മലപ്പുറം: വരള്‍ച്ച രൂക്ഷമായതോടെ ജില്ലയിലെ വിവിധ പഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ ഭൂരിഭാഗവും വരണ്ടുണങ്ങുന്നു. വരള്‍ച്ചയെ നേരിടാന്‍ പദ്ധതിതകള്‍ ആവിഷ്ക്കരിക്കേണ്ട തദ്ദേശ സ്ഥാപനങ്ങള്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ പോലും ആരംഭിച്ചിട്ടില്ല.
പെരിന്തല്‍മണ്ണ, കുരുവമ്പലം, ചെമ്മലശ്ശേരി, കട്ടുപ്പാറ, പാലൂര്, മലപ്പുറം, കോട്ടക്കല്‍, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുളങ്ങളും തോടുകളും പൂര്‍ണ്ണമായി വറ്റിവരണ്ട അവസ്ഥയിലാണ്. ഭാരതപ്പുഴയുടെ അവസ്ഥ പറയുകയും വേണ്ട. ഒരിക്കല്‍ കേരളത്തിന്റെ മുഴുവന്‍ ദാഹം തീര്‍ത്തിരുന്ന ഭാരതപ്പുഴ ചെറിയൊരു നീര്ചാലായി മാറിയിരിക്കുകയാണ്.
പെരിന്തല്‍മണ്ണ കുരുവമ്പലം പുതാനികുളമ്പിലെ ജനങ്ങളുടെ കുടിവെള്ളത്തിന് പരിഹാരമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം എംഎല്‍എ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മിച്ച മാലാപ്പറമ്പ് എടത്തറ ചോലയും വരള്‍ച്ചയുടെ കാഠിന്യത്തില്‍ നീരുറവവറ്റിയ അവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മാസങ്ങളോളം തെളിനീരൊഴുകിയിരുന്ന ഇവിടുത്തെ നീരുറവയും വേനലിന്റെ തുടക്കത്തില്‍ വറ്റിയതോടെ ഈ പദ്ധതിയുടെ ഗുണഫലം നാട്ടുകാര്‍ക്ക് ലഭ്യമാക്കാനായില്ല. കുരുവമ്പലം കോരങ്ങാട് കുളം-കട്ടുപ്പാറയിലെ പൂക്കോട്ടു കുളം എന്നിവയും വരള്‍ച്ച ഭീഷണിയിലാണ്. കുളങ്ങളും കിണറുകളും വറ്റി വരളുന്നതോടെ വരും ദിവസങ്ങള്‍ പ്രദേശങ്ങളില്‍ രൂക്ഷമായ ശുദ്ധ ജലക്ഷാമത്തിന് ഇടയാകുമെന്ന് കരുതുന്നു. ചെമ്മലശ്ശേരി, പാലൂര് പാടശേഖരങ്ങളിലൂടെ ഒഴുകിയിരുന്ന തോടുകള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വറ്റി വരണ്ട കാഴ്ച മുന്‍പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനധികൃത കയ്യേറ്റങ്ങള്‍ കാരണം ഈ ഭാഗത്തെ തോടുകള്‍ ഏറെ കുറെ നശിച്ചമട്ടാണ്. മഴക്കാലത്ത് നിറഞ്ഞൊഴുകി പാഴാവുന്ന വെള്ളം തോടുകളില്‍ ചിറകെട്ടി വേനലിലേക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ ഒരുപരിധിവരെ ഇപ്പോള്‍ അനുഭവപെടുന്ന വരള്‍ച്ചക്ക് പരിഹാരമായിരുന്നുവെന്നാണ് കര്ഷകരടക്കമുള്ളനാട്ടുകാരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: