കൊച്ചി: മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി സമയപരിധി നിശ്ചയിച്ചിരുന്നതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാതെയാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയതെന്ന് വിജിലന്‍സ് എസ്.പി ആര് സുകേശന് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
തെളിവുകളുടെ ശാസ്ത്രീയ പരിശോധനയെക്കുറിച്ചുള്ള വിദഗ്ദ്ധാഭിപ്രായവും ലഭ്യമാക്കിയില്ല. അതിനാലാണ് വീണ്ടും തുടരന്വേഷണം വേണ്ടി വന്നതെന്ന് സുകേശന് നല്കിയ സ്റ്റേറ്റ്മെന്റില്‍ പറയുന്നു. തുടരന്വേഷണത്തിനെതിരെ കെഎം മാണി നല്കിയ ഹര്‍ജിയില്‍ രണ്ടാമതും അന്വേഷിക്കേണ്ട സാഹചര്യവും തെളിവുകളും വ്യക്തമാക്കാന്‍ ഹൈക്കോടതി ജനുവരി 13 ന് നിര്‍ദ്ദേശിച്ചിരുന്നു.
തിരുവനന്തപുരം വിജിലന്‍സ് കോടതി 2016 ആഗസ്റ്റ് 27 ന് തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടശേഷം വിജിലന്‍സ് ഡിവൈ.എസ്.പി നജ്മുല്‍ ഹസനാണ് അന്വേഷണച്ചുമതല. കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്റെ അക്കൗണ്ട്സ് രേഖകള്‍ അടങ്ങിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും അസോസിയേഷന് ഭാരവാഹികളുടെ സംഭാഷണങ്ങളടങ്ങിയ ഒരു ഫോണും മെമ്മറി കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. ഇതു പരിശോധനയ്ക്കായി ഫോറന്‍സിക് ലാബില്‍ നല്‍കിയിട്ടുണ്ടെങ്കിലും ഫലം ലഭിച്ചിട്ടില്ല. അസോസോസിയേഷന്‍ ഭാരവാഹികളുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കാന്‍ ഹൈ ടെക് സെല്ലിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്ത തെളിവുകളില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന വേണ്ടി വന്നാല്‍ അഹമ്മദാബാദിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് അയക്കേണ്ടി വരുമെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: