ശ്രീജ കളപ്പുരക്കല്‍
തൃശൂര്‍: യുവ ചിത്രകാരി ശ്രീജ കളപ്പുരക്കലിന് ലിംക ബുക്ക് ഓഫ് റെക്കോഡ്. 200ഓളം പക്ഷികളില്‍ നിന്നായി ശേഖരിച്ച വിവിധ വര്‍ണ്ണങ്ങളിലും രൂപത്തിലുമുള്ള തൂവലുകളും ആര്ക്കിലിക് പെയിന്റും ഉപയോഗിച്ച് നിര്‍മിച്ച 108ചിത്രങ്ങള്‍ക്കാണ് പുരസ്കാരം. ശനിയാഴ്ച തൃശൂര്‍ പ്രസ് ക്ലബില്‍ ലിംകയെ പ്രതിനിധീകരിച്ച് ഇന്ത്യ ആന്റ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് അഡ്ജ്യൂഡികേറ്റര്‍ പി ബി ഉഷയുടെ സാന്നിധ്യത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ലളിതകലാ അക്കാദമി നിര്‍വാഹക സമിതി അംഗവും ചിത്രകാരിയുമായ ഡോ.കവിത ബാലകൃഷ്ണന് ലിംക ബുക്സ് പുരസ്കാര സര്‍ട്ടിഫിക്കറ്റ് ശ്രീജ കളപ്പുരയ്ക്കലിന് സമ്മാനിച്ചു.
പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ ചിത്രകലാ അധ്യാപികയായ ശ്രീജക്ക് കല്ലുകളില്‍ വിവിധ പരമ്പരാഗത ചിത്രങ്ങള്‍ പകര്‍ത്തിയതിന് യുആര്‍എഫ് ഏഷ്യന്‍ റെക്കോഡ്, വേള്‍ഡ് റെക്കോഡ് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ എക്സലന്‍സ് സര്‍ട്ടിഫിക്കറ്റ്, ഗ്ലോബല്‍ അവാര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് എന്നീ പുരസ്കാരങ്ങളും കേരള വികാസ് കേന്ദ്രയുടെ സ്ത്രീ രത്ന പുരസ്കാരം, ഗ്ലോബല്‍ അവാര്‍ഡ് ഓഫ് ക്രിയേറ്റിവിറ്റ്, വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡേഴ്സ് അസോസിയേഷന് എക്സലന്‍സി ഇന്‍ ക്രിയേറ്റിവിറ്റി അവാര്‍ഡ്, കേരള ബുക് ഓഫ് റെക്കോര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.വ്യത്യസ്ത മാധ്യമങ്ങളുപയോഗിച്ച് നിര്‍മ്മിച്ച ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലുള്പ്പടെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. കല്ലുകളില്‍ തീര്‍ത്ത ചിത്രങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചതാണ്.
ഗിന്നസ് രാജു,ലുമിനസ് സംഘാടകന്‍ മഹേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: