കേരളത്തിലെ ഇടതു അദ്ധ്യാപക-വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ബാധിച്ച ജീര്‍ണ്ണതയും ക്രിമിനല്‍ സ്വഭാവവുമാണ് എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേരയെ അഗ്നിക്കിരയാക്കിയ നടപടി. ഇത് പെട്ടെന്ന് ഉണ്ടായ പ്രകോപനത്തിന്റെ ഭാഗമായി നടന്നതല്ല. ഇതിന്റെ തിരക്കഥ തയ്യാറാക്കിയത് ഇടത് അദ്ധ്യാപക സംഘടനാ നേതൃത്വമാണ്. അദ്ധ്യാപകര്‍ തുടക്കം കുറിച്ച പ്രതിഷേധപ്രകടനം വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുകയായിരുന്നു. മുഖം രക്ഷിക്കാന്‍ മൂന്ന് വിദ്യാര്‍ഥി നേതാക്കളെ സസ്പെന്റ് ചെയ്ത് എസ്എഫ്ഐ തടിയൂരുമ്പോള്‍ ഇതൊക്കെ നടപ്പാക്കിയ അദ്ധ്യാപകസംഘടനാ നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കി വിരാജിക്കുകയാണ്.
മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീന ഇടതുപക്ഷ അദ്ധ്യാപകസംഘടനയുടെ അംഗമായി പ്രവര്‍ത്തിച്ച അദ്ധ്യാപികയാണ്. പ്രിന്‍സിപ്പല്‍ ആയതിനുശേഷമാണ് കോളജിലെ അദ്ധ്യാപകനേതാക്കള്ക്ക് അവര്‍ അനഭിമതയായത്. ദളിത് പശ്ചാത്തലത്തില്‍ നിന്ന് കഠിനാദ്ധ്വാനം ചെയ്ത് പഠിച്ചുയര്‍ന്ന് സര്‍വ്വീസിന്റെ അവസാനനാളില്‍ പ്രിന്‍സിപ്പലായി മാറിയതാണ് പ്രൊഫസര്‍ ബീന. പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ ചുരങ്ങിയ കാലംകൊണ്ട് ശ്രദ്ധിക്കപ്പെട്ട ബീന കോളജിന്റെ അച്ചടക്കം നിലനിര്‍ത്താന്‍ അദ്ധ്യാപകരെ നിയന്ത്രിക്കാന്‍ തുടങ്ങിയതാണ് ചിലര്‍ക്ക് പ്രശ്നമായത്. സ്വയംഭരണ കോളജായപ്പോള് പ്രിന്‍സിപ്പല്‍ ബീന ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. അതു തുടക്കത്തിലെ തകര്‍ക്കുകയായിരുന്നു അദ്ധ്യാപകനേതാക്കളുടെ ലക്ഷ്യം. അതിന് അവര്‍ എസ്എഫ്ഐയെ ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ ജനവരി-18 ന് എകെജിസിറ്റിഎ പ്രിന്‍സിപ്പലിനെതിരായി പ്രമേയം പാസ്സാക്കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേരയെ ആക്രമിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതുപോലുളള സംഭവങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ കോളജുകളില്‍ നിരന്തരം അരങ്ങേറുന്നു.
ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ പിന്തുണയ്ക്കുന്ന ഇത്തരം ക്രൂരവിനോദങ്ങള്‍ വിജയിക്കുകയാണ് പതിവ്. പൊതുസമൂഹം ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ചര്‍ച്ചാവിഷയമാക്കണം.
ഇക്കഴിഞ്ഞ മാര്‍ച്ച് – 31 ന് പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സരസു വിരമിക്കുന്ന ദിവസം കോളജുമുറ്റത്ത് പ്രതീകാത്മകമായി പ്രിന്‍സിപ്പലിന്റെ കുഴിമാടം തീര്‍ത്ത് അതില്‍ റീത്ത് വച്ചിരുന്നു. ഇതിനോട് സാംസ്കാരികനായകന്മാര് പ്രതികരിക്കാത്തതിന് രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് ദളിതുവനിതയായിരുന്നു പ്രൊഫ. സരസു. അവര്‍ക്കുവേണ്ടി വാദിച്ച് പാര്‍ട്ടിയെ പിണക്കേണ്ട ആവശ്യമില്ല. രണ്ടാമതായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പാലക്കാട് വിക്ടോറിയയിലേത് കുഴിമാടമല്ലെന്നും, അത് ഒരു’ആര്‍ട്ട് ഇന്സ്റ്റലേഷന്’ അഥവാ ‘പ്രതിഷ്ഠാപനകല’യായി കാണണമെന്നും നിര്‍ദ്ദേശിച്ചു. സാംസ്കാരികനായകന്മാര് കനിഞ്ഞില്ലെങ്കിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. വിക്ടോറിയ കോളജിലും വിദ്യാര്‍ത്ഥി സംഘടനയല്ല, ഇടതുപക്ഷ അദ്ധ്യാപകസംഘടനായായിരുന്നു വില്ലന്‍.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലാണ് പ്രിന്‍സിപ്പല്‍മാര്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ടിട്ടുളളത്. ഓഫീസിലെ കസേരകള്‍ ബലംപ്രയോഗിച്ച് എടുത്ത് മാറ്റിയതും പ്രിന്‍സിപ്പലിന്റെ വീട് ആക്രമിച്ചതുമായ ചരിത്രം യൂണിവേഴ്സിറ്റി കോളജിന് പറയാനുണ്ട്. എല്ലാവഴികളും അടഞ്ഞപ്പോള്‍ കെ.കരുണാകരന്റെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഡിഗ്രി വിഭാഗത്തെ എടുത്തുമാറ്റി ഒരു പരീക്ഷണം നടത്തിയതുമാണ്. പക്ഷെ പിന്നീട് വന്ന ഇടതുസര്‍ക്കാര്‍ അത് തിരുത്തി. അതുകൊണ്ടുതന്നെ ഇന്നും ആ കോളജ് ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണ്.
കേരളത്തിലെ സര്‍ക്കാര്‍ കോളജുകള്‍ എല്ലാം ഇന്ന് മാഫിയയുടെ കൈകളിലാണ്. ബഹുഭൂരിപക്ഷം കോളജുകളിലും പേശീബലംകൊണ്ട് ഒരു അദ്ധ്യാപകസംഘടനയും ഒരു വിദ്യാര്ത്ഥിസംഘടനയുമാണ് ഉളളത്. രണ്ടും ഇടതായതിനാല്‍ മാധ്യമങ്ങളും അവര്‍ക്ക് സ്തുതിഗീതം പാടുന്നു. സംഘടനാബലത്തില്‍ ശരിയും തെറ്റും നിര്‍ണ്ണയിക്കുന്ന കോളജില്‍ എതിരായി അഭിപ്രായം പറയുന്നവര്‍ ഒറ്റപ്പെടും. മുന്‍കാലങ്ങളില്‍ കുറച്ചൊക്കെ ജനാധിപത്യബോധം അദ്ധ്യാപകസംഘടനാ രംഗത്തുണ്ടായിരുന്നു. 1980-കളേടെ അദ്ധ്യാപകരാഷ്ട്രീയം മാഫിയാ കരങ്ങളിലായി. രണ്ടര പതിറ്റാണ്ട് രാഷ്ട്രീയവല്‍ക്കരിച്ച കലാലയങ്ങളില്‍ എല്ലാം ഉള്ളിലൊതുക്കി ജീവിച്ച ഈ ലേഖകന്‍ ഇതൊക്കെ പറയാന്‍ എന്തവകാശം എന്നു ചോദിച്ചാല്‍ ഉത്തരമില്ല. സ്വന്തം കുടുംബത്തെയും കുട്ടികളെയും ഓര്‍ത്ത് എല്ലാം കണ്ടില്ലെന്നു നടിക്കാനേ ശരാശരി മലയാളി അദ്ധ്യാപകന് കഴിയൂ.
നുണപ്രചാരണം, സ്ത്രീവിഷയങ്ങളില്‍ കുടുക്കുമെന്ന ഭയം, ചുവര് പോസ്റ്റര്‍ വഴിവരുന്ന അപമാനം, കോളജുകളിലെ വിവിധ സമിതികളില്‍ നിന്നും അക്കാദമിക ഫോറങ്ങളില്‍ നിന്നും ഒഴിവാക്കുമെന്ന ഭയം, അപ്രഖ്യാപിത ഊരുവിലക്ക് എന്ന പേടി, എല്ലാറ്റിനുമുപരി ഇടതുവിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നോട്ടപ്പുളളിയാകുമെന്ന ഭീതി. ഇതൊക്കെ ആലോചിക്കുമ്പോള്‍ യുജിസി ശമ്പളം പറ്റുന്ന അദ്ധ്യാപകന് ആദര്‍ശത്തിനായി ബലിയാടാവണോ, അതോ നല്ല കാറില്‍, നല്ല ഫ്ളാറ്റില്‍ ജീവിതം സുഖകരമാക്കണോ എന്ന ചിന്തയിലാകും. സ്വാഭാവികമായും പ്രായോഗിക ചിന്ത മാത്രമുളള മലയാളി രണ്ടാമത്തെ വഴിതന്നെയാവും സ്വീകരിക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ കോളജില്‍ ബഹുഭൂരിപക്ഷം അദ്ധ്യാപകരും ഇടതുസംഘടനയില്‍ അംഗമാകുന്നത്.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്, ആര്‍ട്സ് കോളജ്, സംസ്കൃത കോളജ്, എറണാകുളം മഹാരാജാസ് കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ്, ആയുര്‍വേദ കോളജുകള്‍, ലോ കോളജുകള്‍ തുടങ്ങിയ പ്രമുഖ സര്‍ക്കാര്‍ കോളജുകളിലും, എന്‍എസ്എസ്, എസ്എന്‍ കോളജുകളിലും, വിവിധ ദേവസ്വംബോര്‍ഡ് കോളജുകളിലുമാണ് അദ്ധ്യാപക രാഷ്ട്രീയത്തിന്റെ വികൃതമായ മുഖം കാണാന്‍ കഴിയുന്നത്.
അദ്ധ്യാപകരാഷ്ട്രീയം നിലനിര്‍ത്തുന്നത് തന്നെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തെ അവിഹിതമായി ഉപയോഗിച്ചുകൊണ്ടാണ്. 1985-ലെ പ്രീ-ഡിഗ്രി ബോര്‍ഡ് സമരം, 1993-ലെ വിളനിലം സമരം, 1995-ലെ സ്വാശ്രയ കോളജ് സമരം, 1998-ലെ യുജിസി സമരം, 2002-ലെ ആന്റണി സര്‍ക്കാരിനെതിരായ സമരം എന്നിവയിലാണ് വിദ്യാര്‍ത്ഥിരാഷ്ട്രീയവും, അദ്ധ്യാപകരാഷ്ട്രീയവും ഒന്നായി പ്രവര്‍ത്തിച്ച് അക്രമം മുഖമുദ്രയാക്കിയത്. നുണപ്രചാരണവും കരിഓയില്‍ അഭിഷേകവുമായിരുന്നു സമരങ്ങളില്‍ പങ്കെടുക്കാത്തവരെയും പ്രിന്‍സിപ്പാളിനെയും നേരിടാന്‍ അക്കാലത്ത് സ്വീകരിച്ച വഴി. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ഇത് ചെയ്യുന്നതിനാല്‍ അദ്ധ്യാപകസംഘടന പ്രതിക്കൂട്ടിലാകുന്നുമില്ല. അതിലൂടെ ഏതാണ്ട് ഇടതുപക്ഷ ഇതരസംഘടനകളെ പൊതുവിദ്യാലയങ്ങളില്‍ നിന്നുതന്നെ തുടച്ചുമാറ്റിയിരിക്കുകയാണ്.
ന്യൂനപക്ഷ മാനേജുമെന്റുകള്‍ മാത്രമാണ് ഈ അധിനിവേശത്തെ ചെറുത്തു തോല്പിച്ചത്. ഭൂരിപക്ഷ സമുദായം നടത്തുന്ന കോളജുകളില്‍ പ്രത്യേകം കേന്ദ്രീകരിച്ചുളള സമരാഭാസങ്ങള്‍ നടന്നു. തങ്ങളുടെ വരുതിയില്‍ വരാത്ത പ്രിന്സിപ്പാള്മാര്ക്കെതിരെ നിരന്തരം വിദ്യാര്‍ത്ഥി സമരങ്ങളെ പ്രോത്സാഹിപ്പിച്ച് നേരിടുന്ന ശൈലിയാണ് ഭൂരിപക്ഷ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ നാം കാണുന്നത്. കൊല്ലം എസ്എന്‍ കോളജിലെ പ്രിന്‍സിപ്പാളിനെ ഒരുദിവസം മുഴുവന്‍ ബന്ദിയാക്കിയ സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. സര്‍ക്കാര്‍-ഭൂരിപക്ഷമാനേജ്മെന്റ് കോളേജുകളിലെ രക്തസാക്ഷിദിനാചരണം രാഷ്ട്രീയവല്‍ക്കരണത്തെ കൂടുതല്‍ ഉറപ്പിക്കുന്നു.
കേരളത്തിലെ സര്‍വ്വകലാശാലാ കാമ്പസ്സുകളിലും ഈ അദ്ധ്യാപക-വിദ്യാര്‍ത്ഥി രാഷ്ട്രീയകൂട്ടായ്മ പ്രബലമായി കാണാം. കേരള, മഹാത്മാഗാന്ധി, സംസ്കൃത, മലയാളം, കോഴിക്കോട്, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ അദ്ധ്യാപകരാഷ്ട്രീയത്തിന് കുപ്രസിദ്ധമാണ്. കേരള സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ആയിരുന്ന ഡോ. ഇക്ബാല്‍ സര്‍വ്വകലാശാല ഒരു മാഫിയയുടെ പിടിയിലാണെന്ന് പറഞ്ഞത് ഇടതുസംഘടനകളുടെ വന്‍ പ്രതിഷേധത്തിന് അക്കാലത്ത് ഇടവരുത്തി. പില്ക്കാലത്ത് കുറച്ച് ഇടഞ്ഞ് നിന്നെങ്കിലും ഡോ. ഇക്ബാല്‍ ഇടതുപക്ഷപാളയത്തില് തന്നെ നിലയുറപ്പിച്ചു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ഇന്ന് നിലവാരത്തകര്‍ച്ചയും രാഷ്ട്രീയവല്‍ക്കരണവും കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. നല്ല വിദ്യാര്‍ത്ഥികളില്‍ പലരും അയല്‍സംസ്ഥാനങ്ങളിലും സ്വകാര്യസര്വ്വകലാശാലകളിലും അഭയം തേടുകയാണ്. പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന കുട്ടികളാണ് ഇവിടെ ബലിയാടാകുന്നത്. ഈ കുട്ടികളില്‍ ആരെങ്കിലും ചെറുത്തുനിന്നാല്‍ മൃഗീയമായി പീഡിപ്പിക്കപ്പെടും. അടുത്തിടെ ഇടതുവിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഇരകളായ വിദ്യാര്‍ത്ഥികള്‍ വിശേഷിച്ച് കോട്ടയം എം.ജി സര്‍വ്വകലായിലെ എംഫില്‍ വിദ്യാര്‍ത്ഥി, തൃപ്പൂണിത്തുറ സംഗീത കോളജിലെ വിദ്യാര്‍ത്ഥിനി, നാട്ടകം സര്‍ക്കാര്‍ പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥി ഇവരൊക്കെ ദളിത് വിഭാഗത്തില്‍പ്പെടുന്നവരായിരുന്നു. സംസ്ഥാനത്തെ സമ്പന്നരും ന്യൂനപക്ഷങ്ങളും സര്‍ക്കാര്‍ കോളജിനെ വലുതായി ആശ്രയിക്കുന്നില്ല. നിലവാരത്തകര്‍ച്ച മുഖമുദ്രയായപ്പോള്‍ മികവുറ്റ കുട്ടികള്‍ ഈ സ്ഥാപനങ്ങളിലേക്ക് വരാതെയായി. ഉപരിവര്‍ഗ്ഗം പൊതുവിദ്യാലയങ്ങളെ ബഹിഷ്കരിക്കാന്‍ തുടങ്ങിയതോടെ സ്വാഭാവികമായും സമൂഹത്തിന്റെ ശ്രദ്ധ ഈ സ്ഥാപനങ്ങളില്‍ പതിയാതെയായി.
ഇന്റേണല്‍ മാര്‍ക്കും നിരന്തരമൂല്യനിര്‍ണ്ണയവും ഒക്കെ വന്നതോടെ എല്ലാം ദാനംചെയ്യുന്ന മേഖലകളായി പൊതുവിദ്യാലയങ്ങള്‍ മാറി. വിദ്യാര്‍ത്ഥി രാഷ്ട്രീയവും അദ്ധ്യാപകരാഷ്ട്രീയവും ഒന്നായതോടെ പരീക്ഷകള്‍ കേവലം മാര്‍ക്കുദാനത്തിന്റെ വേദികളായി. ക്ലാസ്സില്‍ കയറാത്ത വിദ്യാര്‍ത്ഥി നേതാവിനും കൂട്ടാളികള്‍ക്കും ആവശ്യത്തിന് അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും പരീക്ഷയില്‍ തുറന്ന് എഴുതുവാനുളള അവസരം ഒരുക്കുന്ന അദ്ധ്യാപകരും, കൃത്യമായി ക്ലാസ്സെടുക്കാത്ത അദ്ധ്യാപകനെതിരെ പരാതി പറയാത്ത വിദ്യാര്ത്ഥിരാഷ്ട്രീയക്കാരനും ഒരേ താല്പര്യത്തിനായി യോജിക്കുന്നതാണ് ഇന്ന് കേരളത്തിലെ രാഷ്ട്രീയവല്‍ക്കരിച്ച ക്യാമ്പസ്സുകളില്‍ കാണുന്നത്.
അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നതവിദ്യാഭ്യാസം എന്ന സ്വപ്നത്തെ തകര്‍ക്കുന്ന തരത്തില്‍ നമ്മുടെ പൊതുകലാലയങ്ങള്‍ മാറാന്‍ അനുവദിക്കരുത്. ഈ കലാലയങ്ങളെ സംരക്ഷിക്കാന്‍ പൊതുസമൂഹവും മാധ്യമങ്ങളും അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ചെറുപ്രായത്തില്‍ തന്നെ അസഹിഷ്ണുതയും വെറുപ്പും കുത്തിവയ്ക്കുന്ന അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന ഇടതുരാഷ്ട്രീയ നേതൃത്വം ആത്മഹത്യാപ രമായ നിലപാടാണ് എടുക്കുന്നത്. ബംഗാളിന്റെ പാത ഇടതുമുന്നണിക്ക് ഗുണകരമായോ എന്നു നേതൃത്വം ആലോചിക്കേണ്ടതുണ്ട്.
വിശ്വഭാരതിയുള്പ്പെടെയുളള മഹത്തായ സര്‍വ്വകലാശാലകളെ തകര്‍ത്ത് ബംഗാളിനെ മൂന്നരപതിറ്റാണ്ട് തുടര്‍ച്ചയായി ഭരിച്ചിട്ടും ബംഗാളില്‍ മൂന്നാം സ്ഥാനത്തിനായി കോണ്‍ഗ്രസ്സുമായി മത്സരിക്കുന്ന ഇന്നത്തെ സാഹചര്യം ഇടതുപക്ഷത്തിന് നാളെ കേരളത്തിലും ഉണ്ടാകും.
മഹാരാജാസ് കോളജ് സംഭവം ഇടതു വിദ്യാര്‍ത്ഥി-അദ്ധ്യാപകരാഷ്ട്രീയ കൂട്ടുകെട്ടിന് വലിയ തിരിച്ചടി നല്കിയിരിക്കുന്നു. 82 അംഗങ്ങളുള്ള എകെജിസിടിയില്പ്പെട്ട എട്ട് പേര് മാത്രമാണ് പ്രിന്‍സിപ്പാളിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറുളളൂ എന്നത് ശുഭസൂചകമാണ്. കസേര കത്തിച്ചതിന് നാമമാത്രമായെങ്കിലും ശിക്ഷ നല്കാന് വിദ്യാര്‍ത്ഥിസംഘടനയും തയ്യാറായിരിക്കുന്നു. ഇടതുസംഘടനയുടെ ഉഗ്രശാസനകളെ തട്ടിയെറിഞ്ഞ് നീതിയുടെ ഭാഗത്ത് നില്ക്കാന് തയ്യാറായ അദ്ധ്യാപകര്‍ക്ക് കരുത്തുപകരാന്‍ ബഹുജനപ്രസ്ഥാനങ്ങള്‍ തയ്യാറാവണം.
ആശയപരമായ വിയോജിപ്പുകളെ ഉള്‍ക്കൊളളാന്‍ യുവതലമുറയെ പഠിപ്പിക്കുന്നത് കൂടെയാകണം വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്റെ ലക്ഷ്യം. ഇത്തരം വിഷയങ്ങളിലാണ് എം.ടി വാസുദേവന്നായരെപ്പോലുളള പ്രതിഭകള്‍ ദിശാബോധം നല്‍കേണ്ടത് എന്ന് ആശിച്ചുപോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: