മൂവാറ്റുപുഴ: സര്‍ക്കാര്‍ വക കെട്ടിടം സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തി ഉപയോഗിച്ചതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദ്ദേശം. ദേവികുളം കെഡിഎച്ച് വില്ലേജില്‍ താമസക്കാരനായ വിശ്വനാഥന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, സെക്രട്ടറി ഷാജി.കെ.കുര്യന്,മുന്‍ സെക്രട്ടറി ബാബു,ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ഡി.തോമസ്, മൂന്നാര്‍ ടാക്സി ഡ്രൈവേഴ്സ് യൂണിയന് പ്രസിഡന്റ് എസ്.കതിരേശന്, സെക്രട്ടറി വിനായകന് എന്നിവരാണ് എതിര്‍കക്ഷികള്‍. മൂന്നാര്‍ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടം ഒന്ന് മുതല്‍ നാലുവരെയുള്ള എതിര്‍കക്ഷികള്‍ യാതൊരു അനുമതിയുമില്ലാതെ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടം അഞ്ചും ആറും എതിര്‍കക്ഷികള്‍ക്ക് 2001 മുതല്‍ 2016 വരെ ഉപയോഗിക്കുന്നതിനുവിട്ടുനല്കിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. സര്‍ക്കാരിന് വാടകയിനത്തിലും മറ്റും ലഭിക്കേണ്ട വന്‍തുക നഷ്ടമായെന്ന് ഹര്‍ജിയില്‍ പറയുന്നു. കെട്ടിടത്തില്‍ 2001 മുതല്‍ മൂന്നാര്‍ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന് ഓഫീസ് പ്രവര്‍ത്തിച്ചുവരികയാണ്. സമീപത്തെ ടാക്സിസ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത് വാഹനം ഓടിക്കുന്നതിന് അമിത ഫീസാണ് അസോസിയേഷന് ഈടാക്കുന്നത്. ഫീസ് നല്‍കിയില്ലെങ്കില്‍ ടാക്സിസ്റ്റാന്റില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാറില്ല. സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ടൂറിസം പ്രോത്സാഹന സ്ഥാപനമെന്ന വ്യാജേന അഞ്ചും ആറും എതിര്‍കക്ഷികളുടെ നിയന്ത്രണത്തിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഇടുക്കി സബ് കളക്ടര്‍ക്കും ജില്ലാപഞ്ചായത്ത് സെക്രട്ടറിക്കും മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. രണ്ടു മുറികള്ക്കുംകൂടി പ്രതിദിനം കുറഞ്ഞത് 3,000/- രൂപയ്ക്കുമുകളില്‍ വാടക ലഭിക്കുമെന്നിരിക്കെ പ്രതികള്‍ എല്ലാവരും ചേര്‍ന്ന് കുറ്റകരമായി ഗൂഢാലോചന നടത്തി വരുമാനം നഷ്ടപ്പെടുത്തിയത് അഴിമതി നിരോധന വകുപ്പിന്റെ പരിധിയില്‍ വരുമെന്നും ഹര്ജിക്കാരന് പറയുന്നു. ഇടുക്കി വിഎസിബി ഡിവൈഎസ്പി അന്വേഷണം നടത്തി ഫെബ്രുവരി 23-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: