തൃശൂര്‍: സിപിഎമ്മിന്റെ മനുഷ്യചങ്ങലയില്‍ വിദേശികളെ അണിനിരത്തിയത് നിയമ നടപടികളിലേക്ക്. തൊഴില്‍, പഠന വിസകളിലെത്തിയ വിദേശികള്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നത് നിയമലംഘനമാണെന്ന് കാണിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.ആര്.ഹരി എസ്പിക്ക് പരാതി നല്കി. വിസ ചട്ടങ്ങളുടെ ലംഘനമാണിത്. തൊഴിലിനായോ പഠനത്തിനായോ രാജ്യത്തെത്തുന്നവര്‍ ഇവിടെ ഒരുതരത്തിലുമുള്ള സമരത്തിലോ പ്രതിഷേധ പരിപാടികളിലോ പങ്കെടുക്കരുതെന്നാണ് നിയമം.
ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങള്‍ ഇവര്‍ക്കില്ല. രാജ്യത്തെ പൗരന്മാരല്ലാത്ത ഇവര്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നതും പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നതും ഗുരുതരമായ നിയമലംഘനമായാണ് ഇന്ത്യന്‍ ശിക്ഷാനിയമം കാണുന്നത്. ഈ സാഹചര്യത്തിലാണ് അഡ്വ. കെ.ആര്.ഹരി ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുള്ളത്.
നടത്തറ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ പുത്താടത്ത് രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിദേശവനിതകള്‍ മനുഷ്യചങ്ങലയില്‍ നിന്നതിന്റെ ദൃശ്യങ്ങള്‍ വന്നത്. ചിലപത്രങ്ങളിലും ഇതുസംബന്ധിച്ച ദൃശ്യങ്ങളും വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഫ്രഞ്ച് വനിതയായ പാസ്കല്ബോര്ജിയോണ്, പോളണ്ടുകാരിയായ എലിസബത്ത് എന്നിവരാണ് മനുഷ്യചങ്ങലയില്‍ പങ്കെടുത്തത്.
വിദേശികള്‍ പങ്കെടുത്ത ചിത്രങ്ങള്‍ സിപിഎം എറണാകുളം ജില്ലാസെക്രട്ടറി പി.രാജീവും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതും വിവാദമായിട്ടുണ്ട്. വിസ ചട്ടലംഘനത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സിപിഎം നേതാക്കള്‍ പെരുമാറിയെന്നാണ് ആക്ഷേപം. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിയുടെ പകര്‍പ്പ് വിദേശകാര്യവകുപ്പിനും ആഭ്യന്തരവകുപ്പിനും അയച്ചുകൊടുത്തതായും അഡ്വ. ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: