ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഓസീസ് ബാറ്റ്സ്മാന് ഡേവിഡ് വാര്‍ണര്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സിനെയും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെയും പിന്തള്ളിയാണ് വാര്‍ണര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. റാങ്കിങ്ങില്‍ കോഹ്ലി മൂന്നാമതും ഡിവില്ലിയേഴ്സ് രണ്ടാമതും. ആദ്യ പത്തില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ ബാറ്റ്സ്മാനും കോഹ്ലി മാത്രം. മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്ക് നാലാമതും ന്യൂസിലന്‍ഡ് താരം വില്യംസണ് അഞ്ചാം സ്ഥാനവും നിലനിര്‍ത്തി.
സമീപകാലത്ത് ബാറ്റിങ്ങില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് വാര്‍ണറെ തുണച്ചത്. 28 ഏകദിനങ്ങള്‍ കളിച്ച വാര്‍ണര്‍ 65 റണ്‍സ് ശരാശരിയിലും 106 റണ്‍സ് സ്ട്രൈക്ക് റേറ്റിലും 1755 റണ്‍സ് അടിച്ചുകൂട്ടി. ഇതില്‍ ഒന്‍പതു സെഞ്ചുറിയും നാല് അര്‍ദ്ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം അഡ്ലെയ്ഡില് പാക്കിസ്ഥാനെതിരേ 128 പന്തില്‍നിന്ന് 179 റണ്‍സ് അടിച്ചുകൂട്ടിയ വാര്‍ണര്‍ കരിയറിലെ മികച്ച സ്കോര്‍ സ്വന്തമാക്കിയിരുന്നു.
അതേസമയം, പാക്കിസ്ഥാന് ബാറ്റ്സ്മാന് ബാബര്‍ അസം റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. ഏകദിനത്തില്‍ അതിവേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ബാറ്റ്സ്മാന് എന്ന വിവ് റിച്ചാര്‍ഡ്സിന്റെ റിക്കാര്‍ഡിനൊപ്പമെത്താന്‍ അസത്തിനായിരുന്നു. മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണി ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലെ സെഞ്ചുറി നേട്ടത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിമൂന്നാം സ്ഥാനത്തെത്തി. രോഹിത് ശര്‍മയാണ് പന്ത്രണ്ടാം സ്ഥാനത്ത്.
ബൗളര്‍മാരുടെ പട്ടികയില്‍ ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബൗള്‍ട്ടും ഓസീസിന്റെ മിച്ചല്‍ സ്റ്റാര്ക്കുംദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിറും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആദ്യ പത്തില്‍ ഒരൊറ്റ ഇന്ത്യന്‍ ബൗളര്‍മാരുമില്ല. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി പത്താം സ്ഥാനത്തുള്ളപ്പോഴാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരും ആദ്യ പത്തില്‍ ഇല്ലാത്തതെന്നതും ശ്രദ്ധേയമാണ്. പന്ത്രണ്ടാം സ്ഥാനത്തുള്ള അക്ഷര്‍ പട്ടേലാണ് ഏറ്റവും ഉയര്‍ന്ന റാങ്കിംഗുള്ള ഇന്ത്യന്‍ ബൗളര്‍. അമിത് മിശ്ര പതിനാലാം സ്ഥാനത്തും ആര്. അശ്വിന് പത്തൊമ്പതാം സ്ഥാനത്തുമാണ്. ദീര്‍ഘനാളായി കളിക്കുന്നില്ലെങ്കിലും വിന്‍ഡീസിന്റെ സുനില്‍ നരെയ്ന് നാലാം സ്ഥാനത്തുണ്ട്.
ഓള്‍റൗണ്ടര്‍മാരുടെ പട്ടിയില്‍ രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്ത്. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സനും ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസും ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: