കെട്ടിമറയ്ക്കല്ലെന്‍ പാതിനെഞ്ചം
കെട്ടിമറയ്ക്കല്ലേയെന്റെ കൈയും
എന്റെ പൊന്നോമന കേണിടുമ്പോള്‍
എന്റെയടുത്തേക്ക് കൊണ്ടുപോരൂ
ഈ കൈയാല്‍ കുഞ്ഞിനെയേറ്റുവാങ്ങി
ഈ മുലയൂട്ടാന്‍ അനുവദിക്കൂ
ഒഎന്‍വിയുടെ ‘അമ്മ’ എന്ന കവിതയിലെ കരളലിയിക്കുന്ന വരികള്‍. മാതൃത്വത്തിന്റെ തീവ്രതയത്രയും ആവിഷ്കരിക്കാന്‍ ഈ വരികള്‍ ധാരാളം. അമ്മയാവുക കേവലം ജീവശാസ്ത്രപരമായ ഒരവസ്ഥയല്ല. അതിലുപരി ഗര്‍ഭകാല വേളയില്‍ മനസ്സുകൊണ്ടുള്ള തയ്യാറെടുപ്പും കൂടിയാണ്. അതുകൊണ്ടാണ് ജനിച്ചയുടനെ കുഞ്ഞിനെ കാണാനും മാറോട് ചേര്‍ക്കാനും മുലപ്പാലൂട്ടാനും അമ്മ അതിയായി ആഗ്രഹിക്കുന്നത്. കുഞ്ഞിന്റെ ജനനത്തിലൂടെ സ്ത്രീക്ക് കൈവരുന്ന പദവിയാണ് മാതൃത്വം എന്ന് പറയുമ്പോഴും പ്രസവിക്കാതെയും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാതെയും മാതൃത്വം അറിഞ്ഞവരും നിരവധി.
ഗര്‍ഭകാലം തൊട്ടേ അമ്മയും കുഞ്ഞും തമ്മില്‍ വൈകാരിക ബന്ധം ഉടലെടുക്കുന്നു. ബന്ധത്തിന് ദൃഢത വരുന്നത് മുലയൂട്ടുന്നതിലൂടെയാണ്. കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്ന കാര്യത്തില്‍ സ്ഥലമോ സമയമോ ഒന്നും നോക്കാറുമില്ല. ഇതാണ് കാലങ്ങളായി നമ്മള് കണ്ടുവരുന്നത്. അവിടെ മതമോ വിശ്വാസമോ തടസ്സമായിരുന്നില്ല. മതവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം മുമ്പ് കേട്ടിട്ടേ ഇല്ലാത്തതായിരുന്നു. സ്വന്തം കുഞ്ഞിന്റെ വിശപ്പിനേക്കാളും ജീവനേക്കാളും വലുത് ഒരു പിതാവിന് മതവിശ്വാസമോ? മറ്റൊരാളുടെ ഉപദേശമോ? ഇതുപോലുള്ള സംഭവങ്ങള്‍ സാക്ഷരരെന്നും പ്രബുദ്ധരെന്നും അഹങ്കരിക്കുന്ന കേരളീയര്‍ക്കിടയിലാണെന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കാതെ വയ്യ.
നവജാത ശിശുവിന്റെ ജീവന് നിലനിര്‍ത്തുന്ന അമൃതാണ് മുലപ്പാല്‍. അത് നിഷേധിച്ചതിലൂടെ കുഞ്ഞിന്റെ ജീവിക്കുവാനുള്ള അവകാശമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതും. വിശ്വാസങ്ങള്‍ മനുഷ്യ മനസ്സിന്റെ നന്മയ്ക്കുമേല്‍ പിടിമുറുക്കുമ്പോള്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമായി വരുന്നു. ഇവിടെയത് മുലപ്പാലിന്റെ കാര്യത്തിലാണ്. അതിന്റെ ആവശ്യകതയെക്കുറിച്ചാണ്.
കുഞ്ഞിന് സംരക്ഷണം നല്കുന്നതിനാവശ്യമായ പോഷകങ്ങളാല്‍ സമ്പന്നമാണ് മുലപ്പാല്‍. ആറ് മാസം വരെ മുലപ്പാല്‍ മാത്രം മതി കുഞ്ഞിന്റെ ആരോഗ്യത്തിന്. രോഗങ്ങള്‍ക്കെതിരെ പൊരുതുന്നതിനാവശ്യമായ ഊര്‍ജ്ജവും ശിശുക്കള്‍ക്ക് ലഭിക്കുന്നതും മുലപ്പാലിലൂടെയാണ്.
കൂടാതെ അമ്മയുടെ ആരോഗ്യത്തിനും മുലയൂട്ടല്‍ നല്ലതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുലപ്പാല്‍ കൂടുതല്‍ കുടിച്ചിട്ടുള്ള കുഞ്ഞുങ്ങള്‍ക്ക്, മറ്റ് കുട്ടികളെ അപേക്ഷിച്ച് പ്രതിരോധശേഷിയും കൂടുതലായിരിക്കും. ശ്വാസകോശ രോഗങ്ങള്‍, ചെവിയില്‍ അണുബാധ, മസ്തിഷ്ക ജ്വരം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയും താരതമ്യേന കുറവായിരിക്കും.
നവജാത ശിശുവിനെ പാലൂട്ടാന്‍ അമ്മയെ പ്രകൃതി തന്നെ സജ്ജയാക്കിയിട്ടുണ്ട്.
ആദ്യം ഉണ്ടാകുന്ന പാല് കൊളസ്ട്രം എന്നാണ് അറിയപ്പെടുന്നത്. കുഞ്ഞിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ സെക്രീട്ടറി ഇമ്യൂണോഗ്ലോബുലിന്‍ എ കൂടുതലായി അടങ്ങിയിരിക്കുന്നത് കൊളസ്ട്രത്തിലാണ്. അതിനാല്‍ ആദ്യപാല്‍ കുഞ്ഞിന് നിര്‍ബന്ധമായും നല്‍കിയിരിക്കണം. ഭാവിയിലും കുട്ടികള്‍ക്ക് വരാന്‍ സാധ്യതയുള്ള, ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം, കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെ അതിജീവിക്കാനും മുലപ്പാല്‍ ശിശുക്കളെ പ്രാപ്തരാക്കും. മുലപ്പാല്‍ കുഞ്ഞിന്റെ ബുദ്ധി വികാസത്തേയും സഹായിക്കും. അഞ്ച് വയസ്സിനുള്ളില്‍ത്തന്നെ അത് അവരില്‍ പ്രകടമായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം മേധാശക്തിയും വര്‍ധിപ്പിക്കും. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡിന് ഇക്കാര്യത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. കൂടാതെ കുഞ്ഞിന് അമിതവണ്ണം ഉണ്ടാകാതെ സംരക്ഷിക്കുന്നു.
വേണ്ടത്ര മുലപ്പാല്‍ കുടിക്കാതെ വളരുന്ന കുട്ടികള്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. വന്‍കുടല്‍ വീക്കം ഉദാഹരണം. കുഞ്ഞിനെ കൃത്യമായി മുലയൂട്ടുന്നതിലൂടെ അമ്മയ്ക്കും ഉണ്ട് നേട്ടം. മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുന്നു.
പ്രസവശേഷം ചിലര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള വിഷാദ രോഗത്തില്‍ നിന്ന് മോചനം നല്‍കാനും സഹായിക്കും. കുഞ്ഞിന് പാലൂട്ടുമ്പോള്‍ ഓക്സിടോസില്‍ ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും തന്മൂലം മനസ്വസ്ഥത കൈവരികയും ചെയ്യും. പ്രസവശേഷം ഗര്‍ഭപാത്രം ചുരുങ്ങുന്നതിനും ഓക്സിടോസിന്‍ സഹായിക്കും. സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവ വരാനുള്ള സാധ്യതയും കുറവാണെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
സംഭവം ഇങ്ങനെ
മതവിശ്വാസത്തിന് മനുഷ്യത്വമില്ലായ്മ എന്നൊരര്‍ത്ഥം കൂടിയുണ്ടെന്ന് മനസ്സിലാക്കിത്തരാന്‍ കോഴിക്കോട് മുക്കം സ്വദേശി അബൂബക്കര്‍ സിദ്ദീഖിന് പാടുപെടേണ്ടി വന്നില്ല. സ്വന്തം കുഞ്ഞിനെത്തന്നെ അതിന് ഇരയാക്കുകയും ചെയ്തു. ആദ്യ കരച്ചിലിനൊപ്പം സാന്ത്വനമായി ആ കുഞ്ഞിന് കിട്ടേണ്ടിയിരുന്ന മുലപ്പാല്‍ നിഷേധിച്ചതിലൂടെ അബൂബക്കര്‍ ചെയ്തത് അതാണ്. അഞ്ച് ബാങ്ക് വിളിക്കാതെ ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്നായിരുന്നു അയാള്‍ ഭാര്യക്ക് നല്കിയ നിര്‍ദ്ദേശം. മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയിലാണ് അബൂബക്കറിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കളംതോട് സ്വദേശിയായ ഹൈദ്രോസ് തങ്ങളുടെ ഉപദേശത്താലാണ് അബൂബക്കര്‍ ഈ ക്രൂരത ചെയ്തത്. ബുധനാഴ്ച ഒരുമണിയോടെ ജനിച്ച കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത് പിറ്റേദിവസം രാവിലെ 12.20 ഓടെയാണ്. അബൂബക്കറേയും തങ്ങളേയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75/87 വകുപ്പ് പ്രകാരം പിന്നീട് അറസ്റ്റു ചെയ്തു.
അന്ധമായ മതവിശ്വാസത്തിന്റെ പിടിയില്‍ നിന്ന് സമൂഹം ഇതുവരേയും മോചിതരായിട്ടില്ല എന്ന് അടിവരയിടുന്നു ഈ സംഭവം. ഇതുപോലുള്ള നീചകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
മുലപ്പാല്‍ കൊടുക്കുന്നതിനുള്ള സമയം എപ്പോള്‍ എന്നത് സംബന്ധിച്ച് എല്ലാവര്ക്കും ഏകാഭിപ്രായം. കുഞ്ഞു ജനിച്ച് ഒരു മണിക്കൂറിനു മുമ്പുതന്നെ പാല് കൊടുത്തുതുടങ്ങാം. പ്രമുഖ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
കുഞ്ഞ് ജനിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ മുലപ്പാല്‍ കൊടുത്തു തുടങ്ങണം. ആറുമാസംവരെ മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ. അമ്മയ്ക്കോ നവജാത ശിശുവിനോ ഏതെങ്കിലും ആരോഗ്യ പ്രശ്നമുണ്ടായി 24 മണിക്കൂര്‍വരെ പാല് കൊടുക്കാനാകാതെ വന്നാല്‍ ആരോഗ്യ പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഗ്ളൂക്കോസ് വെള്ളമെങ്കിലും നിര്‍ബന്ധമായും കൊടുത്തിരിക്കണം.
ഡോ. രാജേന്ദ്രന് (പീഡിയാട്രിക് സര്ജന്, നെയ്യാറ്റിന്‍കര നിംസ് ആശുപത്രി, ആനയറ ലോര്‍ഡ്സ് ആശുപത്രി, തിരുവനന്തപുരം.)
സാധാരണ പ്രസവം നടന്നു കഴിഞ്ഞാല്‍ അമ്മയും കുഞ്ഞും സാധാരണ നിലയിലായ ഉടന്‍ തന്നെ മുലപ്പാല്‍ കൊടുക്കണം. അതിലൂടെ ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ അമ്മയുടെ ശരീരത്തത്തില്‍ ഉത്പാദിപ്പിക്കും. ഗര്‍ഭപാത്രം ചുരുങ്ങുന്നതിനുള്ള ഹോര്‍മോണാണ് ഇത്. പൊക്കിള്‍ക്കൊടി ബന്ധം കഴിഞ്ഞാല്‍ പാല് കൊടുത്തില്ലെങ്കില്‍ അപസ്മാരം വരാം. ഗ്ളൂക്കോസിന്റെ നിലതാഴും. ഇതുമൂലം മരണം വരെ സംഭവിക്കാം.
വൈകാരിക ബന്ധം തുടങ്ങുന്നത് ഈ ബന്ധത്തിലൂടെയാണ്. സിസേറിയന് കഴിഞ്ഞ അമ്മ കിടക്കയില്‍ എത്തിയാലുടന്‍ തന്നെ കുഞ്ഞിന് പാല് കൊടുക്കാന്‍ നിര്‍ദേശിക്കണം. ശിശുസൗഹൃദ സംസ്ഥാനം കേരളം തന്നെയാണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഡോ. ലക്ഷ്മി അമ്മാള്‍ (ഗൈനക്കോളജിസ്റ്റ്, എസ്യുടി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: