ആലപ്പുഴ: വയലാര്‍ രക്തസാക്ഷി സ്മാരകത്തിന്റെ ഗേറ്റിന്റെ ഗ്രില്ലുകള്‍ തകര്‍ത്തു. അക്രമം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന ആരോപണവുമായി സിപിഎം. രക്തസാക്ഷി സ്മാരകത്തിലുണ്ടായത് മുഹമ്മ കണ്ണാര്‍കാട്ടെ പി. കൃഷ്ണപിള്ള സ്മാരകത്തിന് നേരെ നടന്ന അക്രമത്തിന് സമാനമെന്ന് സൂചന.
കൃഷ്ണപിള്ള സ്മാരകം അഗ്നിക്കിരയാക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്നായിരുന്നു സിപിഎം പ്രചാരണം. പിന്നീട് കുറ്റം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മേല്‍ കെട്ടിവയ്ക്കാനും ശ്രമം നടന്നു. സ്മാരകത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. അധികം വൈകാതെ സത്യം പുറത്തു വന്നു. സജീവ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് കൃഷ്ണപിള്ളയുടെ പ്രതിമ തകര്‍ക്കുകയും സ്മാരകമായ ഓല മേഞ്ഞ വീട് കത്തിക്കുകയും ചെയ്തത്.
സമാനമായ സ്ഥിതി വിശേഷമാണ് വയലാറിലും നടക്കുന്നത്. സിപിഎമ്മില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശമാണ് വയലാര്‍. കൂടാതെ സിപിഎമ്മും, സിപിഐയും തമ്മില്‍ അഭിപ്രായഭിന്നതയും രൂക്ഷമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ രക്തസാക്ഷി സ്മാരകം നിലനില്‍ക്കുന്ന വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം നേതാവ് റിബലായി മത്സരിച്ചിരുന്നു. സിപിഎമ്മില്‍ നിന്ന് അടുത്തിടെ നിരവധി പ്രവര്‍ത്തകര്‍ ബിജെപിയിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലും അണിചേരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്നലെ രാവിലെ രക്തസാക്ഷി സ്മാരകത്തിന്റെ ഗ്രില്ല് ഇളക്കി മാറ്റിയ നിലയില്‍ കണ്ടെത്തിയത്.
പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയാല്‍ മറ്റൊരു കൃഷണപിള്ള മോഡല്‍ സിപിഎം അക്രമമാണ് വയലാറില്‍ നടന്നതെന്ന് വ്യക്തമാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ഇക്കാര്യത്തില്‍ സംശയം ഉള്ളതിനാല്‍ ഹര്‍ത്താല്‍ നടത്താനുള്ള നീക്കം വിജയിച്ചില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം തകര്‍ത്തത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നും പാര്‍ട്ടിയിലെ വിഭാഗീയതയാണ് അക്രമത്തിന് കാരണമെന്നുമാണ് പോലീസ് കുറ്റപത്രം നല്‍കിയിട്ടുള്ളത്.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്, കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറി പി. സാബു, സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്, പ്രമോദ് എന്നിവരാണു കേസിലെ പ്രതികള്‍. ഇവരെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്. കഞ്ഞിക്കുഴിയിലെ സിപിഎം വിഭാഗീയതയെത്തുടര്‍ന്നു പ്രതികള്‍ സ്മാരകത്തിന് തീവയ്പ് നടത്തിയശേഷം കൃഷ്ണപിള്ളയുടെ പ്രതിമ അടിച്ചുതകര്‍ത്തെന്നാണു കേസ്. 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയായിരുന്നു കൃഷ്ണപിള്ള സ്മാരകം കത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: