കൊരട്ടി: കൊരട്ടി ഗവ. ത്വക് രോഗാശുപത്രി സഹകരണ സംഘത്തിന്റെ ഭരണസമിതിയുടെ കാലാവധി തീര്‍ന്നിട്ടും ഭരണത്തില്‍ തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.വിഷയത്തില്‍ സഹകരണ വകുപ്പ് നടപടിയെടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കെട്ടിപ്പിടിച്ച് ചുംബിക്കുമെന്ന് രോഗികള്‍ അറിയിച്ചു.
2015 ഫെബ്രുവരി മുതല്‍ ഒമ്പതംഗ ഭരണസമിതിയില്‍ നാലംഗം മാത്രമായി ബോര്‍ഡില്‍ തുടരാന്‍ അര്‍ഹതയില്ലാത്തവരെ മൂന്നുവര്‍ഷം തുടരാന്‍ അനുവദിക്കുകയും കാലാവധിയ്ക്കുശേഷം ഇവരെ തന്നെ അഡ്മിനിസ്ട്രേറ്റര്‍മാരായി തുടരാന്‍ അനുവദിക്കുകയും ചെയ്തതായി ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. മൂന്നരവര്‍ഷം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം വീണ്ടും നീട്ടി നല്‍കാനുള്ള ശ്രമത്തിലാണെന്നു രോഗികള്‍ നല്കിയ പരാതിയില്‍പ്പറയുന്നു.
ഭൂരിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും പൊതുയോഗം ചേരുകയോ വരവ് – ചിലവ് കണക്ക് അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. സംഘത്തിന്റെ നിയമാവലിക്കു വിരുദ്ധമായി പ്രവര്‍ത്തനം നടത്തുന്ന ഭരണസമിതി സഹകരണവകുപ്പിലെ ചില ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
2014 മുതല്‍ ജോ. രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അവശരായ രോഗികള്‍ നിയമ പോരാട്ടത്തിനു പോകാന്‍ അശക്തരാണെന്നു കണ്ടാണ് സഹകരണ വകുപ്പ് രോഗികളുടെ പരാതികള്‍ക്ക് വില കല്പിക്കാത്തത്. ഇതിനെ തുടര്‍ന്നാണ് ചുംബനസമരത്തിലേക്ക് രോഗികള്‍ നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: