പാലക്കാട്: നഗരപരിധിയിലെ പുനരധിവസിപ്പിക്കപ്പെടാന്‍ യോഗ്യരായ കച്ചവടക്കാര്‍ക്ക് നവംബര്‍ 30നകം തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. ഇതിലേക്കായി 678 തെരുവോര കച്ചവടക്കാരുടെ പട്ടിക നഗരസഭ തയാറാക്കി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ 2013ലെ തെരുവോര കച്ചവടക്കാരെ സംബന്ധിച്ച പുനരധിവാസ നിയമത്തിന്റെ ചുവടുപിടിച്ചാണു നടപടികള്‍. ഈ നിയമപ്രകാരം കച്ചവടക്കാരുടെ പട്ടിക തയാറാക്കുന്ന ആദ്യ നഗരസഭകളിലൊന്നാണ് പാലക്കാട്.
സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടിക ടൗണ്‍ ലെവല്‍ വെന്‍ഡിങ് കമ്മിറ്റി അംഗീകരിച്ചു. നഗരസഭ ചെയര്‍പഴ്സന്‍ അധ്യക്ഷയും നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍, തെരുവോര കച്ചവടക്കാരുടെ പ്രതിനിധികള്‍, വ്യാപാരി സംഘടനാ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അടങ്ങിയതാണ് കമ്മിറ്റി.
തെരുവോര കച്ചവടക്കാരുടെ പേര്, ഫോട്ടോ, അവര്‍ ചെയ്യുന്ന കച്ചവടം, ഏതു മേഖലയില്‍, വിലാസം തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയല്‍ കാര്‍ഡിലുണ്ടാകും. ഈ കാര്‍ഡിലെ വിവരങ്ങള്‍ പൊലീസിനും പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കൈമാറും.
കച്ചവടക്കാരുടെ പുനരധിവാസം, അവര്‍ക്ക് ആവശ്യമായ ബങ്കുകള്‍ നിര്‍മിച്ചു നല്കല്, ആവശ്യമായ വായ്പ ലഭ്യമാക്കല്‍ തുടങ്ങിയ നടപടികളും സ്വീകരിക്കും. സര്‍വേയില്‍ വിട്ടുപോയ കച്ചവടക്കാരുണ്ടെങ്കില് അവരെയും ഉള്‍പ്പെടുത്തുമെന്നും എന്നാല്‍ ഇതു കര്ശനപരിശോധനകളോടെയാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: