നിലമ്പൂര്‍: വര്‍ഷങ്ങളായി നിലമ്പൂര്‍ വനത്തില്‍ അസ്വസ്ഥതകള്‍ പടര്‍ത്തി മാവോയിസ്റ്റ് സംഘത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇന്നലെ കിട്ടിയത്. കരുളായി പടുക്ക ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ നടന്ന ഏറ്റുമുട്ടലില്‍ തണ്ടര്‍ ബോള്‍ട്ട് സംഘം രണ്ട് മാവോയിസ്റ്റുകളെ വധിച്ചു
വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങള്‍ കാലങ്ങളായി ഭീതിയിലായിരുന്നു. ഏത് സമയത്തും സായുധധാരികളായ മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെടാം. അവര്‍ വന്നാല്‍ കൊള്ളയോ കൊലയോ ഒന്നും നടത്തില്ല. പക്ഷേ പോലീസെത്തിയാല്‍ ഗ്രാമവാസികളെ ആള്‍മറയാക്കി പോലീസിനെ നേരിടാനാകും മാവോയിസ്റ്റുകള്‍ ശ്രമിക്കുക.
ഇതിന് മുമ്പ് രണ്ടു തവണ നിലമ്പൂര്‍ വനമേഖലയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ് ഉണ്ടായിട്ടുണ്ട്. ഈവര്‍ഷം സെപ്തംബറിലും ഫെബ്രുവരിയിലുമായിരുന്നു അത്. അന്ന് കോളനിവാസികളെ മനുഷ്യമതിലാക്കിയാണ് മാവോയിസ്റ്റുകള്‍ പോലീസിന് നേരെ വെടിയുതിര്‍ത്തത്.
കരുളായി പടുക്ക ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലുള്ള 60 അംഗ സംഘം പുലര്‍ച്ചെ നാല് മണി മുതല്‍ തിരിച്ചില്‍ ആരംഭിച്ചിരുന്നു.
തിരച്ചിലിനിടെ പതിനഞ്ചംഗ മാവോയിസ്റ്റ് സംഘം തണ്ടര്‍ ബോള്‍ട്ടിന് മുന്നില്‍ അകപ്പെട്ടു. ഏറ്റുമുട്ടല്‍ ആരംഭിച്ചപ്പോള്‍ ഇവര്‍ ചിതറിയോടി. എന്നാല്‍ ഏഴ് പേര് പോലീസിന് നേരെ തിരിച്ചടിക്കുകയായിരുന്നു. ഇതില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ജനവാസ കേന്ദ്രത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പ് നടന്നത്. കാട്ടില്‍ ഓടിമറഞ്ഞ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
സെപ്തംബറില്‍ നിലമ്പൂര്‍ വനത്തില്‍ മാവോവാദികള്‍ സി.പി.ഐ (മാവോയിസ്റ്റ്) രൂപവത്കരണത്തിന്റെ 12-ാം വാര്‍ഷികം ആഘോഷിച്ചതിന്റെ വാര്‍ത്തയും ചിത്രവും മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. പാര്‍ട്ടിയുടെ നാടുകാണി ഏരിയാസമിതി കേരള, തമിഴ്നാട്, കര്‍ണാടക വനപ്രദേശത്തെ മുക്കവലയില്‍വെച്ചാണ് പരിപാടി നടത്തിയത്.
2013 ഫെബ്രുവരിയിലാണ് നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ആദ്യമായി കണ്ടത്. തുടര്‍ന്ന് പോത്തുകല്ലിലെ വിവിധ വനമേഖലകള്‍, വഴിക്കടവ് പഞ്ചായത്തിലെ മരുത, പുഞ്ചക്കൊല്ലി, കരുളായി വനമേഖലയിലെ മാഞ്ചീരി, അമരമ്പലം പഞ്ചായത്തിലെ വിവിധ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം പലപ്പോഴായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടായി. സാധാരണ ഒക്ടോബര്‍, നവംബര്‍ മുതല്‍ മെയ് വരെയാണ് വനമേഖലയില്‍ മാവോവാദികള്‍ എത്താറുള്ളത്. മഴക്കാലങ്ങളില്‍ അതായത് ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ തുടങ്ങിയ മാസങ്ങളില്‍ ഇവരുടെ സാന്നിധ്യം കാണാറില്ല. ഈ സമയത്താണ് മാവോവാദികള്‍ സാധാരണയായി വടക്കെ ഇന്ത്യയിലും മറ്റും പരിശീലനത്തിനു പോകാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: