ഇരിങ്ങാലക്കുട: സംസ്ഥാനത്തെ പുതിയ ഹയര്‍ സെക്കന്ററി അദ്ധ്യാപകര്‍ അനിശ്ചിതകാലസമരത്തിലേക്ക്. 2014-ല്‍ അനുവദിക്കപ്പെട്ട പുതിയ സ്കൂളുകളിലെ അദ്ധ്യാപകര്‍, ലാബ് അസിസ്റ്റന്റ് തുടങ്ങിയവരുടെ സ്ഥിരനിയമനവും തസ്തിക സൃഷ്ടിക്കലും ശമ്പള സ്കെയിലോടുകൂടിയ ശമ്പള ഉത്തരവും അപ്രൂവലും 3 വര്‍ഷമായി നീണ്ടുപോകുകയാണ്.
സ്കൂള്‍ അനുവദിക്കുമ്പോള്‍ തന്നെയുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ആദ്യത്തെ 2 വര്‍ഷം ഗസ്റ്റ് ലക്ച്ചര്മാര് മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും അതിനുശേഷം തസ്തിക നിര്‍ണ്ണയവും അദ്ധ്യാപകര്‍ക്ക് ശമ്പളസ്കെയിലോടുകൂടി ശമ്പളം നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. സ്കൂളുകളിലെ തസ്തികകളുടെ എണ്ണം കൃത്യമായി സ്റ്റാഫ് ഫിക്സേഷന് നടത്തി 2016 ഏപ്രില്‍ 30-നകം ഹയര്‍ സെക്കന്ററി ഡയറക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുന്നതടക്കമുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായി.
തെരഞ്ഞെടുപ്പിനുശേഷം വന്ന പുതിയ സര്‍ക്കാര്‍ തുടര്‍നടപടികള്‍ ഒന്നും ചെയ്യാതെ ഈ വിഭാഗം അദ്ധ്യാപകരെ ദിവസ വേതനക്കാരായി മാറ്റി കൊണ്ടുള്ള പുതിയ ഉത്തരവാണ് ഒക്ടോബര്‍ 31-ന് ഇറക്കിയിട്ടുള്ളത്. സ്ഥിരനിയമന തസ്തിക സൃഷ്ടിച്ച് സ്കെയിലോടുകൂടിയ ശമ്പളം ലഭിക്കുന്നത് വൈകുന്നതോടെ അദ്ധ്യാപകര്‍ക്ക് സര്‍വ്വീസ് ആനുകൂല്യങ്ങള്‍, പ്രായപരിധി കടക്കുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങളും ഇവര്‍ നേരിടുന്നു.
അദ്ധ്യാപകര്‍ക്കെതിരെ ഏകപക്ഷീയ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍, 2016 ജൂണ്‍ മുതല്‍ സ്ഥിരനിയമനം ലഭിക്കേണ്ട അദ്ധ്യാപകരും ലാബ് അസിസ്റ്റന്റ്മാരും ജനുവരി 10 മുതല്‍ സമരത്തിലേക്ക് നീങ്ങുകയാണ്.
ഫെബ്രുവരിയില്‍ നടക്കുന്ന പ്രാക്ടിക്കല്‍ എക്സാം, മോഡല്‍ എക്സാം ഇവ ബഹിഷ്കരിക്കുമെന്നും കേരള നോണ്‍ അപ്രൂവ്ഡ് ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: