പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകരോടുള്ള സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 1ന് വൈകിട്ട് 4ന് അയ്യപ്പന്റെ മൂലസ്ഥാനമായ പന്തളത്ത് വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് ധര്‍ണ്ണ നടത്തും. നവംബര്‍ 8ന് രാവിലെ 10ന് കളക്ടറേറ്റിലേക്ക് ആയിരങ്ങള്‍ പങ്കെടുക്കുന്ന ഭക്തജനമാര്‍ച്ച് നടത്തും. അതിനുശേഷം വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ ജില്ലയില്‍ യോഗം ചേര്‍ന്ന് ഭാവിപ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും.
കേരളത്തിലെ മൊത്തം ജനസംഖ്യയേക്കാള്‍ ഏറെ തീര്‍ത്ഥാടകരാണ് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ശബരിമലയില്‍ എത്തുന്നത്. ഈ തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് കടുത്ത ദുരിതങ്ങളും അസൗകര്യങ്ങളുമാണ്. ഈ ഭക്തജനങ്ങള്‍ക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങള്‍ പോലും ചെയ്യാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഇതുവരെ കഴിഞ്ഞിട്ടില്ല.
ഒരു തീര്‍ത്ഥാടന കാലം അവസാനിക്കിമ്പോള്‍ മുതല്‍ തന്നെ അടുത്ത തീര്‍ത്ഥാടനത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ടിടത്ത് തീര്‍ത്ഥാടന കാലത്തിന്റെ തലേമാസം പോലും ഒരുക്കങ്ങള്‍ ആരംഭിക്കാത്തത് ഗുരുതരമായ കൃത്യവിലോപമാണ്. ആദ്യംസര്ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ കൊമ്പുകോര്‍ക്കുകയും അതിനുശേഷം ഇപ്പോള്‍ രണ്ടുപേരും കൂടി ഒത്തുകളിക്കുകയുമാണ്. രണ്ടായാലും തീര്‍ത്ഥാടകര്‍ക്ക് ഫലം ദുരിതം തന്നെ. ഒരു തീര്‍ത്ഥാടന കാലത്ത് കേരളസര്‍ക്കാരിന് പതിനായിരം കോടിയിലധികം രൂപ ആഭ്യന്തരവരുമാനം നേടിക്കൊടുക്കുന്ന ശബരിമല തീര്‍ത്ഥാടനത്തെ സര്‍ക്കാര്‍ എത്രലാഘവത്തോടെയാണ് കാണുന്നതെന്ന് ഇതുവരെയുള്ള പ്രവര്ത്തനങ്ങള്ക്കൊണ്ട് ബോധ്യമാകുന്ന സംഗതിയാണ്. പുതിയ ശൗചാലയങ്ങള്‍, ശുദ്ധമായ കുടിവെള്ളം ഇവയ്ക്കുള്ള സംവിധാനം ഒരുക്കിയിട്ടില്ല. അതേ സമയം വഴിപാട് പ്രസാദമായ അപ്പത്തിനും അരവണയ്ക്കും വില കുത്തനെകൂട്ടി.
പുതിയ അരവണ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്ലാന്റ് പമ്പയില്‍ ഇരിക്കുകയാണ്. സന്നിധാനത്ത് യാതൊരുവിധ ക്രമീകരണങ്ങളും നടത്തിയിട്ടില്ല. ഇത്രയും കുറ്റകരമായ അനാസ്ഥയും ക്രൂരമായ അവഗണനയും മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടില്ല. ഇത് അയ്യപ്പ ഭക്തരോടുള്ള അവഗണനയും തീര്‍ത്ഥാടനത്തോടുള്ള വെല്ലുവിളിയുമായേ കാണാന്‍ കഴിയൂ. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ ഹിന്ദുഐക്യവേദിയും ഹൈന്ദവ സംഘടനകളും നിര്‍ബന്ധിതമായിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പി.എസ്.നരേന്ദ്രനാഥ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.സോമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: