മുംബൈ: എമാന് അഹമ്മദിന്റെ ശസ്ത്രക്രിയക്കായി വമ്പന്‍ ഓപ്പറേഷന് തീയേറ്റര്‍ തയ്യാറാകുന്നു. മുംബൈയില്‍ ചര്‍ണി റോഡിലെ സെയ്ഫി ആശുപത്രിയിലാണ് ലോകത്തെ ഏറ്റവും ഭാരമുളള സ്ത്രീയുടെ ശസ്ത്രക്രിയയ്ക്ക് 3000 ചതുരശ്ര അടിയുള്ള തീയേറ്റര്‍ പണിയുന്നത്. 500 കിലോയുളള ഈജിപ്തുകാരി എമാന് അഹമ്മദിനെയാണ് ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നത്.
പ്രധാന കെട്ടിടത്തിന്റെ താഴത്തെ നിലയ്ക്ക് പിന്നില്‍ 3000 ചതുരശ്ര അടിയില്‍ സംവിധാനങ്ങള്‍ സജ്ജമാക്കി. ശസ്ത്രക്രിയ മുറിയും തീവ്രപരിചരണ വിഭാഗവും ഡോക്ടര്‍മാര്‍ക്കുളള മുറിയും അറ്റന്ഡര്ക്കുളള മുറിയും രണ്ട് വിശ്രമ മുറികളും ഒരു വീഡിയോ കോണ്‍ഫറന്‍സിങ് മുറിയുമാണ് നിലവില്‍ തയ്യാറാക്കുന്നത്.
ഒറ്റ കിടപ്പമുറിയുളള ആശുപത്രിയെന്ന് വിശേഷിപ്പിക്കുന്ന ഈ സംവിധാനത്തിനായി രണ്ട് കോടി രൂപയാണ് ചെലവ്. ഏഴ് അടി വീതിയുളള വാതിലും ഏഴ് അടിയുളള കിടക്കയുമാണ് ഇവിടെ തയാറാക്കിയിട്ടുളളത്.
വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ ഒരു സംഘത്തെ ശസ്ത്രക്രിയയ്ക്കും പരിചരണത്തിനുമായി നിയോഗിച്ച് കഴിഞ്ഞു. ആശുപത്രിയിലെ വണ്ണം കുറയ്ക്കല്‍ ശസ്ത്രക്രിയയുടെ മുഖ്യ കണ്‍സള്‍ട്ടന്റായ ഡോ. മുഫസല്‍ ലക്ഡവാല, ഒരു ഹൃദ്രോഗവിദഗ്ദ്ധന്, ഒരു ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ദ്ധന്, എന്‍ഡോക്രിനോളജിസ്റ്റ്, നെഞ്ചുരോഗ വിദഗ്ദ്ധന്, രണ്ട് തീവ്രപരിചരണ വിഭാഗം വിദഗ്ദ്ധര്‍, മൂന്ന് അനസ്തറ്റിസ്റ്റുകള്‍, തുടങ്ങിയവരാകും ഇമാനെ ശസ്ത്രക്രിയ നടത്തുക. ശസ്ത്രക്രിയയ്ക്ക് ശേഷം മുഴുവന്‍ സമയവും ഇവരുടെ സേവനം ഇമാന് വേണ്ടി നീക്കി വയ്ക്കും.
അമിത വണ്ണം മൂലം 25 വര്‍ഷമായി കെയ്റോയിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ് ഇമാന് അഹമ്മദ് എന്ന മുപ്പത്താറുകാരി. പ്രമേഹം, ആസ്തമ, രക്താതിസമ്മര്‍ദ്ദം, വിഷാദരോഗം തുടങ്ങിയവയും ഇവരെ അലട്ടുന്നു. ഇവരുടെ അവസ്ഥ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെ അറിയച്ച ഡോ. ലക്ഡവാല ഇവരെ മുംബൈയില്‍ എത്തിക്കാനുളള ഫണ്ട് സ്വരൂപിച്ചു.
വാലയുടെ ട്വീറ്റിനോട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും അനുഭാവപൂര്‍വ്വമാണ് പ്രതികരിച്ചത്. ഇമാനെ ഇന്ത്യയിലെത്തിക്കാന്‍ എല്ലാസഹായവും അവര്‍ വാഗ്ദാനം ചെയ്തു.
ഇവര്‍ എന്ന് മുംബൈയിലെത്തുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ശസ്ത്രക്രിയയ്ക്കുളള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
തികച്ചും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയാനന്തര ചെലവുകള്‍ക്കും ഇവരുടെ കുടുംബത്തിന് പണം ചെലവിടേണ്ടതില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് മാസത്തോളം ഇവര്‍ ലക്ഡവാലയുടെ നിരീക്ഷണത്തിലായിരിക്കും.
ആശുപത്രിയുടെ നിര്‍മാണ ജോലികള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തികരിക്കും. പത്ത് ദിവസം കൊണ്ട് എഴുപത് ശതമാനം പണി പൂര്‍ത്തിയായിക്കഴിഞ്ഞു. വിമാനക്കമ്പനികളുമായും ആംബുലന്‍സ് സേവനങ്ങളുമായും ഡോക്ടര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.
സഹോദരി ചയ്മ അബ്ദുലാതിയാണ് ഇമാന് അഹമ്മദിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്നത്. വിദ്യാഭ്യാസകാലത്തുണ്ടായ ഒരുപക്ഷാഘാതത്തെ തുടര്‍ന്നാണ് ഇമാന് ശയ്യാവലംബിയായത്. അന്ന് മുതല്‍ ഭക്ഷണം കഴിപ്പിക്കലും വസ്ത്രം മാറ്റലും തന്റെ കടമയായി എന്നും ചയ്മ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: