ക്യാന്‍സര്‍ ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ അവസാനത്തെ ആഗ്രഹം സാധിച്ച് കൊടുത്ത് ലണ്ടന്‍ ഹൈക്കോടതി. മരിച്ചാലും തനിക്ക് ഏറെ നാള് ഈ ലോകത്ത് തുടരണമെന്ന ആഗ്രഹമാണ് ജഡ്ജിയായ പീറ്റര്‍ ജാക്സണ് പതിനാലുകാരിയായ പെണ്‍കുട്ടിയ്ക്ക് സാധിച്ചു കൊടുത്തത്.
ക്യാന്‍സര്‍ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് തന്റെ ആഗ്രഹം അറിയിച്ചു കൊണ്ട് ഹൈക്കോടതി ജഡ്ജിയ്ക്ക് കത്തെഴുതിയത്. തന്നെ ക്രയോണിക്സിന് വിധേയമാക്കണമെന്നാണ് കത്തിലെ ആവശ്യം.
ഭേദമാക്കാന്‍ കഴിയാത്ത അസുഖം മൂലം മരിക്കുന്നവരുടെ ശരീരം ഭാവിയില്‍ നൂതനമായ ചികിത്സ രീതികള്‍ കൊണ്ട് സുഖപ്പെടുത്താന്‍ സാധിക്കുമെന്ന വിശ്വാസത്തില്‍ ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നതിനെയാണ് ക്രയോണിക്സ് എന്ന് പറയുന്നത്.
‘ എനിക്ക് വര്‍ഷങ്ങളോളം ജീവിക്കണം. ഭാവിയില്‍ അര്‍ബുദം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുന്ന കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകും. അപ്പോള്‍ വീണ്ടും ജീവിക്കാന്‍ കഴിയണം.
ഞാന്‍ മരിച്ചാല്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുക. എന്നാല്‍ നൂറുവര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കില്‍ പോലും ലോകം ഈ രോഗത്തെ തോല്പ്പിക്കുമ്പോള് എനിക്ക് വീണ്ടും ഉണരണം. എന്നായിരുന്നു പെണ്‍കുട്ടിയുടെ കത്തിലെ വാക്കുകള്‍.
എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇത് ആദ്യം അനുവദിച്ചിരുന്നില്ല. അമ്മ മകളുടെ ആഗ്രഹത്തെ പൂര്‍ണമായും അംഗീകരിച്ചപ്പോള്‍ പിതാവ് അതിന് എതിരായിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി കുട്ടിയുമായി ഒരു ബന്ധവുമില്ലാത്ത പിതാവ് അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നതു മൂലമുള്ള ചിലവിനെയും അനന്തരഫലങ്ങളെയും കുറിച്ച് ആശങ്ക ഉയര്‍ത്തിയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ പിന്നീട് മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ താത്പര്യത്തിന് വഴങ്ങുകയായിരുന്നു.
താഴ്ന്ന ഊഷ്മാവില്‍ (80 ഡിഗ്രി സെല്‍ഷ്യസ് ) സൂക്ഷിച്ച ശരീരങ്ങള്‍ (ക്രയോജനിക്കലി പ്രിസര്‍വ്ഡ്) പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ചിലര്‍ അങ്ങനെ വിശ്വസിക്കുന്നു.
അവസാനകാലത്ത് പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ തെരഞ്ഞതും ക്രയോജനിക് പ്രിസര്‍വേഷന്റെ സാധ്യതകളെകുറിച്ചായിരുന്നു. പുതിയ കണ്ടുപിടുത്തങ്ങള്‍ വരുമ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അവള്. അതുകൊണ്ടാണ് ഈ അവസരം ഉപയോഗപ്പെടുത്താനായി അവള് ജഡ്ജിയ്ക്ക് ഇങ്ങനെയൊരു കുറിപ്പ് എഴുതിയത്.
കുടുംബപ്രശ്നങ്ങള്‍ക്കും കുട്ടിക്കാലത്തെ രോഗവും മൂലം വലയുന്ന കുട്ടിയുടെ അവസ്ഥയെ ‘ദുരന്തങ്ങളുടെ ഒത്തുചേരല്‍’ എന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്. തന്റെ അവസ്ഥയെ ധീരതയോടെ നേരിട്ട കുട്ടിയെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: