പാലക്കാട്: തസ്തിക നിര്‍ണയത്തെ തുടര്‍ന്ന് സ്കൂളുകളില്‍ ഡിവിഷന് കുറവുമൂലം പുറത്തായ നാലായിരത്തോളം അധ്യാപകരുടെ ശമ്പളം പ്രതിസന്ധിയില്‍. ശമ്പളത്തെച്ചൊല്ലി പ്രധാനധ്യാപകരുമായി നടക്കുന്ന തര്‍ക്കം തുടരുകയാണ്.
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറത്തായ അധ്യാപകരുടെ ശമ്പളം വിതരണം ചെയ്യുന്നത് പ്രധാനാധ്യപകര്‍ നിര്‍ത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ശമ്പളം തടഞ്ഞതോടെ പുറത്തായ അധ്യാപകര്‍ പ്രധാനാധ്യാപകര്ക്കുനേരെ തിരിഞ്ഞു.
തസ്തിക നിര്‍ണയ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തില്‍ ശമ്പള വിതരണം സംബന്ധിച്ച് പുതിയ സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍, മെയ് മാസങ്ങളില്‍ പുറത്തുവന്ന തസ്തിക നിര്‍ണയ ഉത്തരവു പ്രകാരം ചില പ്രധാനാധ്യാപകര്‍ പുറത്തായവരുടെ ശമ്പളം തടയുകയായിരുന്നു.
ഇതുമൂലം ശമ്പളം തുടര്‍ന്നു നല്‍കുന്നതിന് നിലവില്‍ ഉത്തരവുകളുടെ പിന്‍ബലമില്ലാത്തതിനാല്‍ പ്രധാനാധ്യാപകര്‍ ഇവരുടെ ശമ്പളം തടഞ്ഞുവെയ്ക്കുകയാണ്. 2010-12 മുതല്‍ ഇത്തരത്തില്‍ പുറത്താകുന്നവരെ സംരക്ഷിച്ചുകൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ ശമ്പളം നല്‍കിയിരുന്നു. ഇക്കാര്യം പറഞ്ഞാണ് പ്രതിഷേധക്കാര്‍ ശമ്പളം നല്കാന് ആവശ്യപ്പെടുന്നത്. 2016 ജനുവരി 29ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തസ്തിക നിര്ണയംനടത്തി ഉത്തരവിറക്കിയത്. തസ്തിക നിര്‍ണയ ഉത്തരവ് കൈപ്പറ്റുന്നതോടെ പുറത്താകുന്ന അധ്യാപകരുടെ ശമ്പളം വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഇത്തരം സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിക്കുന്ന ജോലി ചില ജില്ലകളില്‍ നടക്കുന്നുണ്ട്. പക്ഷേ പുനര്‍വിന്യസിച്ചുകൊണ്ട് ഉത്തരവു നല്‍കിയെങ്കിലും മുഴുവനും പ്രാബല്യത്തിലായില്ല. അധ്യാപക ഒഴിവുള്ള സര്‍ക്കാര്‍ സ്കൂളുകളിലേക്കും എയ്ഡഡ് സ്കൂളുകളിലേക്കും അധ്യാപകരെ വിന്യസിച്ചുകൊണ്ടുള്ള ഉത്തരവാണ് നല്‍കിയത്. എന്നാല്‍ ഇതിനെതിരെ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ 2016-17ലെ തസ്തിക നിര്‍ണയം നടത്തിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുകയും ചെയ്യും.
പുറത്താകുന്ന അധ്യാപകരുടെ ശമ്പള കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നാണ് അധ്യാപകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: