സര്‍ രജിസ്ട്രി ഉണ്ടാക്കുകയും ചെയ്യും. ഓരോ പ്രദേശത്തെയും സവിശേഷ രോഗ സാഹചര്യം വര്‍ഷം തോറും അപഗ്രഥിച്ച് മനസ്സിലാക്കാന്‍ രജിസ്ട്രി സഹായകമാകുമെന്ന് പദ്ധതി വിശദീകരിച്ച എംസിസി ഡയറക്ടര്‍ ഡോ. സതീശന് ബാലസുബ്രഹ്മണ്യം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കണ്ണൂര്‍ ജില്ലയില്‍ നിന്ന് മലബാര്‍ കാന്‍സര്‍ സെന്ററില്‍ 9369 രോഗികളാണ് എത്തിയത്. ഭക്ഷണവുമായി ബന്ധപ്പെട്ട അന്നനാള, ആമാശയ അര്‍ബുദമാണ് വടക്കന്‍ മേഖലയില്‍ കൂടുതലായി കാണുന്നത്. സ്ത്രീകളില്‍ അണ്ഡാശയ, ഗര്‍ഭാശയ അര്‍ബുദം കൂടുതലായി കണ്ടുവരുന്നതായി കണക്കുകള്‍ കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും ജനങ്ങളുടെയും വിപുലമായ യോഗങ്ങള്‍ ചേരും. ഇതിന്റെ ഭാഗമായുള്ള ശില്‍പ്പശാല താമസിയാതെ ചേര്‍ന്ന് വിശദാംശം തയ്യാറാക്കാനും യോഗത്തില്‍ ധാരണയായി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എഡിഎം മുഹമ്മദ് യൂസഫ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍ മാസ്റ്റര്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ.എ.ടി.മനോജ്, ഡോ.കെ.ടി.രേഖ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: