ആലപ്പുഴ: വരുന്ന മാസങ്ങളില്‍ കുടിവെള്ളം ക്ഷാമം ഏറുമെന്നാണ് കരുതുന്നതെന്ന് റവന്യൂവകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. വരള്‍ച്ചയുമായി ബന്ധപ്പെട്ട് കൂടിയ ഉദ്യോഗസ്ഥതല അവലോകനയോഗത്തിനുശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലയിടങ്ങളിലും ജലവിതാനം താഴ്ന്നു. തുലാവര്‍ഷം 64 ശതമാനവും കാലവര്‍ഷം 32 ശതമാനവും കുറവാണ് ലഭിച്ചത്. 2013ലെ വരള്‍ച്ചയെ അടിസ്ഥാനമാക്കി വരള്‍ച്ചയുണ്ടായാല്‍ കുടിവെള്ളം ലഭ്യമാകുന്ന സ്രോതസ്, അവിടങ്ങളിലെ നിലവിലെ സ്ഥിതി, വിതരണം ചെയ്യാനുള്ള കിയോസ്ക് സംവിധാനം എന്നിവയെപ്പറ്റി റിപ്പോര്‍ട്ടുകള്‍ തയാറാക്കി നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കുടിവെള്ളക്ഷാമം കന്നുകാലികളെ ബാധിക്കുന്നു. ഇതിനുള്ള പരിഹാര നടപടികളെടുക്കും.
നദികളില്‍ നിന്ന് വെള്ളമെടുക്കുന്ന ആറു പദ്ധതികളാണ് ജില്ലയിലുള്ളതെന്നും നിലവില്‍ സ്രോതസുകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ലെന്നും വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തെ അറിയിച്ചു. 175 കുഴല്‍ക്കിണറുകളില്‍നിന്ന് വെള്ളം വിതരണം ചെയ്യുന്നു. ഭൂഗര്‍ഭ ജലവിതാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. മുതുകുളത്ത് ഒരു കുഴല്‍ക്കിണറും പള്ളിപ്പാട് രണ്ട് കുഴല്‍ക്കിണറും പ്രവര്‍ത്തനരഹിതമായി. പള്ളിപ്പാട് എംഎല്‍എ ഫണ്ടില്‍നിന്ന് പുതിയ കുഴല്‍ക്കിണര്‍ നിര്‍മിക്കാനുള്ള നടപടിയായെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
വരള്‍ച്ച നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളെയും വരള്‍ച്ച ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരില്‍നിന്ന് കൃഷിക്കടക്കം കൂടുതല്‍ ധനസഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹാന്‍ഡ് പമ്പുകളുടെ അറ്റകുറ്റപ്പണിക്കുള്ള ടെന്‍ഡറായെന്ന് ഭൂഗര്‍ഭജലവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെറുകിട ജലവിതരണ പദ്ധതികള്‍ക്ക് അനുമതിയായിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
ഓരുവെള്ളത്തിന്റെ അളവ് കൂടുതലായതിനാല്‍ പാടശേഖരത്തേക്ക് പുറത്തുനിന്നു വെള്ളം കയറ്റേണ്ടെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു. 26,500 ഹെക്ടറിലാണ് പുഞ്ചകൃഷി നടക്കുന്നത്. മൂന്നെണ്ണമൊഴികെ ഓരുമുട്ടുകളുടെയെല്ലാം നിര്‍മാണം പൂര്‍ത്തീകരിച്ചതായി തണ്ണീര്‍മുക്കം ഡിവിഷന് ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: