കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജ് ക്യാമ്പസിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി നീക്കിവെച്ച സ്ഥലത്ത് അഡീഷണല്‍ സ്കില്‍ഡ് അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കെട്ടിടത്തിന്റെ പണി ആരംഭിച്ചത് കായിക പ്രേമികളുടെ പ്രതിഷേധത്തിന് കാരണമായി. 2015 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചതാണ് ഇന്‍ഡോര്‍ സ്റ്റേഡിയം. വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇവിടെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഒന്നരയേക്കര്‍ സ്ഥലം നീക്കിവെച്ചിരുന്നു. എന്നാല്‍ ഗവ. കോളേജിലെ രണ്ടു പ്രിന്‍സിപ്പള്‍മാര്‍ ഇതിന് തടസവാദം ഉന്നയിക്കുകയും എന്‍ ഒ സി നല്കാന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം നീണ്ടു പോയത്. അന്നത്തെ കായിക മന്ത്രിയായിരുന്ന കെ.ബി ഗണേഷ് കുമാര്‍ ഓരോ ജില്ലയിലും അനുവദിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിലൊന്ന് കാസര്‍കോടിന് അനുവദിക്കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഇക്കാര്യമറിയിച്ചത്. 26 കോടി രൂപയിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്. സ്ഥലം സംബന്ധിച്ചുള്ള തര്‍ക്കം കാരണം കാസര്‍കോടിന് അനുവദിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം മന്ത്രി ഗണേഷ് തന്റെ സ്വന്തം ജില്ലയായ കൊല്ലത്തേക്ക് മാറ്റുകയായിരുന്നു. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെ പരിപാടികള്‍ കൊല്ലത്തെ ഈ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടന്നത്.
അഡീഷണല്‍ സ്കില്‍ഡ് അക്വിസിഷന്‍ പ്രോഗ്രാമിന്റെ കെട്ടിടം നിര്‍മ്മിക്കുന്നതിനായി കോളേജ് ക്യാമ്പസില്‍ ഇഷ്ടം പോലെ സ്ഥലം കിടക്കുമ്പോഴാണ് സ്റ്റേഡിയത്തിനായി നീക്കിവെച്ച സ്ഥലത്ത് ഇപ്പോള്‍ അസാപിന്റെ കെട്ടിടം പണി ആരംഭിച്ചിരിക്കുന്നത്. ഗവ.കോളജ് പിടിഎ കമ്മറ്റി, ഓള്‍ഡ് സ്റ്റുഡന്‍സ്, കലക്ടര്‍ ചെയര്‍മാനായ ഡവലപ്മെന്റ് കമ്മറ്റി എന്നിവ യോഗം ചേര്‍ന്ന് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. പക്ഷെ സ്ഥലത്തിന്റെ പേരില്‍ രണ്ടു പ്രിന്‍സിപ്പള്‍മാര്‍ തടസവാദം ഉന്നയിച്ചതോടെയാണ് തര്‍ക്കമുണ്ടാവുകയും സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം മുടങ്ങുകയും ചെയ്തത്. കോളേജ് അധികൃതരില്‍ ചിലരുടെ സമീപനമാണ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയാതെ പോയത്. ഇപ്പോള്‍ സ്റ്റേഡിയത്തിനനുവദിച്ച സ്ഥലത്ത് കെട്ടിടത്തിനുള്ള തൂണ് സ്ഥാപിക്കുന്നതിനുള്ള കുഴികളെടുത്തു കഴിഞ്ഞിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്നും ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ ആധുനിക ഇന്‍ഡോര്‍ സ്റ്റേഡിയമെന്ന കാസര്‍കോടിന്റെ ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കാതെ പോകുമോയെന്ന ഭീതിയിലാണ് കായിക പ്രേമികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: