തൃശൂര്‍: അവിണിശ്ശേരി പഞ്ചായത്തില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി നടപ്പിലാക്കും പദ്ധതിക്കാവശ്യമായ തുക നല്‍കുമെന്ന് റിച്ചാര്‍ഡ് ഹേ എംപി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ ഇന്‍ഷൂറന്‍സ് പഞ്ചായത്ത്, ക്ലീന്‍ അവിണിശ്ശേരി പദ്ധതി എന്നിവയുടെ പ്രഖ്യാപനവും എംപി നിര്‍വഹിച്ചു.
ഇന്ത്യയിലെ മാതൃകാ പഞ്ചായത്തായി അവിണിശ്ശേരിയെ മാറ്റും. പട്ടണങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഗ്രാമങ്ങളിലും കൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. സമൂഹത്തിലെ അടിത്തട്ടില്‍ കഴിയുന്നവരുടെ ആവശ്യങ്ങളറിഞ്ഞ് അത് നിറവേറ്റാനുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. അവിണിശ്ശേരിയുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയിലെത്തിക്കുമെന്നും റിച്ചാര്‍ഡ് ഹേ പറഞ്ഞു. അവിണിശ്ശേരി സെന്റ് ജോസഫ് സ്കൂളിന്റെ അടിസ്ഥാന വികസനത്തിനുവേണ്ടി അഞ്ചുലക്ഷം രൂപ അനുവദിച്ചതായും എംപി അറിയിച്ചു.
ഗീതാഗോപി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ആനക്കല്ല് മുതല്‍ പൂച്ചുന്നിപ്പാടം വരെയുള്ള റോഡ് വികസിപ്പിക്കാന്‍ ആറുകോടിയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ആനക്കല്ല് സെന്ററില്‍ രണ്ടുകോടി രൂപ ചെലവഴിച്ച് സൗന്ദര്യവത്കരണം നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
ചുരുങ്ങിയകാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പഞ്ചായത്ത് ഭരണസമിതിയെ എംഎല്‍എ ചടങ്ങില്‍ അഭിനന്ദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂര്യഷോബി, വൈ.പ്രസിഡണ്ട് സി.കെ.നന്ദകുമാര്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ പി.കെ.ലോഹിതാക്ഷന്, പി.എന്‍.സുനില്‍കുമാര്‍, റോസിലി ജോയി, എ.പി.തങ്കമണി, ഗീത സുകുമാരന്‍, ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, കെ.ശശിധരന്, ഷീല മോഹന്‍, കെ.എ.പ്രദീപ്, പി.ജെ.ജോയ്, ടി.കെ.രാമചന്ദ്രന്, ഇ.എസ്.പ്രതീഷ്, ബിന്ദുവര്‍മ്മ, എം.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു. ഇന്‍ഷൂറന്‍സ് കാര്‍ഡുകളുടെ വിതരണം നടത്തി. തൃശൂര്‍ ജില്ലയില്‍ ബിജെപി ഭരിക്കുന്ന ഏക തദ്ദേശ ഭരണസ്ഥാപനമാണ് അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: