അഗളി: ഒരിടവേളയ്ക്കുശേഷം അട്ടപ്പാടിവനമേഖല വീണ്ടും കഞ്ചാവ് മാഫിയയുടെ താവളമാകുന്നു. രണ്ടുദിവസം മുമ്പ് മുരുഗളക്കടുത്ത് കിണത്തുക്കര വനത്തില്‍ അഗളി പോലീസ് കഞ്ചാവുതോട്ടം വെട്ടി നശിപ്പിച്ചിരുന്നു. കിണത്തുക്കരയിലെ തോട്ടത്തിലേക്ക് മൂന്ന് കിലോമീറ്ററോളം വഴിതെളിച്ച് സാഹസികമായാണ് പോലീസ് എത്തിയത്.
അട്ടപ്പാടിയില്‍ കോട്ടത്തറ, ആനക്കട്ടി, അഗളി തുടങ്ങിയയിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന സജീവമാണ്. അട്ടപ്പാടിയിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്ന് പോലീസിനും എക്സൈസിനും വിവരം ലഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ കഞ്ചാവുവില്‍പ്പന നടത്തിയ എട്ടുപേരെ ഈ മേഖലയില്‍നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒഡീഷയില്‍നിന്ന് കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്നുണ്ട്. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് ഇത് വില്‍ക്കുന്നത്.
ആനവായ്, തുടുക്കി, ഗലസി, കടുകുമണ്ണ, ഭൂതയാര്‍, എടവാണി തുടങ്ങിയ വനമേഖലകളിലാണ് കഞ്ചാവുകൃഷിക്കാര് വീണ്ടും എത്തിയതെന്നാണ് സൂചന. മുമ്പ് കേരളത്തിലെ ഏറ്റവുംവലിയ കഞ്ചാവുമേഖല ആയിരുന്നു അട്ടപ്പാടി. വനം, എക്സൈസ്, പോലീസ് വകുപ്പുകള്‍ തുടര്‍ച്ചയായി നടത്തിയ സംയുക്ത റെയ്ഡുകളുടെ ഫലമായാണ് കഞ്ചാവ് മാഫിയ ഇല്ലാതായത്. അഹാഡ്സും ഊര് വികസന സമിതികളും പങ്കാളിത്ത വനപരിപാലന സമിതികളും ഇതിന് പൂര്‍ണ പിന്തുണ നല്കി. എന്നാല്‍ 2012ല്‍ അഹാഡ്സ് പദ്ധതി അവസാനിച്ചതോടെ റെയ്ഡുകളും കുറഞ്ഞു. ഇതാണ് കഞ്ചാവുകാരെ വീണ്ടും അട്ടപ്പാടിയിലേക്ക് ആകര്‍ഷിക്കുന്നത്.
മാവോവാദികള്‍ക്കുവേണ്ടിയുള്ള തെരച്ചിലുകളും വനത്തില്‍ നടന്നു. എന്നിട്ടും കഞ്ചാവുതോട്ടങ്ങള്‍ വളരുന്നത് അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്. അട്ടപ്പാടി വനങ്ങളില്‍നിന്ന് നിലമ്പൂര്‍ ഭാഗത്തേക്കും ഊട്ടി ഭാഗത്തേക്കും വനത്തിലൂടെ വഴിയുണ്ട്. ഇതും കഞ്ചാവ് കടത്തലിന് സഹായകമാണ്. അടുത്തിടെ വനപാലകര്‍ ചെറിയ തോട്ടങ്ങള്‍ നശിപ്പിച്ചിരുന്നു. മൂന്നുമാസംകൊണ്ട് വിളവെടുക്കാവുന്ന വിത്തുകളാണ് കഞ്ചാവുകൃഷിക്ക് ഉപയോഗിക്കുന്നതെന്നാണ് വനപാലകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: