മഞ്ചേരി(മലപ്പുറം): മഞ്ചേരിയില്‍ വീണ്ടും വന്‍ കുഴല്‍പ്പണവേട്ട. 72 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയിലായി. മഞ്ചേരി സ്വദേശികളായ മര്യാട് പുലിക്കുത്ത് വീട്ടില്‍ മന്‍സൂര്‍ അലി(29). മുട്ടേങ്ങാടന്‍ വീട്ടില്‍ മുഹമ്മദ് ഷഹീദ്(25) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്. 72 ലക്ഷത്തിന്റെ പുതിയ 2000 രൂപയുടെ നോട്ടുകള്‍ കാറിന്റെ ഡോര്പാഡിനുള്ളില് ഒളിപ്പിച്ച നിലയിലായിരുന്നു. പുതിയ നോട്ട് ഇറക്കിയതിന് ശേഷം കേരള പോലീസ് നടത്തിയ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിത്.
ഒരാഴ്ച്ച മുമ്പ് രണ്ടര ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം പട്ടര്‍കുളം സ്വദേശിയേയും, 50 ലക്ഷം രൂപയുമായി രണ്ട് കോഴിക്കോട് സ്വദേശികളെയും മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ മാസം തിരൂരില്‍ നിന്ന് 40 ലക്ഷം രൂപയുടെ കുഴല്‍പ്പണവും പിടിച്ചെടുത്തിരുന്നു.
പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ബാംഗ്ലൂര്‍, മൈസൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കുഴല്‍പ്പണ മാഫിയയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ പണമെത്തിക്കാന്‍ ശ്രമിച്ച ആളുടെ വീട് റെയ്ഡ് ചെയ്തെങ്കിലും പണം പിടിക്കപ്പെട്ട വിവരം അറിഞ്ഞ് അയാള്‍ മുങ്ങിയിരിക്കുകയാണ്. പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു കഴിഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
മലപ്പുറം ഡിവൈഎസ്പി പി.എം.പ്രദീപിന്റെ നേതൃത്വത്തില്‍ മഞ്ചേരി സിഐ കെ.എം.ബിജു, എസ്ഐ കൈലാസ് നാഥ്, എഎസ്ഐ മോഹന്‍ദാസ്, ടി.ശ്രീകുമാര്‍, ഉണ്ണികൃഷ്ണന് മാരാത്ത്, വിജയകുമാര്‍, പി.സഞ്ജീവ്, അഷ്റഫ്, സജയന് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: