ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ ഭാഗമായി തണ്ടികയോടനുബന്ധിച്ചുള്ള തൃപ്പുത്തരി സദ്യയ്ക്കാവശ്യമായ പലചരക്ക്, പച്ചക്കറി സാധനങ്ങളുടെ കലവറ നിറയ്ക്കല്‍ ചടങ്ങ് വെള്ളിയാഴ്ച രാവിലെ നടന്നു. ക്ഷേത്രം കിഴക്കെ നടപ്പുരയില്‍ നടന്ന കലവറ നിറയ്ക്കലില്‍ പുത്തരി സദ്യക്കാവശ്യമായ ഉണക്കലരി, നാളികേരം, ശര്‍ക്കര, പപ്പടം, നേന്ത്രക്കായ, ചേന, ചേമ്പ്, മത്തങ്ങ, ഇടിയന്‍ചക്ക, കദളിപഴം, തൈര്, പലവ്യഞ്ജനങ്ങള്‍ മുതലായവ ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചു. ദേവസ്വം ചെയര്മാന് പനമ്പിള്ളി രാഘവമേനോന്‍ ദീപം കൊളുത്തി ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. ദേവസ്വം ഭരണസമിതി അംഗം വിനോദ് തറയില്‍ , മുരാരി, രാമചന്ദ്രന് ദേവസ്വം മാനേജര്‍ രാജി സുരേഷ് ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ് നവംബര്‍ 6,7,8 തീയ്യതികളില്‍ ആഘോഷിക്കും.
തുലാമാസത്തിലെ തിരുവോണനാളില്‍ തൃപ്പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു. വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്തു വിളയിച്ച വിഭവങ്ങള്‍കൊണ്ട് ശ്രീകൂടല്‍മാണിക്യ സ്വാമിക്ക് നിവേദ്യം അര്‍പ്പിക്കുന്നതാണ് തൃപ്പുത്തരി. ഈ നിവേദ്യവസ്തുക്കള്‍ മുള തണ്ടികയില്‍ കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ ചാലക്കുടി പോട്ടയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കൊണ്ട് വരുന്ന ചടങ്ങാണ് തണ്ടികവരവ്.
പിറ്റേന്ന് ഈ വസ്തുക്കള്‍ ദേവന് നിവേദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് സദ്യയായി വിതരണം ചെയ്യും. തൃപ്പുത്തരി സദ്യയില്‍ പങ്കെടുക്കുന്നത് വളരെ വിശേഷപ്പെട്ടതാണ്.
നാടിന്റെ നാനാഭാഗത്തു നിന്നും ധാരാളം ഭക്തജനങ്ങള്‍ പങ്കെടുക്കാറുണ്ട്. പിറ്റേ ദിവസം രാവിലെ 6 മണിക്ക് മുക്കുടി പൂജ നടക്കും. പ്രസിദ്ധ ഭിഷഗ്വരനായ കുട്ടഞ്ചേരി മൂസ്സ് പ്രത്യേക പച്ചമരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരില്‍ കലര്‍ത്തി ദേവന് നിവേദിച്ച ശേഷം ഭക്തജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. ഇത് സേവിക്കുന്നവര്‍ക്കു ഒരു വര്‍ഷക്കാലത്തേക്ക് ഉദരസംബന്ധമായ യാതൊരു അസുഖങ്ങളും ഉണ്ടാവുകയില്ലെന്നാണ് വിശ്വാസം. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ മുക്കുടി നിവേദ്യം സേവിക്കാന്‍ ക്ഷേത്രത്തില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: