വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൊടുപുഴ: നഗരത്തില്‍ തടിലോറിയിലുടക്കി 11 കെവി പോസ്റ്റ് ഒടിഞ്ഞത് പരിഭ്രാന്തി പരത്തി. വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ വൈകിട്ട് 3.55 ഓടെ തൊടുപുഴ-പൂമാല റൂട്ടില്‍ കാരിക്കോട് നൈനാരുപള്ളിയ്ക്ക് സമീപമാണ് അപകടം നടന്നത്.
ഒടിഞ്ഞ പോസ്റ്റ് നിലത്ത് വീഴാതെ ലോറിയില്‍ ഉടക്കി നിന്നത് പിന്നിലും മുന്നിലുമെത്തിയ വാഹനങ്ങള്‍ക്ക് രക്ഷയായി. ഇളംദേശം സ്വദേശി വാറുണ്ണിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇളംദേശത്ത് നിന്നും റബ്ബര്‍ ഉരുപ്പടിയുമായി തൊടുപുഴയിലേക്ക് വരികയായിരുന്നു 607 ഇനത്തില്‍പെട്ട ലോറി. സമീപത്തായി താഴ്ന്ന് കിടന്ന കേബിളില്‍ ഉടക്കിയതാണ് പോസ്റ്റ് ഒടിയാന്‍ കാരണമെന്നാണ് ലോറി ഡ്രൈവര്‍ പറയുന്നത്.
ഒടിഞ്ഞ പോസ്റ്റില്‍ 11 കെവിയും
പ്രാദേശിക വൈദ്യുതി ലൈനും നിരവധി ഫ്യൂസുകളും ഉണ്ടായിരുന്നു. ലോറിയുടെ പിന്‍ഭാഗത്ത് തട്ടി പോസ്റ്റ് ഉടക്കി നിന്നത് പിന്നാലെ വന്ന സ്വകാര്യ ബസിലെ യാത്രക്കാര്‍ക്ക് രക്ഷയായി. തൊടുപുഴ-പൂമാല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കാന്തീസ് ബസിലെ 60 ഓളം വരുന്ന യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ലോറിയ്ക്ക് തൊട്ടുപിന്നിലായി തന്നെ ബസും ഉണ്ടായിരുന്നു. എതിര്‍വശത്ത് സ്കൂള്‍ കുട്ടികളുമായി വണ്ടി കയറി വന്നത് നാട്ടുകാരെ അങ്കലാപ്പിലാക്കി. വണ്ടി കടന്ന് പോകില്ലെന്ന് അറിയിച്ചിട്ടും ഡ്രൈവര്‍ വണ്ടിയുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. ഈ സമയത്ത് ഒരു കാക്ക പൊട്ടികിടന്ന വൈദ്യുതി ലൈന്‍ മുകളില്‍ വന്നിരിക്കുകയും തുടര്‍ന്ന് ലൈന്‍കമ്പികള്‍ കൂട്ടി മുട്ടി തീ പടര്‍ന്നത് ഏവരേയും പരിഭ്രാന്തിയിലാക്കി. ഇതേ സമയം സ്വകാര്യ ബസില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടുകയാണ് ചെയ്തത്.
ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ പോസ്റ്റ് നീക്ക
ം ചെയ്തത്. ഈ സമയം ഗതാഗതവും തടസ്സപ്പെട്ടു. ഏകദേശം 20000 ത്തോളം രൂപ മുടക്ക് വരുമെന്നും ഇത് വാഹന ഉടമയില്‍ നിന്നും ഈടാക്കി ഇന്ന് പോസ്റ്റ് മാറി സ്ഥാപിക്കുമെന്നും സബ് എഞ്ചിനീയര്‍ പറഞ്ഞു. 11 കെ വി എതിര്‍വശത്തെ പോസ്റ്റിലേക്ക് മാറ്റി താല്‍ക്കാലികമായി ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. 30തോളം വരുന്ന വീട്ടുകാര്‍ക്ക് നാളെ വൈകുന്നേരത്തോടുകൂടി മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവെന്നും അദ്ദേഹം പറഞ്ഞു. കട്രോള്‍ റൂം എസ്ഐ അബ്ദുള്‍ ഖാദറും സംഘവും സ്ഥലത്തെത്തിയിരുന്നു. വീതികുറഞ്ഞ റോഡും അമിത ഭാരവുമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: