മുത്തുമോളേ അന്നഞമ്മള് ലങ്കയില്കൊണ്ടാച്ചീ…..’ എന്നവരികള് ഉയര്‍ന്നതോടെ നാടന്‍പാട്ട് വേദിയാണോയെന്ന് പലര്‍ക്കും സംശയമായി. ‘മാപ്പിള രാമായണം’ ആദ്യമായി കേട്ടപലരും നെറ്റി ചുളിച്ചെങ്കിലും മാപ്പിള താളത്തിലും ഭാഷയിലും രാമായണ കഥ വിവരിച്ചപ്പോള്‍ പ്രേക്ഷകര്‍ അറിയാതെ താളമിട്ടു.
ആദ്യമായാണ് ‘മാപ്പിള രാമായണം ‘ നാടന്‍പാട്ട് മത്സര വേദിയിലെത്തുന്നത്. കോഴിക്കോട് വടകര പ്രദേശത്ത് പ്രചാരത്തിലിരുന്ന വായ്മൊഴി പാട്ടാണ് മാപ്പിള രാമായണം. ഇത് എഴുതി തയ്യാറാക്കിയതാരാണെന്ന് ആര്‍ക്കും അറിയില്ല. പക്ഷെ വടകരയിലെ മാപ്പിള സമൂഹത്തിലെ പഴയ തലമുറയുടെ ചുണ്ടത്ത് ഈ പാട്ട് എപ്പോഴും ഉണ്ടാകും. 1976 ല്‍ ടി.എച്ച്.കുഞ്ഞിരാമന് സമാഹരിച്ചത് മാത്രമാണ് ഏക തെളിവ്.
വാത്മീകി രമായണം മാപ്പിള ഭാഷയിലേക്ക് മാറ്റപ്പെട്ടു എന്നതാണ് പ്രത്യേകത. ഒപ്പം മാപ്പിള താളത്തിലാണ് ചൊല്ലല്‍. കഥയിലോ കഥാ പാത്രങ്ങളിലോ വ്യത്യാസമില്ല. വാല്മീകിയെ താടി ഔലവി എന്നും രാവണനെ പാതാളത്തിലെ സുല്‍ത്താനെന്നും ശൂര്‍പ്പണഖയെ ബീവിയെന്നും ഹനുമാനെ വാലുള്ള ഹനുമാന് എന്നുമൊക്കയാണ് ചൊല്ലുന്നത്. ‘രാമ രാമ ‘എന്നുള്ളത് ‘ലാമ ലാമ’ എന്നും ചൊല്ലുന്നു. വടകരയുടെ തനത് ഭാഷയിലാണ് പാട്ട്. പുത്തന്‍ തലമുറയക്ക് ഇത് ഇന്ന് അന്യമാണ്.
ഒറ്റ, മരവി, അറബന, കൈമണി എന്നീ വാദ്യോപകരണങ്ങളുടെ താളത്തിലാണ് മാപ്പിള രാമായണം അവതരിപ്പിച്ചത്. രണ്ട് ടീമുകളാണ് മാപ്പിള രാമായണം വേദിയില്‍ അവതരിപ്പിച്ചത്. മലപ്പുറം കോട്ടയ്ക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തനത് മാപ്പിള വേഷത്തില്‍ രംഗത്ത് അവതരിപ്പിച്ചപ്പോള്‍ കാസര്‍കോട് രാജാസ് എച്ച്എസ്എസ് പകുതി മാപ്പിള വേഷത്തിലും പകുതി കേരളീയ വേഷത്തിലും അവതരിപ്പിച്ചു. റംഷി പടുവം കാസര്‍കോട് രാജാസിനും മനോജ് താനൂര്‍ മലപ്പുറം രാജാസിനും മാപ്പിള രമായണം പഠിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: