ചാലക്കുടി: നാടെങ്ങും ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ തന്റേതായ ശൈലിയിലൂടെ ആരാധകരെ വിസ്മയിപ്പിച്ചിരുന്ന ചാലക്കുടിയുടെ കറുത്ത് മുത്ത് കലാഭവന്‍ മണിയുടെ പാടി ഇന്ന് അനാഥമാണ്.ചാലക്കുടി പുഴയോരത്തുള്ള ഒന്നരയേക്കറോളം വരുന്ന പാടിയില്‍ എല്ലാ വര്‍ഷവും വലിയ ക്രിസ്തുമസ് ക്രിബ്ബാണ് മണി ഒരുക്കിയിരുന്നത്.സിനിമയില്‍ സജീവമായ കാലം മുതല്‍ ഈ പതിവ് മുടക്കാറില്ലായിരുന്നു.ഇതിന് പുറമെ ചാലക്കുടി പള്ളിക്ക് സമീപത്തുള്ള വീടുകളില്‍ ക്രിസ്തുമസ് ആഘോഷിക്കുവാന്‍ കേക്കടക്കമുള്ള സാധനങ്ങളും മണി എല്ലാ വര്‍ഷവും എത്തിച്ചിരുന്നു.
എത്ര തിരക്കിലായാലും കഴിഞ്ഞ ക്രിസ്തുമസ്വരെ മണി ഈ പതിവ് തെറ്റിച്ചിരുന്നില്ല.ചാലക്കുടിയിലെ എല്ലാ ആഘോഷ പരിപാടികളിലും മണി എന്നും മുന്നില്‍ തന്നെയായിരിക്കും.പുല്‍ക്കുടൊരുക്കി ആരാധകര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ആടിയും പാടിയും കളിച്ചും ചിരിച്ചും വലിയൊരാഘോഷമാക്കിയിരുന്നു മണി. ഓണക്കളിയിലൂടെയാണ് മണി തന്റെ തട്ടകത്ത് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
പിന്നീട്,വിവിധ ആഘോഷങ്ങള്‍,പള്ളിയിലേയും,അന്വലങ്ങളിലേയും ആഘോഷങ്ങളുടെ ഭാഗമായി വലിയ ഘോഷയാത്രകള്‍,വള്ളംകളി വരെ ചാലക്കുടിക്കായി മണി സംഘടിപ്പിച്ചു.പാടിയെന്ന ചാലക്കുടി പുഴയുടെ കുഞ്ഞോളങ്ങളെ തഴുകി വരുന്ന ഇളം തെന്നലുകള്‍ക്ക് മണിയുടെ നാടന്‍ പാട്ടിന്റെ ഈണമായിരുന്നു.എന്നാല്‍ ഇന്ന് അതെല്ലാം ചാലക്കുടിക്കാര്‍ക്ക് ഓര്‍മ്മ മാത്രമായിരിക്കുകയാണ്.മണിയുടെ ഓര്‍മ്മകളുറങ്ങുന്ന പാടിയിലേക്ക് നിരവധി പേരാണ് ഇപ്പോഴും എത്തുന്നത്.തങ്ങളുടെ എല്ലാമായിരുന്ന മണിയുടെ അദ്യശ്യ സാനിദ്ധ്യമുള്ള പാടിയെ നശിപ്പിക്കരുതെന്നാണ് ആരാധകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: