ഇരിക്കൂര്‍: ഇരിക്കൂര്‍- ബ്ലാത്തൂര്‍ റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച ജനകീയ വികസന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ആയിപ്പുഴയിലെ പിഡബ്ല്യൂഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും ധര്‍ണ്ണയിലും പ്രതിഷേധമിരമ്പി. ഇരിക്കൂര്‍ ടൗണില്‍ നിന്ന് ആരംഭിച്ച് കല്ല്യാട് ബ്ലാത്തൂര്‍ വഴി കടന്നുപോകുന്ന റോഡ് കാല്‍നടയാത്രക്ക് പോലും ദുസ്സഹമായിട്ടും അധികൃതര്‍ റോഡിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. എംഎല്‍എയുടെ വികസന ഫണ്ടുപയോഗിച്ച് റോഡ് മെക്കാഡം ടാറംഗ് ചെയ്യാന്‍ നടപടികള്‍ ആയെങ്കിലും പിന്നീട് ഇത് മുടങ്ങുകയായിരുന്നു. പതിനഞ്ചോളം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന ഈ പാതയിലൂടെ ചെറുതും വലുതുമായ മറ്റ് നിരവധി വാഹനങ്ങളും സര്‍വ്വീസ് നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും റോഡ് അറ്റകുറ്റപ്പണിക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്നലെ പിഡബ്ല്യൂഡി ഓഫീസ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന്റെ ഭാഗമായി ബ്ലാത്തൂര്‍ മുതല്‍ ഇരിക്കൂര്‍-കല്ല്യാട് റോഡ് ജംഗ്ഷന് വരെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുകയും ചെയ്തു. കല്ല്യാട് മേഖലയിലെ ചെങ്കല്‍ ഖനനവും വാഹന ഗതാഗതവും നിര്‍ത്തിവെച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മാര്‍ച്ചിന് നേതൃത്വം നല്കി. മാര്‍ച്ചില്‍ നൂറകണക്കിനാളുകള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: