തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ചയായി നടത്തിവരുന്ന സമരത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഇന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തും.
ലോഅക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ സമര പന്തല്‍ സന്ദര്‍ശിച്ച ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരനും ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പട്ടിരുന്നു. ഇന്ന് വൈകിട്ട് നാലു മണിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറില്‍ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ക്ഷണവുമുണ്ട്. പ്രതിപക്ഷ നേതാവിന്റെ മധ്യസ്ഥത വഹിക്കും.
അതേസമയം കോളേജ് സന്ദര്‍ശിച്ച സംസ്ഥാന യുവജന കമ്മിഷന് അംഗംങ്ങള്‍ സര്‍വകലാശാലയോടും മാനേജ്മെന്റിനോടും പ്രിന്‍സിപ്പലിനോടും വിശദീകരണം തേടിയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ഉത്തരവ്.
രണ്ട് വിദ്യാര്‍ത്ഥികളെ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന പരാതി പട്ടികജാതി കമ്മിഷന് ഫയലില്‍ സ്വീകരിച്ചു. പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ വിദ്യാര്‍ത്ഥിനിയെ ശകാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ആരോഗ്യസ്ഥിതി മോശമായ ഒരു കുട്ടിയെ ഹാജര്‍ കുറഞ്ഞതിന്റെ പേരില്‍ അധിക്ഷേപിക്കുന്നതിന്റെ ഓഡിയോ ആണ് പുറത്തുവന്നത്.
സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്നലേയും അക്കാദമിയില്‍ തെളിവെടുത്തു. എന്നാല്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ നല്കുന്നതില് ഏകപക്ഷീയമായ പെരുമാറ്റം തന്നില്‍ നിന്ന് ഉണ്ടാകുന്നില്ലെന്ന ചില കുട്ടികള്‍ തെറ്റിദ്ധാരണയുടെ പുറത്താണ് പരാതിയെന്നാണ് ലക്ഷ്മി നായര്‍ സിന്‍ഡിക്കേറ്റിനെ അറിയിച്ചത്. അച്ചടക്കനടപടി കര്‍ശനമാക്കിയതും ഈ സാഹചര്യത്തിലേക്ക് നയിച്ചെന്നും അവര്‍ പറഞ്ഞു.
അതിനിടെ തങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നു പറഞ്ഞ് 20 ഓളം വിദ്യാര്‍ത്ഥികള്‍ സിന്‍ഡിക്കേറ്റംഗങ്ങളുടെ മുന്നിലെത്തി. തെളിവെടുപ്പ് ഇന്നും തുടരും. മാനേജ്മെന്റിനെതിരെയും പ്രിന്സിപ്പാലിനെതിരെയും നൂറിലധികം പരാതികളാണ് ഉപസമിതി കേട്ടത്. സിന്‍ഡിക്കേറ്റ് ഉപസമിതി പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനവും സാഹചര്യങ്ങളും വിലയിരുത്തി.
വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍ ഇന്നു രാവിലെ 11 ന് ലോഅക്കാദമി സന്ദര്‍ശിക്കും. ജില്ലാ നേതാക്കള്‍ ഒപ്പമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: