തൊടുപുഴ: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു. രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം.
ഇന്നലെ വൈകിട്ട് 5 മണിയോടെ കോലാനി-വെങ്ങല്ലൂര്‍ ബൈപ്പാസില്‍ മണക്കാട് ജങ്ഷന് സമീപമാണ് അപകടം. പൈനാപ്പിളുമായി കരിങ്കുന്നത്ത് നിന്നും പളനിയിലേക്ക് പോകുകയായിരുന്നു നാഷണല്‍ പെര്‍മിറ്റ് ലോറിയ്ക്കാണ് തീപിടിച്ചത്.
ഓടുന്നതിനിടെ വണ്ടിയുടെ ക്യാമ്പിനില്‍ നിന്ന് പുക കണ്ടതിനെ തുടര്‍ന്ന് വണ്ടി ഒതുക്കി താനും സഹായിയും ചാടി ഇറങ്ങുകയായിരുന്നുവെന്ന് ഡ്രൈവര്‍ ഏഴല്ലൂര്‍ സ്വദേശി അജേഷ് പറഞ്ഞു.
തീപിടുത്തത്തില്‍ വണ്ടിയുടെ മുന്‍വശം പൂര്‍ണ്ണമായും കത്തി
നശിച്ചു. തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. പടുത ഉരുകിയത് മൂലം മുകളില്‍ സൂക്ഷിച്ചിരുന്ന പൈനാപ്പിളിനും കേട് പറ്റിയിട്ടുണ്ട്. ബാറ്ററിയില്‍ നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
തൊടുപുഴ ഫയര്‍ സ്റ്റേഷനിലെ ലീഡിങ് ഫയര്മാന് സാജന് വര്‍ഗ്ഗീസിന്റെ നേതൃത്തില്‍ ജീവനക്കാരായ സോണി, ഹരീഷ്, എംബി ബെന്നി, സുനില്‍ ബിനു, എം എച്ച് നാസര്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അരമണിക്കൂറോളം ഗതാഗതത്തിന് ഇത് വഴി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മറ്റൊരു വണ്ടി എത്തിച്ച് രാത്രിയോടെ പൈനാപ്പിള്‍ ഇതിലേക്ക് മാറ്റി പളനിയ്ക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: