ചാലക്കുടി: നിരവധി കേസുകളിലെ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് നെടുമങ്ങാട് സജിന മന്‍സിലില്‍ നസീമിനെ(47) പോലീസ് പിടികൂടി.ചാലക്കുടി സിഐ എം കെ കൃഷ്ണനും കൊരട്ടി എസ്ഐ എം ജെ ജിജോയും ചേര്‍ന്ന് തിരുവല്ലക്കടുത്ത് കവിയൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി ആര് നിശാന്തിനിയുടെ നിര്‍ദേശപ്രകാരം തമിഴ്നാട്, കേരളത്തിലെ തെക്കന്‍ ജില്ലകള്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
20 ാം വയസ്സില്‍ നെടുമങ്ങാട് നിന്നും തിരുവല്ലയിലെത്തി സ്വന്തമായി ജ്വല്ലറി തുടങ്ങിയിരുന്നതായി പോലിസ് പറഞ്ഞു.തുടര്‍ന്ന് മോഷണ മുതലുകല്‍ വാങ്ങിയതിന് പിടിയിലായതിന് ശേഷം കുപ്രസിദ്ധ മോഷ്ടാവ് മുരുകനുമൊത്ത് വീടുകളില്‍ മോഷണം സ്ഥിരമാക്കുകയായിരുന്നു.2007ല്‍ കൊരട്ടി കിന്ഫ്രക്കടുത്ത് വാലയില്‍ ജോയിയുടെ വീട്ടില്‍ നിന്നും അലമാര തകര്‍ത്ത് 20 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതിനും കൊരട്ടി കുലയിടത്ത് വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ ഒന്നരപവന്‍ സ്വര്‍ണ്ണമാല കവര്‍ന്നതിനും ഇയാള്‍ക്കെതിരെ കൊരട്ടി സ്റ്റേഷനില്‍ കേസ്സ് നിലവിലുണ്ട്.
മുവ്വാറ്റുപുഴ അരക്കുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയുടെ ആഭരണങ്ങള്‍ കവര്‍ന്നതിനും ബാത്ത് റൂമിന്റെ വെന്റിലേറ്ററുകള്‍ തകര്‍ത്ത് ബഡ്റൂമില്‍ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ താലിമാല കവര്‍ന്നതിനും ജനലിലൂടെ കൈയ്യിട്ട് ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ മാലകള്‍ അപഹരിച്ചതിനും മൂവ്വാറ്റുപുഴ സ്റ്റേഷനില്‍ കേസ്സുണ്ട്.
ഈ കേസ്സുകളില്‍ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിട്ടുള്ള പ്രതി 2007ല്‍ കോടനാട് ഓടപ്പിള്ളിയിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ വാതില്‍ തകര്‍ത്ത് അലമാരിയില്‍ സൂക്ഷിച്ചിരുന്ന നാല് പവന് സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്നിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. ചെങ്ങന്നൂര്‍, പാമ്പാടി, കുറുപ്പംപടി, ആലുവ, അങ്കമാലി തുടങ്ങിയ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസ്സുകള്‍ നിലവിലുണ്ട്.
മോഷണം നടത്തിയ വസ്തുക്കള്‍ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വില്പന നടത്തുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. സതീശന് മടപ്പാട്ടില്‍, വി. എസ് അജിത് കുമാര്‍, വി യു സില്‍ജോ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: