നിലമ്പൂര്‍: 93 വയസുളള കുടിയേറ്റ കര്‍ഷകന്റെ ഭൂമി തട്ടിയെടുത്ത കേസില്‍ കോടതി വിധിച്ച നഷ്ടപരിഹാര തുക പൂര്‍ണ്ണമായും അടക്കാത്തതിനെ തുടര്‍ന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ അറസ്റ്റ് വാറണ്ട് മഞ്ചേരി സബ് കോടതി പിന്‍വലിക്കാന്‍ തയ്യാറായില്ല. പലിശസഹിതം 3,36,719 രൂപ അടക്കേണ്ടിടത്ത് ഇന്നലെ 2,22804 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റാണ് കോടതിയില്‍ ഹാജരാക്കിയത്. ഇത് അംഗീകരിക്കാന്‍ ജഡ്ജി കെ.പി.പ്രദീപ് തയ്യാറായില്ല. തുക പൂര്‍ണ്ണമായും അടക്കാതെ വാറണ്ട് പിന്‍വലിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. കേസില്‍ എംഎല്‍എയെ ഫെബ്രുവരി രണ്ടിന് അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
എംഎല്‍എയെ തേജോവധം ചെയ്യാന്‍ അഡ്വ.പി.എ. പൗരന് രാഷ്ട്രീയ ഗൂഢാലോചന നടത്തി എന്ന അന്‍വറിന്റെ അഭിഭാഷകന് സഫറുള്ളയുടെ വാദം കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്കും മാപ്പു പറയലിനും ഇടയാക്കി. കേസുമായി ബന്ധമില്ലാത്ത ഇത്തരം കാര്യങ്ങള്‍ കോടതിയിലല്ല വീട്ടില്‍ പോയാണ് പറയേണ്ടത് എന്നായി പൗരന്. ഇതോടെ കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെങ്കില്‍ പുറത്തുപോകാമെന്ന് ജഡ്ജി പറഞ്ഞു. ഇതോടെ അന്‍വറിന്റെ അഭിഭാഷകന് സഫറുള്ള കോടതിയില്‍ ക്ഷമാപണം നടത്തുകയായിരുന്നു. 21ന് കേസ് വീണ്ടും പരിഗണിക്കും.
അറസ്റ്റ് വാറണ്ട് വന്നതോടെ അവശേഷിക്കുന്ന മുഴുവന്‍ തുകക്കുമുള്ള ഡിമാന്റ് ഡ്രാഫ്റ്റ് 13ന് എടുത്തെങ്കിലും വാദിഭാഗം അഭിഭാഷകന് പി.എ.പൗരന് ഓഫീസ് പൂട്ടിപോയതിനാല്‍ കൈമാറാനും വാറണ്ട് പിന്‍വലിപ്പിക്കാനുമായില്ലെന്നാണ് എം.എല്‍.എ വിശദീകരിച്ചത്. എന്നാല്‍ ഇതിനു വിരുദ്ധമായി മുഴുവന്‍ തുകക്കുമുള്ള ഡിഡി കോടതിയില്‍ നല്കാന് എം.എല്‍.എക്കു കഴിഞ്ഞില്ല. ഇതോടെയാണ് വാറണ്ട് പിന്‍വലിക്കാന്‍ കോടതി തയ്യാറാകാതിരുന്നത്.
93 വയസുള്ള കുടിയേറ്റ കര്ഷകന് മഞ്ചേരി മാലാംകുളം വാഴത്തോട്ടില്‍ സി.പി ജോസഫിന്റെ സ്ഥലം വാങ്ങിയതില്‍ കരാര്‍ പ്രകാരം പണം നല്‍കാതിരിന്നുവെന്നും അനധികൃതമായി നാല് കൂടുതല്‍ സ്ഥലം സ്വന്തമാക്കിയെന്നും ആയിരുന്നു കേസ്.
മഞ്ചേരിയില്‍ നൂറേക്കറോളം സ്ഥലം വാങ്ങി അന്‍വര്‍ തുടങ്ങിയ മെട്രോ വില്ല ഹൗസിങ് കോംപ്ലക്സ്, അമ്യൂസ്മെന്റ് പാര്‍ക്ക്, സ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡിന് വീതികൂട്ടുന്നതിന് സി പി ജോസഫിന്റെ 19 സെന്റ് സ്ഥലം വാങ്ങുകയായിരുന്നു. എന്നാല്‍ രാത്രി ജെസിബി ഉപയോഗിച്ച് റോഡ് ശരിയാക്കുന്നതിന്റെ മറവില്‍ നാല് സെന്റില്‍ കൂടുതല്‍ ഭൂമി അന്‍വര്‍ സ്വന്തമാക്കിയെന്നാണ് പരാതി. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്ന് ജോസഫ് അഡ്വ പിഎ പൗരന് മുഖേന അന്‍വറിനെതിരെ മഞ്ചേരി സബ് കോടതിയിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ 10 ശതമാനം പലിശ സഹിതം അന്‍വര്‍ 21,22804 രൂപ നല്‍കണമെന്ന് 2014 ആഗസ്റ്റ് 14ന് കോടതി വിധിച്ചിരുന്നു. രണ്ടരവര്‍ഷമായിട്ടും വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് മൂന്നു തവണ അന്‍വറിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: