നെല്ലിത്തറ: ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ജനങ്ങളെ സംഘടിപ്പിക്കുന്നതാണ് കായിക മത്സരങ്ങളെന്ന് അമ്പലത്തറ സബ് ഇന്‍സ്പെക്ടര്‍ എന്‍.ഇ രാജഗോപാല്‍ പറഞ്ഞു. കുരുക്ഷേത്ര കലാസാംസ്കാരിക സമിതി സംഘടിപ്പിച്ച ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളുടെ കായിക ക്ഷമത കുറഞ്ഞു വരുന്നത് ആശങ്കാജനകമാണെന്നും അതിനു പരിഹാരം കാണുവാന്‍ കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ബി.ജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. 125 കോടി ജനങ്ങളെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നവര്‍ ഏതാനും വെങ്കല മെഡലുകളുമായാണ് മടങ്ങി വരുന്നത്. കായിക രംഗത്ത് നാം പിന്നോക്കം പോയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയും ക്രമക്കേടുമുണ്ടെന്ന് സംശയിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച കൃഷി ഓഫീസര്‍ക്കുള്ള അവാര്‍ഡ് നേടിയ കെ. വേണുഗോപാലന്‍, ദേശീയ സ്കൂള്‍ ഗെയിംസില്‍ സ്കിപ്പിംഗില്‍ മൂന്നാം സ്ഥാനം നേടിയ ധീരജ് കൃഷ്ണന്, കേരള സംസ്ഥാന വടംവലി ടീമിന്റെ പരിശീലകനായ ബാബു കോട്ടപ്പാറ എന്നിവരെ അഭിനന്ദിച്ചു.
നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാ മന്ദിരത്തിലെ വിദ്യാര്‍ത്ഥികള്‍ ഘോഷ് പ്രദര്‍ശനം നടത്തി. അഡ്വ. എ.മണികണ്ഠന് അദ്ധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ പി.പദ്മനാഭന് ആശംസകള്‍ നേര്‍ന്നു. എം.ജയകുമാര്‍ സ്വാഗതവും നാഗഭൂഷണ് നന്ദിയും പറഞ്ഞു. ആനന്ദാശ്രമത്തിനു സമീപമുള്ള അജാനൂര്‍ പഞ്ചായത്ത് ഗ്രൗണ്ടിലാണ് ജില്ലയിലെ മികച്ച 16 ടീമുകളെ അണിനിരത്തി സെവന്‍സ് ഫുട്ബോള്‍ മത്സരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: