ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ഊരാണ്മ എട്ടു നമ്പൂതിരികുടുംബങ്ങള്‍ക്കായിരുന്നു. എട്ടൊന്നശ്ശേരിയും പുന്നക്കലുമായിരുന്നു, ഇവരില്‍ പ്രബലര്‍. ചെന്തിട്ട, പട്ടമന, ചിറക്കര, പറത്താനം, അയ്യന്‍കണിക്കല്‍, മംഗലം എന്നീ പേരുകളില്‍ അറിഞ്ഞിരുന്ന ഈ ബ്രാഹ്മണകുടുംബങ്ങളില് പലതും കാലത്തെ അതിജീവിച്ചു. ബ്രാഹ്മണര്‍ക്ക് ഊരാണ്മ ലഭിക്കുന്നതിനു മുന്‍പ് ഏറ്റുമാനൂര്‍ക്ഷേത്രം, ശിവദ്വിജന്മാര്‍ എന്നറിഞ്ഞിരുന്ന മൂത്തതുമാര്‍ക്കു ആയിരുന്നു. വല്യേടത്ത്, തെക്കില്ലം, പാടകശ്ശേരി, ചിറ്റേഴം എന്നീ കുടുംബങ്ങള്‍ക്ക് ഇന്നും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് പ്രത്യേകാവകാശങ്ങളുണ്ട്.
കൊച്ചിയും കോഴിക്കോടുമായുള്ള യുദ്ധങ്ങളില്‍ തെക്കുംകൂറ് പലപ്പോഴും സാമൂതിരിപക്ഷത്തായിരുന്നു. സാമൂതിരി രാജവംശത്തിലെ ഒരു തമ്പുരാട്ടിയുടെ പേരില്‍ ഇന്നും നടക്കുന്ന മാധവിപ്പള്ളിപൂജയുടെ ആരംഭം ഇങ്ങനയാണ്. തെക്കുകൂറുമായി ആദ്യകാലങ്ങളില്‍ അടുപ്പമുണ്ടായിരുന്ന ചെമ്പകശ്ശേരി രാജവംശവും ഏറ്റുമാനൂര്‍ ക്ഷേത്രത്തോടും ഏറ്റുമാനൂര്‍ തേവരോടും എന്നും ഭക്തി കാണിച്ചിരുന്നു. ഉദരരോഗശാന്തിക്കായി ഒരു ദേവനാരായണന് പഞ്ചലോഹത്തില്‍ ഒരു നന്ദിയെ നിര്‍മിച്ച് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനിടയായത് ഇക്കാരണത്താലാണ്.
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് നടന്ന (1749-50) തിരുവിതാംകൂര്‍ സൈന്യത്തിന്റെ മുന്നേറ്റത്തെത്തുടര്‍ന്ന് തെക്കുംകൂര്‍ ഏറ്റുമാനൂരില്‍നിന്ന് പിന്‍വാങ്ങി. പടയോട്ടത്തിന്റെ നാളുകളിലെന്നോ നശിപ്പിക്കപ്പെട്ട ഏറ്റുമാനൂര്‍ ഗോപുരത്തിന്റെ പുനര്‍നിര്‍മാണം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്തുതന്നെ നടന്നു. സ്വര്‍ണക്കൊടിമരത്തിന്റെ നിര്‍മാണം നടന്നതും, ഏഴരപ്പൊന്നാനകളെയും സ്വര്‍ണംകൊണ്ട് നിര്‍മിച്ച വാഴക്കുലയും മറ്റും പ്രായശ്ചിത്തമായി സമര്‍പ്പിക്കുന്നതും ഇതേത്തുടര്‍ന്നായിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ചരിത്രം, മഠം പരമേശ്വരന് നമ്പൂതിരി ഉപസംഹരിച്ചു.
അന്തിമഹാകാള സങ്കല്‍പ്പത്തിലുള്ള ശിവനെയാണ് മൂത്തതുമാര്‍ ഏറ്റുമാനൂരില്‍ പ്രതിഷ്ഠിച്ചത്. ശൈവ-വൈഷ്ണവ ഭേദമില്ലാതെ നമ്പൂതിരിമാര്‍ ശിവനെ അഘോരമൂര്‍ത്തിയായി സങ്കല്പ്പിച്ചു പൂജിക്കാന്‍ തുടങ്ങി. പൂഞ്ഞാര്‍ രാജാവിന്റെ നേതൃത്വത്തില്‍ നടന്ന നവീകരണാനന്തരമാണ് ശരഭമൂര്‍ത്തി എന്ന സങ്കല്പ്പത്തിന് പ്രചാരം വന്നത്. ശൈവ-വൈഷ്ണവ സംഘട്ടനങ്ങള്‍ അസാധാരണമല്ലാത്ത തമിഴ്നാട്ടിലെ അത്യപൂര്‍വമായ ഒരു ശൈവസങ്കല്‍പ്പമായിരുന്ന ശരഭമൂര്‍ത്തി അങ്ങനെയാണ് ഏറ്റുമാനൂരില്‍ എത്തുന്നത്.
കുലച്ച വില്ലുപോലെ കാണുന്ന വില്‍ക്കുളത്തിന് തെക്കുള്ള അന്തിമഹാകാളന്‍ കാവിലായിരുന്നു കാട്ടാമ്പാക്കില്‍ നിന്ന് ഒരു ശിവലിംഗം കൊണ്ടുവച്ചത്. വല്യേടത്തെ ഈശ്വരന് മൂത്തത് പുരാവൃത്തം ഓര്‍മിച്ച് പറയുമായിരുന്നു.
ശുകന്ദേശം ഏറ്റുമാനൂര്‍ ക്ഷേത്രത്തെപ്പറ്റി പരാമര്‍ശിക്കുന്നില്ല. ഉണ്ണുനീലിസന്ദേശവും ക്ഷേത്രത്തെപ്പറ്റിയല്ല ഏറ്റുമാനൂരിനെക്കുറിച്ചാണ് പറയുന്നത്. തിരുവഞ്ചൂര്‍ വഴിയാണ് അന്ന് കടത്തുരുത്തിയില് പോകേണ്ടിയിരുന്നത്. ഉദയനന്റെ മയൂരദൂതത്തില്‍ ഏറ്റുമാനൂരിനെ കൃത്യമായി വര്‍ണിക്കുന്നു.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഊരാള കുടുംബങ്ങളിലൊന്നായ എട്ടൊന്നശ്ശേരിയെ പിന്നീട് തമിഴ്നാട്ടിലെ തിരുവെട്ടിയൂര്‍ ക്ഷേത്രത്തിലെ പതിവുശാന്തിക്കാരായി ചോഴരാജാക്കന്മാര്‍ നിയമിച്ചത് ശങ്കരാചാര്യരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് എട്ടൊന്നശ്ശേരിയുടെ കുടുംബചരിത്രം പറയും.
തിരുവെട്ടിയൂര്‍ ക്ഷേത്രത്തില്‍ ഇപ്പോള്‍ പൂജ നടത്തുന്നത് എട്ടൊന്നശ്ശേരി നിയോഗിച്ച ഒറ്റപ്പാലത്തെ ഒരു നമ്പൂതിരി കുടുംബമാണെന്ന് മാത്രം. ‘മലയാളി മാന്ത്രികന്റെ’ പൂജ തൊഴാന്‍ തമിഴ്നാട്ടിലെ അതിസമ്പന്നരും സിനിമാതാരങ്ങളും പതിവായി എത്താറുണ്ട്.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ദശാസന്ധിക്കാലത്താവണം വില്വമംഗലം വന്നതും തകര്‍ന്നുപോയ ക്ഷേത്രം വീണ്ടും നിര്‍മിക്കാന്‍ കാരണക്കാരനായതും. ഐതിഹ്യങ്ങളെ ചരിത്രകാരന്റെ വീക്ഷണത്തില്‍ അപഗ്രഥിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന മഠം പരമേശ്വരന് നമ്പൂതിരി വിശദീകരിച്ചു. അപ്പോള്‍ ഖരപ്രതിഷ്ഠയെന്ന ഐതിഹ്യമോ? ഖരന് ഒരു ശിവദ്വിജനാകാനാണ് സാധ്യത, മഠം മറുപടി പറഞ്ഞു.
മഠത്തിന്റെ നിരീക്ഷണങ്ങള്‍ ഏറ്റുമാനൂരെപ്പറ്റി പഠിക്കാന്‍ എനിക്ക് ഏറെ പ്രചോദനം നല്കി. വല്യേടത്തു മൂത്തതിന്റെ കൈവശമുണ്ടായിരുന്ന ഗ്രന്ഥവരികള്‍ മലയാളത്തിലാക്കാനുള്ള ശ്രമങ്ങള്‍ പുന്നത്ര ബാലകൃഷ്ണപ്പണിക്കര്‍ ഏറ്റെടുത്തു. ചരിത്രപഠനം നിര്‍വഹിക്കാന്‍ ഞാനും.
കൃതകൃത്യതയോടെ ക്ഷേത്രാനുഷ്ഠാനങ്ങള്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു, ഗ്രന്ഥവരിയില്‍ ഏറെയും. ഉഷഃപൂജയും എതിര്‍പൂജയും പന്തീരടിപ്പൂജയും ഇവിടെമാത്രം പതിവുള്ള മാധവിപ്പള്ളിപ്പൂജയും എങ്ങനെ നടത്തണമെന്ന് ഈ ഗ്രന്ഥവരികളില്‍ വിശദീകരിക്കുന്നു.
ഭണ്ഡാരം തുറക്കേണ്ടതിനെപ്പറ്റിയും ജീവനക്കാര്‍ പരസ്പരം പുലര്‍ത്തേണ്ട മര്യാദകളെപ്പറ്റിയും ആചാരലംഘനം നടത്തിയാല്‍ ഇടേണ്ട പിഴയെപ്പറ്റിയും ഗ്രന്ഥവരി പരാമര്‍ശിക്കുന്നു. സങ്കേതത്തില്‍ നടന്നിരുന്ന വ്യഭിചാരത്തിനും കൊലപാതകത്തിനും കഠിനശിക്ഷകള്‍ വിധിച്ചിരുന്നു. ക്ഷേത്രസ്വത്ത് അപഹരിക്കുന്നവര്‍ക്കും നിര്‍ദാക്ഷിണ്യമായ ശിക്ഷകള്‍ നല്‍കിയിരുന്നു.
പടിഞ്ഞാറേ വാര്യത്തെ രാമന് മതിലകത്ത് വച്ച് അറയ്ക്കല്‍ ശങ്കരനെ (ഇയാളും ഒരു ക്ഷേത്രക്കഴകക്കാരനാകാം) കല്ലുകൊണ്ട് എറിഞ്ഞ് മുറിച്ചതിന് 120 രാശിപ്പണം പിഴയിടാന്‍ കല്പിക്കുന്നതാണ് ഒരു രേഖ. അറയ്ക്കല്‍ ശങ്കരന് രാമവാര്യരെ മറ്റൊരിക്കല്‍ മുറിവേല്‍പ്പിച്ചതിനും 120 രാശിപ്പണം പിഴ അടയ്ക്കാന്‍ ഊരാള സമിതി നിര്‍ദ്ദേശിക്കുന്നു.
വെണ്‍പാലനാടുടയ മണികണ്ഠവര്‍മ്മന്‍ കോതവര്‍മ്മന്‍ കോവിലധികാരികള്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് ദാനമായി നല്കുന്ന നിലങ്ങളെപ്പറ്റിയാണ് മറ്റൊരു ഓലയില്‍ പരാമര്‍ശിക്കുന്നത്. കൊല്ലവര്‍ഷം 927-ാമത് ധനുമാസം 22-ന് തിരുവേറ്റുമാനൂര്‍ മുക്കാല്‍വട്ടത്തിലെ പടിഞ്ഞാറെ ഗോപുരം പണിഞ്ഞതെന്നും തോട്ടക്കകത്തെ ഇളയപണിക്കര്‍ ആണ് അതിന് കണക്ക് തയ്യാറാക്കിയതെന്നും മറ്റൊരു രേഖ അറിയിക്കുന്നു.
കൊല്ലവര്‍ഷം 821-ലാണ് ഭൂഗര്‍ഭത്തിലുള്ള ഭണ്ഡാരം നിര്‍മിച്ചതെന്ന് ഇനിയൊരു രേഖയില്‍ പറയുന്നു. (ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനകളെയും മറ്റും ഭൂഗര്‍ഭത്തിലുള്ള ഈ ഭണ്ഡാരത്തിലാണ് സാധാരണ സൂക്ഷിക്കാറുള്ളത്.) കൊല്ലവര്‍ഷം 927ലാണ് നെല്‍പ്പുരയും ഊട്ടുപുരയും നിര്‍മിച്ചത്. കൊല്ലവര്‍ഷം 929-ാമാണ്ട് സമീപപ്രദേശമായ കാളികാവില്‍ ഭഗവതി ക്ഷേത്രം പുതുക്കി പണിയുന്നതിന് അഷ്ടമൂര്‍ത്തിമംഗലം (ഊരാണ്മസമിതിയിലെ ഒരംഗം) പാടശ്ശേരി (കൈസ്ഥാനിയിലെ ഒരംഗം) എന്നിവരെ ചുമതലപ്പെടുത്തുന്നതിനായി മറ്റൊരു രേഖയില്‍ കാണാം.
ഏറ്റുമാനൂര്‍ ദേവന്റെ ആറാട്ട് മുന്‍കാലങ്ങളില്‍ മീനച്ചിലാറിലായിരുന്നു. ഇതിനായി ഊരാളന്മാരും ഇടപ്രഭുക്കന്മാരും ഉത്സവമൂര്‍ത്തിയെ അനുഗമിച്ചിരുന്നു. കോലടിപണിക്കര്‍, മന്നത്തൂര്‍ പണിക്കര്‍, നാണലത്തു പണിക്കര്‍, കൂഴിക്കോട്ട പണിക്കര്‍, മാമലച്ചേറി കൈമള്‍, ഉള്ളാട്ടില്‍ കൈമള്‍, മുല്ലകുറുപ്പന്‍ കൈമള്‍, കുമ്മണ്ണൂര്‍ കുറുപ്പന് കൈമള്‍, കുറവിലക്കാട് നാല്‍വര്‍, മാന്നാനത്ത് ഇരുവര്‍, നീണ്ടൂര്‍ കാവുടയനായര്‍ എന്നിവര്‍ തിരുവഞ്ചൂരേക്കുള്ള ആറാട്ട് ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നതായും ഏറ്റുമാനൂര്‍ ഗ്രന്ഥവരിയില്‍നിന്നു മനസ്സിലാക്കാം. നടയ്ക്കല്‍ മാപ്പിളമാര്‍ എന്നറിഞ്ഞിരുന്ന ക്രൈസ്തവ കുടുംബത്തിനായിരുന്നു ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള എണ്ണ എത്തിക്കാനുള്ള ചുമതല.
ചുവര്‍ച്ചിത്രങ്ങള്‍
ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിലുള്ള ചുവര്‍ചിത്രങ്ങള്‍ കലാലോകത്തില്‍ ഏറെ പ്രശസ്തമാണ്. ആനന്ദകുമാരസ്വാമിയുടെ 1913 ലെ ഒരു ലേഖനത്തില്‍ പഴയ ദ്രാവിഡ ചിത്രകലയുടെ ഏകമാതൃകയെന്ന് വിശേഷിപ്പിച്ചതാണ് തുടക്കം. പ്രശസ്തകലാനിരൂപകയായ സ്റ്റെല്ലാ ക്രാംറിഷ് പിന്നീട് ഏറ്റുമാനൂരില്‍ വന്നു. തിരുവിതാംകൂറില്‍ അന്ന് ആര്‍ട്ട് അഡൈ്വസറായിരുന്ന ജയിംസ് കസിന്‍സിന്റെ പ്രേരണയില്‍. വര്‍ണചിത്രാഞ്ചിതമായ ഒരു ചിത്രശലഭം അതിന്റെ ഉജ്ജ്വലപ്രഭവിതറി നില്ക്കുംപോലെയാണ് ഈ നടരാജചിത്രമെന്നാണ് സ്റ്റെല്ലാ ക്രാംറിഷ് വിശേഷിപ്പിച്ചത്. പില്ക്കാലത്ത് ഫിലാഡെല്‍ഫിയയിലെ മ്യൂസിയം ക്യുറേറ്റര്‍ ആയിരുന്നകാലത്തും ഏറ്റുമാനൂര്‍ ചിത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി അവര്‍ അന്വേഷിച്ചിരുന്നു. സ്റ്റെല്ലാ ക്രാംറിഷ് മരിക്കുന്നതിന് തൊട്ടുമുന്‍പ് എനിക്കെഴുതിയ ഈ കത്തുകള്‍ നിധിപോലെ ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നു.
മുറുക്കിക്കെട്ടിവച്ച ഒരു രുദ്രവീണയുടെ പ്രതീതിയാണ് ശിവതാണ്ഡവ ചിത്രം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. ശ്രീപരമേശ്വരന്റെ തിരുനൃത്തം എന്ന വിശേഷണമാണ് വാസ്തവത്തില്‍ ഇതിന് ചേരുന്നത്. പരിഷ്കരണവ്യഗ്രരായ ഉദ്യോഗസ്ഥന്മാര് പഴയ ചിത്രത്തിന് പുറത്തുകൂടി നീര്‍ച്ചായങ്ങള്‍ പുരട്ടി വിരൂപമാക്കിക്കളഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നീര്‍ച്ചായങ്ങള്‍ മാറ്റി പ്രകൃതിദത്ത വര്‍ണങ്ങള്‍ പുരട്ടി. അനന്തശയനം, അഘോരമൂര്‍ത്തി, ദ്വാരപാലകന്മാര്, ബാലകൃഷ്ണന്റെ വസ്ത്രാപഹരണം, വേട്ട നടത്തുന്ന ശാസ്താവ് എന്നിവയാണ് ഏറ്റുമാനൂരെ ഗോപുരത്തിലെ ഇതരചിത്രങ്ങള്‍.
ഏറ്റുമാനൂര്‍ ഗ്രന്ഥവരിയില്‍ കാണുന്നതുപോലെ കൊല്ലവര്‍ഷം 927-ാമതു ധനുമാസത്തിനുശേഷമാണ് ഗോപുരനിര്‍മാണം പൂര്‍ത്തിയാക്കുന്നതെങ്കിലും ചിത്രം വരയ്ക്കുന്നതും അതേ വര്‍ഷം ആകാനേ സാധ്യതയുള്ളൂ.
ദാരുശില്‍പ്പങ്ങള്‍
1752 ല്‍ വരച്ചതാണ് ഏറ്റുമാനൂരെ ചിത്രങ്ങള്‍ എന്ന് സ്വാഭാവികമായും അനുമാനിക്കാം. ബലിക്കല്പ്പുരയിലെ മച്ചിലും നമസ്കാരമണ്ഡപത്തിന്റെ മച്ചിലും ശ്രീകോവിലിന്റെ പുറംഭിത്തിയിലുമാണ് ദാരുശില്‍പ്പങ്ങള്‍. ശിവലീലകളാണ് നമസ്കാരമണ്ഡപത്തില്‍ കൊത്തിവച്ചിട്ടുള്ളത്. ശ്രീകോവിലിന്റെ പുറംഭിത്തിയില്‍ ദശാവതാരങ്ങളും രാമായണ കഥാസന്ദര്‍ഭങ്ങളും ശ്രീകൃഷ്ണലീലയും മറ്റും കാണാം. ചുവര്‍ച്ചിത്രങ്ങളെപ്പോലെ കലാപ്രാധാന്യം അര്‍ഹിക്കുന്നവയാണ് ഈ ദാരുശില്‍പ്പങ്ങള്‍. കുഞ്ചന്‍നമ്പ്യാരെപ്പോലൊരു കവിയായിരുന്നുവെങ്കില്‍ കണ്ടു, കണ്ടു എന്നവസാനിക്കുന്ന ഒരു കവിത തന്നെ എഴുതുമായിരുന്നു. വേണു ഗോപാലകൃഷ്ണനും ഏഴു കുതിരകള്‍ പൂട്ടിയ രഥത്തില്‍ ആഗതനാകുന്ന സൂര്യദേവനും ശ്രീരാമപട്ടാഭിഷേകവും മനസ്സില്‍ ഇപ്പോഴുമുണ്ട്. മുട്ടുപാവകളുടെ കൂട്ടത്തിലെ അഷ്ടാവക്രനെയും സാലഭഞ്ജികയെയും ഇവിടെ എത്തുന്നവര്‍ക്ക് മറക്കാന്‍ കഴിയുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: