മെല്‍ബണ്‍: പുരുഷന്മാരുടെ സിംഗിള്‍സ് ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ ഇതിഹാസതാരം റോജര്‍ ഫെഡററും സ്പാനിഷ് എക്സ്പ്രസ്സ് റാഫേല്‍ നദാലും ഏറ്റുമുട്ടും.
ഇന്നലെ നടന്ന സെമിയില്‍ 15-ാം സീഡ് ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് 2009ലെ ചാമ്പ്യനായ നദാല്‍ ഫൈനലിലേക്ക് കുതിച്ചത്. നാല് മണിക്കൂറും 56 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 6-3, 5-7, 7-6 (7-5), 6-7 (4-7), 6-4 എന്ന സ്കോറിനായിരുന്നു റാഫയുടെ വിജയം.
ആദ്യ സെറ്റ് നദാല്‍ അനായാസം നേടിയെങ്കിലും രണ്ടാം സെറ്റില്‍ ദിമിത്രോസ് തിരിച്ചടിച്ചു. ഒപ്പത്തിനൊപ്പം നീങ്ങിയ ഇൗ സെറ്റ് 5-7ന് ദിമിത്രോവ് സ്വന്തമാക്കി. മൂന്നാം സെറ്റിലും തുല്യരുടെ പോരാട്ടം. ഒപ്പത്തിനൊപ്പം ഇരുവരും മുന്നേറിയപ്പോള്‍ ടൈബ്രേക്കറില്‍ 7-6ന് നദാല്‍ വിജയിച്ചു. നാലാം സെറ്റില്‍ അതേനാണയത്തില്‍ തിരിച്ചടിച്ച ദിമിത്രോ സെറ്റ് സ്വന്തമാക്കി. അവസാന സെറ്റില്‍ 4-4 വരെ ഒപ്പത്തിനൊപ്പം ഇരുവരും മുന്നേറിയെങ്കിലും ഒടുവില്‍ 6-4ന് നദാല്‍ സെറ്റും മത്സരവും സ്വന്തമാക്കി. 2009ന് പുറമെ 2012, 14 വര്‍ഷങ്ങളിലും ഫൈനലുല് കളിച്ച നദാല്‍ നാലാം തവണയാണ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെത്തുന്നത്. 2009-ല്‍ റോജര്‍ ഫെഡററെ പരാജയപ്പെടുത്തിയായിരുന്നു നദാല്‍ ജേതാവായത്.
നാട്ടുകാരനായ സ്റ്റാനിസ്ലാസ് വാവ്റിങ്കയെയാണ് വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് നാല് തവണ ചാമ്പ്യനായ ഫെഡറര്‍ ഇക്കുറി കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ഫെഡറര്‍ തോല്‍പ്പിച്ചത്. കരിയറില്‍ 17 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഫെഡറര്‍ മൂന്നു മണിക്കൂര്‍ നാലു മിനിറ്റു കൊണ്ടാണ് വാവ്റിങ്കയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. സ്കോര്‍: 7-5, 6-3, 1-6, 4-6, 6-3. ആദ്യ രണ്ട് സെറ്റും ഫെഡറര്‍ അനായാസം സ്വന്തമാക്കിയെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റുകള്‍ വാവ്റിങ്ക നേടി. അവസാന സെറ്റില്‍ ഫെഡ് എക്സ്പ്രസ് ഉജ്ജ്വല ഫോമിലേക്കുയര്‍ന്നതോടെ വാവ്റിങ്കക്ക് പത്തിമടക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നായി. 2010-നുശേഷം ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫെഡററുടെ ആദ്യ ഫൈനലാണിത്.
2015ലെ യുഎസ് ഓപ്പണിന് ശേഷം ഫെഡററുടെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്. നാളെയാണ് ഫൈനല്‍.
മിക്സഡ് ഡബിള്‍സ് സാനിയ-ഡോഡിഗ് സഖ്യം
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ക്രൊയേഷ്യയുടെ ഇവാന് ഡോഡിഗ് സഖ്യം ഫൈനലില്‍. ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസര്‍-സാം ഗ്രോത്ത് സഖ്യത്തെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ തകര്‍ത്താണ് സാനിയ സഖ്യം കലാശപ്പോരാട്ടത്തിന് അര്‍ഹതനേടിയത്.
ഒരു മണിക്കൂറും 18 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 6-4, 2-6, 10-5 എന്ന സ്കോറിനായിരുന്നു സാനിയ സഖ്യത്തിന്റെ വിജയം. ക്വാര്‍ട്ടറില്‍ ലിയാന്‍ഡര്‍ പെയ്സ്-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തെ തോല്‍പ്പിച്ചാണ് സ്ട്രോസര്‍ സാം ഗ്രോത്ത് സഖ്യം സെമിയിലെത്തിയത്.
ൈഫനലില്‍ അമേരിക്കന്‍-കൊളംബിയന്‍ ജോഡികളായ അബിഗെയ്ല്‍ സ്പിയേഴ്സ്-ജുവാന്‍ സെബാസ്റ്റിയന് കബാള്‍ സഖ്യമാണ് സാനിയ സഖ്യത്തിന്റെ എതിരാളികള്‍.കരിയറിലെ ഏഴാം ഗ്രാന്‍ഡ്സ്ലാം കിരീടവും മിക്സഡ് ഡബിള്‍സില്‍ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടവും തേടിയാണ് സാനിയ ഫൈനലിനിറങ്ങുക.
മിക്സഡ് ഡബിള്‍സില്‍ 2014ലെ യുഎസ് ഓപ്പണിലാണ് സാനിയ അവസാനമായി കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷം ഡോഡിക്കിനൊപ്പം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയെങ്കിലും ലിയാന്‍ഡര്‍ പേസ്-മാര്‍ട്ടീന ഹിംഗിസ് സഖ്യത്തോടെ തോറ്റിരുന്നു.
വനിതാ സിംഗിള്‍സ് വില്ല്യംസ് സഹോദരിമാര്‍
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തിനായി അമേരിക്കയുടെ വില്ല്യംസ് സഹോദരിമാര്‍ ഏറ്റുമുട്ടും. സെമിയില്‍ രണ്ടാം സീഡ് സെറീന ക്രൊയേഷ്യയുടെ മിര്‍ജാന ലൂസിസ് ബറോണിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. സ്കോര്‍: 6-2, 6-1.
നാട്ടുകാരിയായ കോകൊ വാന്‍ഡെവെഗിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക്—പരാജയപ്പെടുത്തിയാണ് 13-ാം സീഡ് വീനസ് ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 6-7 (3-7), 6-2, 6-3. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷമായിരുന്നു വീനസിന്റെ വിജയം. 2009ന് ശേഷം ആദ്യമായാണ് വീനസ് ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണ്ണമെന്റ് ഫൈനലിലെത്തുന്നത്. വില്ല്യംസ്—സഹോദരിമാര്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഒമ്പതാം ഗ്രാന്‍ഡ്സ്ലാം ഫൈനലിനാണ് ഇതോടെ അരങ്ങൊരുങ്ങിയത്. 14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടുന്നത്.
നിലവില്‍ സ്റ്റെഫി ഗ്രാഫിന്റെ ഇരുപത്തിരണ്ട് ഗ്രാന്‍ഡ്സ്ലാം നേട്ടമെന്ന റെക്കോഡിനൊപ്പമാണ് സെറീന. ആറ് ഓസ്ട്രേലിയന്‍ ഓപ്പണുകളും സെറീനയുടെ ശേഖരത്തിലുണ്ട്. ഇന്ന് നടക്കുന്ന ഫൈനലില്‍ വീനിസിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ കരിയറിലെ 23-ാം ഗ്രാന്‍ഡ് സ്ലാം കിരീടം സെറീനക്ക് സ്വന്തമാവും. എട്ട് ഗ്രാന്‍ഡ് സ്ലാമുകളാണ് വീനസ് വില്ല്യംസിന് സ്വന്തമായുള്ളത്. ഫൈനല്‍ ജയിച്ചാല്‍ വീനസിന്റെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാകും അത്. 2008ല്‍ നേടിയ വിംബിള്‍ഡണാണ് വീനസ് അവസാനമായി വിജയിച്ച ഗ്രാന്റ് സ്ലാം ടൂര്‍ണ്ണമെന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: