തൃശൂര്‍: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നൂറിലധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ പ്രതിയെ സിറ്റിപോലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള ഷാഡോപോലീസ് സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി ഭഗവതി രമേശ് എന്നറിയപ്പെടുന്ന രമേശ് (27) ആണ് പിടിയിലായത്.
തൃശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ നൂറോളം ക്ഷേത്രങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയതായി സമ്മതിച്ചു. തൃശൂര്‍ ജില്ലയില്‍ നിരവധി സ്ഥലങ്ങളില്‍ ക്ഷേത്രങ്ങളുടെ ഓഫീസ് മുറികള്‍ കുത്തിത്തുറന്നും ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നുമാണ് പണവും, ആഭരണങ്ങളും നടത്തിയത്. മോഷണം പതിവായ സാഹചര്യത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ അമ്പലമോഷ്ടാവ് ഭഗവതി രമേഷ് പിടിയിലാകുന്നത്. തൃശൂര്‍ വെങ്ങാട്ടുപ്പിള്ളി മഹാദേവക്ഷേത്രത്തിലെ ഓഫീസ് മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന എഴുപതിനായിരത്തോളം രൂപയും, ഒരുപവനോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. പടിയൂര്‍ പാറപ്പുറത്ത് ശ്രീമുത്തിഭവനേശ്വരക്ഷേത്രം, ചാലക്കുടി പാലപ്പെട്ടി ശ്രീഭഗവതിക്ഷേത്രം, ചങ്ങരംകുളം കോക്കൂര്‍ ശ്രീമഹാവിഷ്ണുക്ഷേത്രം, കൊടകര ചെങ്ങാതുരുത്തി ശിവശക്തി മഹാവിഷ്ണുക്ഷേത്രം, കൊരട്ടി കോനൂര്‍ മഹാദേവക്ഷേത്രം, വെസ്റ്റ് കൊരട്ടിയിലുള്ള തിരുനാരായണപുരം മഹാവിഷ്ണുക്ഷേത്രം, കൊരട്ടി ചെറ്റാരിക്കല്‍ മഹാദേവക്ഷേത്രം, ഇരിങ്ങാലക്കുട കൊറ്റനെല്ലൂരിലുള്ള പനമ്പിള്ളി വിഷ്ണുമായക്ഷേത്രം, കൊറ്റനെല്ലൂര്‍ ശ്രീബ്രഹ്മാനന്ദാലയം തുടങ്ങിയ ക്ഷേത്രങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു. ക്ഷേത്രങ്ങള്‍ക്കുപുറമെ വീടുകളും, കടകളും, ക്രിസ്ത്യന്‍ കപ്പേളയിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്.
അറസ്റ്റിലായ രമേശ് ജയിലില്‍ നിന്നിറങ്ങിയതിനുശേഷം ആറുമാസത്തിനിടയില്‍ ഏകദേശം അഞ്ചുലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. മോഷണം നടത്തി കിട്ടിയ തുക മദ്യപാനത്തിനായും യാത്രചെയ്യുന്നതിനായും ചെലവാക്കുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: