കൊച്ചി: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ മലയാളത്തിലും നല്കാന് പൊലീസ് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സമിതി. മെഡിക്കല്‍, ഫോറന്‍സിക് പദങ്ങള്‍ക്ക് പകരം മലയാള വാക്കില്ലെങ്കില്‍ അവ അതേ രീതിയിലെഴുതണം.
ഭരണഭാഷ മലയാളമാക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണമെന്നും കുറിപ്പു ഫയലുകളില്‍ മലയാളം നിര്‍ബന്ധമാക്കണെന്നും സമിതി ആവശ്യപ്പെട്ടു. ഔദ്യോഗികഭാഷ മലയാളമാക്കുന്നതില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എറണാകുളം ജില്ലാതലത്തില്‍ കൈവരിച്ച പുരോഗതി സംബന്ധിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു ഇ.എസ്. ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഭാഷാ സമിതി.
ഔദ്യോഗികഭാഷയായി മലയാളം ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ വെള്ളം ചേര്‍ക്കരുതെന്ന് നിയമസഭാ സമിതി മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്തിന് പുറത്തേക്ക് അയക്കുന്ന കത്തുകളും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമര്‍പ്പിക്കുന്ന രേഖകളും ഒഴികെ എല്ലാം മലയാളത്തിലായിരിക്കണം. ഇത്തരത്തില്‍ ഇംഗ്ലീഷ് സ്വീകരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പോലും ബന്ധപ്പെട്ട കുറിപ്പു ഫയല്‍ മലയാളത്തിലാകാന്‍ ശ്രദ്ധ ചെലുത്തണം.
പൊതുസ്വീകാര്യതയുള്ള ഇംഗ്ലീഷ് പദങ്ങള്‍ മലയാളത്തില്‍ എഴുതുന്നതില്‍ തെറ്റില്ല. ഔദ്യോഗിക ഭാഷാ ഗവേഷണ വിഭാഗം പകരം പദങ്ങള്‍ ആവിഷ്കരിക്കാന്‍ ശ്രമം നടത്തി വരികയാണെന്നും സമിതി ചൂണ്ടിക്കാട്ടി.
ഇംഗ്ലീഷിലുള്ള നിയമങ്ങളും ചട്ടങ്ങളും മലയാളത്തിലാക്കാന്‍ ഔദ്യോഗിക ഭാഷാ നിയമ നിര്‍മാണ കമ്മീഷനെ സമീപിക്കണം. കമ്മീഷന് വിവര്‍ത്തനം ചെയ്ത് തയാറാക്കുന്ന നിയമങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പ്രാബല്യം ലഭിക്കും.
വൈദ്യുതി ബോര്‍ഡിന്റെ ബില്‍ മലയാളത്തില്‍ ലഭിച്ചിരുന്നത് ഇപ്പോള്‍ ഇംഗ്ലീഷിലായിരിക്കുകയാണെന്ന് സമിതി ചൂണ്ടിക്കാട്ടി. സോഫ്റ്റ് വെയറില്‍ മലയാളം കൂടി ഉള്‍പ്പെടുത്തി മാറ്റം വരുത്തണം. ഇംഗ്ലീഷിലുള്ള ബില്‍ മൂലം സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്നുണ്ടെന്നും എം.എല്‍.എമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിക്കാനുള്ള അപേക്ഷകളോടപ്പം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്കുന്ന റിപ്പോര്‍ട്ട് അവ്യക്തമായ ഇംഗ്ലീഷില്‍ എഴുതുന്നതു മൂലം കൃത്യമായ ശുപാര്‍ശ നല്‍കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നതായി ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു.
ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരം മാതൃക തയാറാക്കണമെന്നും ചുരുക്കെഴുത്ത് ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഡിഎംഒ നിര്‍ദേശം നല്‍കണമെന്നും നിയമസഭാ സമിതി അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ ഇംഗ്ലീഷിലും മലയാളത്തിലും വിവരങ്ങളുണ്ടാകണം. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷാഫോറങ്ങളിലും സര്‍ട്ടിഫിക്കറ്റുകളിലും മലയാളം കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും സമിതി വ്യക്തമാക്കി. എംഎല്‍എമാരായ കെ. ആന്‍സലന്‍, യു.ആര്.പ്രദീപ്, ഡി.കെ.മുരളി, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: