കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വതീദേവിയുടെ നടയടച്ചു. 2018 ജനുവരി ഒന്നിനാണ് അടുത്ത നടതുറപ്പ മഹോത്സവം. നടയ്ക്കല്‍ ദിവസവും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇരുപത് ലക്ഷത്തില്‍പ്പരം പേര് ഈ വര്‍ഷം ദര്‍ശനം നടത്തിയെന്നാണ് കണക്ക്.
പാര്‍വതീദേവിയുടെ തോഴിയായി സങ്കല്പ്പിക്കപ്പെടുന്ന പുഷ്പിണിയുടെ സാന്നിദ്ധ്യത്തിലാണ് നട അടയ്ക്കല്‍ ചടങ്ങുകള്‍ നടന്നത്. രാത്രി എട്ടുമണിയോടെ മഹാദേവന്റെ അത്താഴപൂജയ്ക്കു മുമ്പായി ദേവിയെ പാട്ടുപുരയില്നിന്നും ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചു. പിന്നാലെ ക്ഷേത്ര ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി മനക്കാരുടെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനുള്ള സമുദായമായി അവരോധിച്ച തിരുമേനിയും നടയ്ക്കല്‍ സന്നിഹിതരായി.
എല്ലാവരും ദര്‍ശനം നടത്തിക്കഴിഞ്ഞെന്നു വിളിച്ചുചൊല്ലി ഉറപ്പാക്കുന്ന ചടങ്ങിനുശേഷം നട അടയ്ക്കാനുള്ള അനുവാദം സമുദായ തിരുമേനിയില്‍നിന്ന് ലഭിച്ച ഉടന്‍ നടയ്ക്കല്‍നിന്ന് ഭക്തര്‍ ഒഴിഞ്ഞു. തുടര്‍ന്ന് പന്ത്രണ്ട് ദിവസങ്ങള്‍ നീണ്ട ദര്‍ശനോത്സവത്തിന് തിരശീലയിട്ട് പാര്‍വതീദേവിയുടെ ശ്രീകോവില്‍ മേല്‍ശാന്തി അടച്ചു.
അന്നദാനത്തിലും ഈ വര്‍ഷം റിക്കോര്‍ഡ് ഭേദിച്ചു. ഇനിയുള്ള നാളുകള്‍ നടതുറപ്പ് വേളയില്‍ നിര്‍ത്തിവച്ച വിശേഷവഴിപാടുകളുടെ തിരക്കായിരിക്കും. മംഗല്യസൗഭാഗ്യത്തിനുള്ള ഉമാമഹേശ്വര പൂജ, വേളയോത്ത്, ആയുരാരോഗ്യ സൗഖ്യത്തിനുള്ള സര്‍വരോഗ മന്ത്രാര്‍ച്ചന തുടങ്ങിയ പൂജകള്‍ ഇതിനകം മാസങ്ങളുടെ ബുക്കിംഗും നടന്നു. നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് നിരവധി സമൂഹ്യസാംസ്ക്കാരിര രംഗത്തുള്ളവരും മുതിര്‍ന്ന ഉദ്യേഗസ്ഥരും ദര്‍ശനം നടത്തി. സമാപന ദിവസമായി ഇന്നലെ എഡിജിപി ബി. സന്ധ്യയും ഇന്നസെന്റ് എംപിയും ക്ഷേത്രദര്‍ശനം നടത്തി.
ഫെബ്രുവരി 11 മുതല്‍ 18 വരെ ശ്രീമഹാദേവന്റെ തിരുവുത്സവം നടക്കും. പതിനൊന്നിന് കൊടിയേറും. പതിനെട്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവബലി, വിളക്കിനെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, തായമ്പക തുടങ്ങിയവ ഉണ്ടാകും. ആറാട്ട്ദിനം നടക്കുന്ന കഞ്ഞിവീഴ്ത്ത് ചടങ്ങ് വിശേഷപ്പെട്ടതാണ്. ഇതോടൊപ്പം ശ്രീമദ് ഭാഗവത സപ്താഹ യഞ്ജം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: