തൃശൂര്‍: സംസ്ഥാനത്ത് മറ്റു ജില്ലകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ടു ചെയ്ത പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലും മൃഗസംരക്ഷണവകുപ്പ് മുന്‍കരുതലുകള്‍ ശക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ പക്ഷിപ്പനി സംബന്ധിച്ച ജില്ലയില്‍ ആശങ്ക വേണ്ടെന്ന് ജില്ല മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.എസ്.തിലകന് പറഞ്ഞു.
പക്ഷിപ്പനി പോലുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് ബ്ലോക്ക്തലത്തില്‍ ദ്രുതകര്‍മ സേനകളെ സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടറും ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടറും അറ്റന്ഡറുമടങ്ങുന്ന മൃഗസംരക്ഷണവകുപ്പിന്റെ ടീം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ജില്ലയിലെ കോള്‍പാടങ്ങള്‍, ദേശാടന പക്ഷികള്‍ വന്നണയുന്ന പതിവ് സ്ഥലങ്ങള്‍ എന്നിവ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പക്ഷികളുടെ ഏതെങ്കിലും തരത്തിലുള്ള അസ്വഭാവിക മരണങ്ങള് ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ടു ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പറവട്ടാനിയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ല വെറ്ററിനറി കേന്ദ്രത്തിന്റെ ലാബില്‍ സൗജന്യമായി പക്ഷിപ്പനി ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും കിറ്റും ലഭ്യമാക്കിയിട്ടുണ്ട്. അസുഖത്തിന്റെ സംശയലക്ഷണങ്ങളുണ്ടെങ്കില് ഇവിടെ കോഴികളേയും താറാവുകളേയും പരിശോധിക്കാന്‍ സൗകര്യമുണ്ട്. കോഴികളും താറാവുകളും കൂട്ടത്തോടെ ചത്തുവീഴുന്നുണ്ടെങ്കില് ലാബില്‍ പരിശോധിക്കാന്‍ എത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലയിലെ ഫാമുകളും മൃഗസംരക്ഷണവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മാര്‍ക്കറ്റുകളിലും പരിശോധനകള്‍ നടക്കുന്നുണ്ട്. തൃശൂര്‍ മൃഗശാലയില്‍ ഇതുവരെയും പക്ഷിപ്പനി സംബന്ധിച്ച പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെങ്കിലും മുന്‍കരുതലുകള്‍ എടുക്കുന്നതിനും പക്ഷികളെ നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷികള്‍ അസ്വഭാവികമായി കൂട്ടത്തോടെ ചത്തുവീഴുന്നത് കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സംരക്ഷിതകവചങ്ങളടക്കമുള്ള സുരക്ഷാക്രമീകരണങ്ങള്‍ താലൂക്ക് തലങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: