മേലാറ്റൂര്‍: ഒരു വര്‍ഷം രണ്ട് സംസ്ഥാന കലോത്സവങ്ങളില്‍ പങ്കെടുക്കുക, രണ്ടിലും മികച്ച പ്രകടനം കാഴ്ചവെക്കുകയെന്നത് ചെറിയ കാര്യമല്ല. പെരിന്തല്‍മണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ശ്രീഷ്മ കൃഷ്ണനാണ് നൃത്തവേദികള്‍ കീഴടക്കി മുന്നേറുന്നത്.
ഒക്ടോബറില്‍ തൊടുപുഴയില്‍ നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ തന്നെ നടന്ന വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ രണ്ടാംസ്ഥാനവും നാടോടിനൃത്തത്തില്‍ എ ഗ്രേഡും ഈ മിടുക്കി നേടി. നാലാം ക്ലാസ് മുതല്‍ സിബിഎസ്ഇ കലോത്സവ വേദികളിലെ നിറസാന്നിധ്യമാണ്.
മേലാറ്റൂര്‍ അമ്പാടിയില്‍ കൃഷ്ണന്‍കുട്ടിയുടെയും ബീനയുടെയും മകളായ ശ്രീഷ്മ മൂന്നര വയസ്സ് മുതല്‍ നൃത്തം പഠിക്കുന്നുണ്ട്.
13 വര്‍ഷത്തെ ആ അധ്വാനം വേദികളില്‍ പ്രതിഫലിക്കുന്നുമുണ്ട്. ബൈജു മങ്കടയാണ് ഗുരു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അദ്ധ്യാപകരുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് തന്റെ വിജയമെന്ന് ശ്രീഷ്മ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: