ഷൊര്‍ണൂര്‍: ഒരിടവേളയ്ക്കുശേഷം ഭാരതപ്പുഴയില്‍നിന്നുള്ള മണലൂറ്റും മണല്‍കടത്തും വ്യാപകമായി. വെള്ളമില്ലാത്തതിനാല്‍ മണലെടുപ്പിനു യാതൊരു പ്രശ്നവുമില്ലാത്ത സ്ഥിതിയാണുള്ളത്. അര്‍ധരാത്രിയിലും പുലര്‍ച്ചെയുമാണ് മണലെടുപ്പുകാരുടെ പ്രവര്‍ത്തനം ശക്തമാകുന്നത്.
ഏതാനുംദിവസംമുമ്പ് ഷൊര്‍ണൂര്‍ പോലീസ് കാരക്കാട് മേഖലയില്‍ റെയ്ഡ് നടത്തി മണല്‍ചാക്കുകള്‍ പിടികൂടിയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം മണല്മാഫിയകള് വീണ്ടും സജീവമാകുന്നതിന്റെ സൂചനകളാണ് വീണ്ടും ദൃശ്യമാകുന്നത്.
കവളപ്പാറ അടക്കമുള്ള പ്രദേശങ്ങളിലെല്ലാം മണല്‍മാഫിയയുടെ പ്രവര്‍ത്തനം ശക്തമാണ്. അതേസമയം മണല്‍കടത്തിനെതിരേ അധികൃതരുടെ ഭാഗത്തുനിന്നും കര്ശനനടപടിയുണ്ടാകുന്നില്ലെന്ന് പരാതി ഉയര്‍ന്നുകഴിഞ്ഞു. ഭാരതപ്പുഴയിലെ മണലൂറ്റു ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. പ്രതിവര്‍ഷം അഞ്ചുസെന്റിമീറ്റര്‍ കണക്കിന് നദീതടം താഴുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അനിയന്ത്രിതമായ മണലെടുപ്പുമൂലം അടിത്തട്ടിലെ മണല്‍ പുഴയില്‍ കുറയുകയാണ്.
കടവുകളുടെ എണ്ണം കുറയ്ക്കണമെന്നുവരെ പഠനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ പുഴയുടെ സ്ഥിതി ശോച്യാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് മണലൂറ്റ് വീണ്ടും സജീവമാകുന്നത്. ഇതു കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമാകും. അന്യസംസ്ഥാന തൊഴിലാളികള്‍ കൂടി ഇനി മണലൂറ്റിനെത്തിയാല് മുമ്പുണ്ടായിരുന്ന അതേ സാഹചര്യമാണ് ഇനിയും ഉണ്ടാകാന്‍ പോകുന്നത്.
ഇതുകൊണ്ടുതന്നെ ഒരു പ്രദേശത്തു മാത്രം ശക്തമായി പുനരാരംഭിച്ച മണല്‍കടത്ത് കര്‍ശനമായി തടയുകയും മറ്റിടങ്ങളിലേക്ക് അത് വ്യാപിപ്പിക്കാതിരിക്കുന്നതിനുള്ള നടപടി ശക്തമാക്കുകയും വേണം. മണല്‍കടത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടികൂടുകയും വേണം.തലച്ചുമടായുള്ള മണല്‍കടത്തും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: