ന്യൂദല്‍ഹി: ഇന്ത്യയുടെ 68-ാം റിപ്പബ്ലിക് ദിനം ഇന്ന് ആഘോഷിക്കും. തലസ്ഥാനത്ത് രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് നടക്കും. യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നെഹ്യാനാണ് മുഖ്യാതിഥി. ലഷ്കര്‍ ഭീകരര്‍ ചാര്‍ട്ടേഡ് വിമാനം ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രാജ്പഥിലെ പരേഡ് രാവിലെ 9മണിയോടെ ആരംഭിക്കും. കര-നാവിക-വ്യോമസേനകള്‍ക്കൊപ്പം യുഎഇ സൈന്യവും ഇത്തവണ പരേഡില്‍ അണിനിരക്കും. വിവിധ സംസ്ഥാനങ്ങളുടെ സാംസ്ക്കാരിക വൈവിധ്യം വിളിച്ചറിയിക്കുന്ന നിശ്ചലദൃശ്യങ്ങളും പരേഡില്‍ അണിനിരക്കും. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ റിപ്പബ്ലിക് ദിനാശംകള്‍ നേര്‍ന്നു.
ദല്ഹിയിലാകമാനം 50000 സുരക്ഷാ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. രാവിലെ പത്തുമുതല്‍ ഉച്ചവരെ ദല്‍ഹിയില്‍ വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യങ്ങളെ നേരിടാന്‍ ആകാശത്ത് വ്യോമസേനാ വിമാനങ്ങള്‍ വിന്യസിക്കും. ഭീകരര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിക്കുമെന്ന സൂചനകളെ തുടര്‍ന്നാണിത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയുന്നതിനുള്ള സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്.
സുരക്ഷാ സൈനികരുടെ വേഷമണിഞ്ഞ് ഭീകരര്‍ ആക്രമണത്തിന് ശ്രമിക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: