തൃശൂര്‍: നോട്ടുനിരോധന വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിലപാടും കള്ളപ്പണക്കാരെ സഹായിക്കുന്ന കേരളത്തിലെ ഇടതുവലതു മുന്നണികളുടെ നിലപാടുകളും പൊതുജനമധ്യത്തില്‍ തുറന്നുകാണിക്കുന്നതിന് എട്ടുമുതല്‍ 12 വരെ ബിജെപി പ്രചരണയാത്ര സംഘടിപ്പിക്കുന്നു.ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനപ്രകാരം കേരളത്തെ നാലു മേഖലകളാക്കി തിരിച്ച് 35 അസംബ്ലി നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന രീതിയില്‍ നാലു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് യാത്രകള്‍ നടത്തുന്നത്.പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 36 നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട പാലക്കാട് മേഖല യാത്ര സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് നയിക്കും.
എട്ടിന് വൈകീട്ട് അഞ്ചിന് പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമ്മേളനത്തില്‍ ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന് യാത്ര ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറിയും പാലക്കാട് മേഖല പ്രചരണയാത്ര കണ്‍വീനര്‍ എ.കെ.നസീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.രാജ്യത്ത് സാമ്പത്തിക ശൂദ്ധീകരണം ലക്ഷ്യമാക്കിയുള്ള നടപടിയുടെ ഭാഗമായി റിസര്‍വ്വ് ബാങ്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അതിനോടൊപ്പം നില്‍ക്കുന്നതിന് പകരം അഴിമതിക്കാരെയും കള്ളപ്പണക്കാരംയും സഹായിക്കുന്ന നിലപാടാണ് ഇടത് വലത് മുന്നണികള്‍ സ്വീകരിക്കുന്നതെന്ന് നസീര്‍ പറഞ്ഞു.
സംസ്ഥാന നേതാക്കളായ എംഎസ് സമ്പൂര്‍ണ്ണ,എന്‍.ശിവരാജന്,നാരായണന് മാസ്റ്റര്‍,ടിജി.ജോസഫ് എന്നിവര്‍ പാലക്കാട് മേഖലാ യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും.ഒരു നിയമസഭാമണ്ഡലത്തില്‍ ഒരു സ്വീകരണം എന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.കേന്ദ്രമന്ത്രിമാര്‍,ദേശീയ സെക്രട്ടറി എച്ച്.രാജ,നേതാക്കളായ വി.മുരളീധരന്,കുമ്മനം രാജശേഖരന് എന്നിവര്‍ വിവിധ യോഗങ്ങളില്‍ സംബന്ധിക്കും.12ന് വൈകീട്ട് ആറിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനം ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.മദ്ധ്യ മേഖലാ സെക്രട്ടറി എ. ഉണ്ണികൃഷ്ണന്,ജില്ലാ വൈസ്പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത്,ജനറല്‍ സെക്രട്ടറി കെകെ.അനീഷ് കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: