തൃശൂര്‍: വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് എക്സ്പ്ലോസീവ്സ് വിഭാഗം മുന്നോട്ടുവെച്ചിരിക്കുന്ന നിബന്ധനകളിലും നിയന്ത്രണങ്ങളിലും ഇളവുകള്‍ വരുത്തി വെടിക്കെട്ട് സുഗമമായി നടത്താനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ദേവസ്വം അധികൃതര്‍ കേന്ദ്രമന്ത്രിയെകാണാന് ഡല്‍ഹിക്ക് തിരിച്ചു. തൃശൂര്‍ പൂരത്തിന്റെ പ്രധാന നടത്തിപ്പുകാരായ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍, പൂരം ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, ആറാട്ടുപുഴ പൂരം കമ്മിറ്റി ഭാരവാഹികള്‍ എന്നിവരാണ് കഴിഞ്ഞദിവസം ഡല്‍ഹിക്ക് പോയത്. കോര്പ്പറേഷന് കൗണ്‍സിലരും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എം.എസ്.സംപൂര്ണയും ഇവര്‍ക്കൊപ്പമുണ്ട്. കേന്ദ്രന്ത്രി നിര്‍മല സീതാരാമനുമായാണ് ദേവസ്വം അധികൃതര്‍ ചര്‍ച്ച നടത്തുക.
വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് എക്സ്പ്ലോസീവ് ഡിപ്പാര്‍ട്ട്മെന്റ് മുന്നോട്ടുവെച്ച നിബന്ധനകളും നിര്‍ദ്ദേശങ്ങളും തൃശൂര്‍പൂരം വെടിക്കെട്ടടക്കം കേരളത്തിലെ പല പ്രധാന വെടിക്കെട്ടുകളേയും പ്രതികൂലമായി ബാധിക്കുമെന്നും വെടിക്കെട്ട് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയെ നേരത്തെ തന്നെ ബിജെപി സംസ്ഥാന വൈസ്പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ കണ്ടിരുന്നു. ഇത് സംബന്ധിച്ച് നിവേദനവും നല്‍കിയിരുന്നു, തുടര്‍ന്നാണ് കൂടിക്കാഴ്ചക്കും ചര്‍ച്ചക്കുമായി കേന്ദ്രമന്ത്രി ദേവസ്വം അധികൃതരെ വിളിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: