ന്യൂദല്‍ഹി: കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്ത് കേരള സര്‍ക്കാരിന് നോട്ടീസയച്ചു.
കൊലപാതകങ്ങള്‍ സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എല്ലാ ജനങ്ങളുടേയും ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ചൂണ്ടിക്കാട്ടി. കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ നടുക്കുന്നതാണെന്ന് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് വിലയിരുത്തി. ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് കേരളത്തില്‍ സംഭവിക്കുന്നത്.
പൗരന്മാര്ക്ക് തുല്യതയും ബഹുമാനവും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്, നോട്ടീസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കാണ് കമ്മീഷന്റെ നോട്ടീസ്. നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ ഏകപക്ഷീയമായ അക്രമങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
കൊലചെയ്യപ്പെട്ടവരുടെ ആശ്രിതര്‍ക്ക് എന്തെങ്കിലും സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയോ എന്ന കാര്യം അറിയിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പോലും നല്‍കാതെ വിവേചനം കാട്ടുകയാണെന്ന പരാതികള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ഇടതു സര്‍ക്കാരിനെതിരെ ആര്‍എസ്എസ് ദേശീയ നേതാക്കള്‍ പങ്കെടുത്ത ദല്‍ഹിയിലെ പരിപാടിയുടെ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: